'ബാഡ് ന്യൂസ്' ട്രെയിലർ ലോഞ്ചിനിടെ പ്രതികരിച്ച് തൃപ്തി; എല്ലാവരും നാഷണൽ ക്രഷ് എന്ന് വിളിക്കുന്നു
ആനിമൽ എന്ന ഒറ്റ ചിത്രത്തിലൂടെ നാഷണൽ ക്രഷ് എന്ന പട്ടം നേടിയ താരമാണ് തൃപ്തി ദിമ്റി. അതിലെ സോയ എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത സിനിമയുടെ മുഴുവൻ സ്കോറിന് മുകളിലായിരുന്നു. പലരും തൃപ്തിയെ കാണാൻ വേണ്ടി മാത്രം ആനിമൽ സിനിമ കണ്ടിട്ടുണ്ട്. എന്നാൽ ഇത്രക്കും കൊട്ടിയാഘോഷിക്കാൻ മാത്രം ആ കഥാപാത്രം അവിസ്മരണീയമാണോ?
പുതിയ ചിത്രം ബാഡ് ന്യൂസിന്റെ ട്രെയിലർ ലോഞ്ചിനിടെ തൃപ്തി നേരിട്ട ചോദ്യമായിരുന്നു നാഷണൽ ക്രഷ് എന്ന വിളിപ്പേരിരെ കുറിച്ച്. അതിന് തൃപ്തിയുടെ മറുപടി ഇങ്ങനെ. "എന്റെ അനുഭവത്തിൽ നിന്ന് എനിക്കാദ്യം ദൈവത്തോട് നന്ദി പറയണം. ഇത്രയും വലിയ ഭാഗ്യം തന്നതിന്. ഞാൻ കുറേ ചിത്രങ്ങൾ ചെയ്തു. കരിയറിന്റെ തുടക്കത്തിൽ കൂടുതലും പഴയകാലത്തെ കഥ പറയുന്ന സിനിമകളായിരുന്നു ചെയ്തത്, പിന്നെ അവസാനം ഇറങ്ങിയ ചിത്രവും. പ്രേക്ഷകരുടെ അടുത്ത് നിന്നും ഒരുപാട് സ്നേഹം എനിക്ക് ലഭിച്ചു."

"ജനങ്ങൾക്ക് എന്റെ വർക്ക് ഇഷ്ടപ്പെടുന്നു എന്നതും എനിക്ക് സന്തോഷം ഉണ്ടാക്കുന്നുണ്ട്. ഇന്റസ്ട്രിയിൽ വന്നപ്പോൾ എനിക്ക് ഒരേയൊരു ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്. ആളുകൾ എന്റെ വർക്കുകളെ കുറിച്ച് സംസാരിക്കണം എന്ന്. ഭാഗ്യവശാൽ എന്റെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ ആളുകൾ ആ ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കുകയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്. സത്യത്തിൽ ഇത്തരം സിനിമാ ചർച്ചകളാണ് അഭിനേതാക്കൾക്ക് പ്രചോദനമാവുന്നത്. അവരിലെ അഭിനേതാവിനെ കൂടുതൽ മികവുറ്റതാക്കാൻ ഇത്തരം വിമർശനങ്ങളും സഹായിക്കും. അങ്ങനെ ചിന്തിച്ചാൽ എനിക്ക് ഒരുപാട് ഭാഗ്യമുണ്ട്." തൃപ്തി കൂട്ടിച്ചേർത്തു.
ആനിമൽ എന്ന ചിത്രത്തിലെ തൃപ്തിയും രൺബീറും ഒരുമിച്ചുള്ള രംഗങ്ങളെല്ലാം വൈറലായിരുന്നു. പലതരത്തിലുള്ള വിമർശനങ്ങളാണ് ആ കഥാപാത്രത്തിനെതിരെ ഇരുവരും നേരിട്ടത്. തൃപ്തിയുടെ മറ്റു ചിത്രങ്ങൾ വെച്ച് നോക്കുമ്പോൾ ആനിമൽ ഒരു കരിയർ ബെസ്റ്റ് പെർഫോമൻസ് ഒന്നുമല്ല. പക്ഷേ ആ ഒറ്റ ചിത്രം താരത്തിന്റെ തലവര മാറ്റി. അതുവരെ രാഷ്മിക മന്ദാനയെ നാഷണൽ ക്രഷ് എന്ന് വിളിച്ചിരുന്നവർ ഇന്ന് തൃപ്തിക്ക് ആ പേര് കൊടുത്തിരിക്കുന്നു. ഏതായാലും ആ വിളിപ്പേര് താരം ആസ്വദിക്കുന്നുണ്ടെന്ന് തൃപ്തിയുടെ വാക്കുകളിൽ നിന്ന് വ്യക്തം.
പുതിയ ചിത്രമായ ബാഡ് ന്യൂസിനെ കുറിച്ച് തൃപ്തി ഒരുപാട് സംസാരിച്ചു. "ബാഡ് ന്യൂസ് ഷൂട്ടിംഗ് സെറ്റ് ശരിക്കുമൊരു കുടുംബം പോലെയാണ് തോന്നിയത്. ദിവസവും ഞങ്ങൾ ഒരുമിച്ചിരുന്ന് തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുമായിരുന്നു. ഇത് ശരിക്കും ഒരു പ്രധാനപ്പെട്ട ദിവസമാണ്. ഞാൻ സിനിമയിൽ വന്നിട്ട് ഇന്നേക്ക് 6 വർഷം തികയുന്നു. മാത്രമല്ല ഈ 6 വർഷത്തിനിടെ എന്റെ ആദ്യ കൊമേഴ്ഷ്യൽ ഹിന്ദി ചിത്രവും ആദ്യ ട്രെയിലർ ലോഞ്ച് ഫങ്ഷനുമാണ് ഇത്. എന്നെ വിശ്വസിച്ച് ഈ അവസരം തന്ന എല്ലാവർക്കും നന്ദി."

കരയറിൽ ആദ്യത്തെ കോമഡി ചിത്രം ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് തൃപ്തി. ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലൂടെ തൃപ്തി കരയിപ്പിച്ചിട്ടുണ്ട്. "കരയിക്കുവാനാണ് പ്രയാസം എന്നായിരുന്നു ഇതുവരെ കരുതിയത്. എന്നാൽ അതിലും പ്രയാസമുള്ള കാര്യം മറ്റുള്ളവരെ ചിരിപ്പിക്കാനാണെന്ന് ബാഡ് ന്യൂസിലൂടെ മനസിലായി." തൃപ്തി കൂട്ടിച്ചേർത്തു.
വിക്കി കൗഷാൽ, തൃപ്തി ദിമ്റി, അമ്മി വിർഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് തിവാരി സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ് ബാഡ് ന്യൂസ്. ചിത്രം ജൂലൈ 19ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.


Click it and Unblock the Notifications











