മകൻ്റെ കരിയർ രക്ഷിക്കാൻ ബച്ചൻ ആ പടത്തിൻ്റെ റിലീസ് തടഞ്ഞു; ഗുരുതര വിമർശനവുമായി അനുരാഗ് കശ്യപ്
ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. നടപ്പുരീതികള്‍ക്കെതിരെ സഞ്ചരിക്കുന്നതും കാലങ്ങളോളം നിലനില്‍ക്കാന്‍ ശേഷിയുള്ളതുമാണ് അനുരാഗ് കശ്യപിന്റെ സിനിമകള്‍. ഗ്യാങ്‌സ് ഓഫ് വസീപൂര്‍, ദേവ് ഡി, വെനസ്‌ഡേ, തുടങ്ങി ചെയ്ത ഓരോ സിനിമയും ഒന്നിനൊന്ന് വ്യത്യസ്തവും ഫിലിം മേക്കിംഗിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളുമാണ്.
മനോജ് വാജ്‌പേയ് മുതല്‍ നവാസുദ്ദീന്‍ സിദ്ധീഖി മുതല്‍ രാജ് കുമാര്‍ റാവുവും റിച്ച ഛദ്ദയും വരെ ബോളിവുഡിലെ മികച്ച അഭിനേതാക്കളുടെ കരിയറിലും അനുരാഗിനുള്ള സ്വാധീനം വളരെ വലുതാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്താന്‍ സാധിക്കുന്നതാണ് അനുരാഗ് കശ്യപിന്റെ കരിയര്‍. അതേസമയം തന്റെ സിനിമകള്‍ പോലെ തന്നെ ഒഴുക്കിനെതിരെ നീന്തുന്നവനാണ് അനുരാഗ് കശ്യപും.
തന്റെ അഭിപ്രായങ്ങളും നിലപാടുകളും യാതൊരു മറയുമില്ലാതെ തുറന്ന് പറയുന്നതാണ് അനുരാഗിന്റെ ശീലം. ആരേയും ഭയക്കാതെ തന്നെ അത് പറയുകയും ചെയ്യും. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ എന്നും അനുരാഗിനൊപ്പമുണ്ടാകും. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ ഇത്തരത്തില്‍ അനുരാഗിന്റെ ശത്രുക്കളായി മാറിയിട്ടുണ്ട്. എങ്കിലും അനുരാഗ് തന്റെ രീതികളിലും നിലപാടിലും മാറ്റം വരുത്തിയിട്ടില്ല.

ഒരിക്കല്‍ ബോളിവുഡിന്റെ ബിഗ് ബി, സാക്ഷാല്‍ അമിതാഭ് ബച്ചനെതിരെ പോലും അനുരാഗ് ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് സംസാരിക്കവരെയാണ് അനുരാഗ് ബച്ചനെതിരെ പരാമര്‍ശം നടത്തുന്നത്. ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജവീമാകുന്നതിനും ഒരുപാട് മുമ്പായിരുന്നു അനുരാഗിന്റെ പ്രതികരണം.
തന്റെ മകന് വേണ്ടി മറ്റൊരു സിനിമയുടെ റിലീസ് അമിതാഭ് ബച്ചന്‍ തടഞ്ഞുവച്ചുവെന്നാണ് അനുരാഗ് ഒരിക്കല്‍ ആരോപിച്ചത്. 2012 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ചിറ്റഗോംഗ്. മനോജ് വാജ്‌പേയ്, നവാസുദ്ദീന്‍ സിദ്ദീഖി, രാജ്കുമാര്‍ റാവു എന്നിവരെ പ്രധാന വേഷങ്ങളില്‍ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ബേദബ്രത പെയ്ന്‍ ആണ്. ബ്രിട്ടീഷ് കാലത്ത് ചിറ്റഗോംഗില്‍ നടന്ന പ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കുന്നതാണ് ചിത്രം.

സത്യത്തില്‍ 2010 ല്‍ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ചിറ്റഗോംഗ്. അതേ വര്‍ഷം റിലീസ് ചെയ്ത മറ്റൊരു ചിത്രമാണ് ഖേലേന്‍ ഹം ജീ ജാന്‍ സേ. അഭിഷേക് ബച്ചന്‍ നായകനായ ഈ ചിത്രത്തിന്റെ കഥയും ചിറ്റഗോംഗിന്റേതിന് ആധാരമായ ചരിത്രസംഭവമാണ്. തന്റെ മകന്റെ സിനിമ ആദ്യം റിലീസ് ചെയ്യാന്‍ വേണ്ടി അമിതാഭ് ബച്ചന്‍ അന്ന് കരുനീക്കം നടത്തിയെന്നാണ് തന്റെ ബ്ലോഗിലൂടെ ഒരിക്കല്‍ അനുരാഗ് തുറന്നടിച്ചത്.
''ചിറ്റഗോംഗ് കാണൂ. അതേ വിഷയത്തില്‍ ഒരുക്കിയ ഖേലേന്‍ ഹം ജീ ജാന്‍ സേയേക്കാള്‍ ഒരുപാട് മികച്ച സിനിമ. എട്ടിലൊന്ന് ബജറ്റില്‍, കൂടുതല്‍ നല്ല അഭിനേതാക്കളെ വച്ച്, അതിയായ പാഷനോടെ ഒരുക്കിയ സിനിമ. പക്ഷെ നിര്‍മ്മാതാക്കള്‍ ചിത്രം റിലീസ് ചെയ്തില്ല. ഒരാളില്‍ നിന്നും വന്ന ഒരു ഫോണ്‍ കോള്‍ ആയിരുന്നു കാരണം. അയാള്‍ക്ക് തന്റെ മകന്റെ കരിയര്‍ രക്ഷിച്ചെടുക്കണമായിരുന്നു. ബോളിവുഡിലേക്ക് സ്വാഗതം. ഇവിടെ കഴിവല്ല, നിങ്ങള്‍ ആരുടെ മകനാണെന്നതാണ് കാര്യം. ആ ചിത്രം വന്നു പോയി. എന്നിട്ടെന്തായി'' എന്നാണ് അനുരാഗ് ബ്ലോഗില്‍ പറഞ്ഞത്.
പിന്നീട് മുംബൈ മിററിനോട് ഇതേക്കുറിച്ച് അമിതാഭ് ബച്ചന്‍ പ്രതികരിക്കുകയുണ്ടായി.'' ഇത് അടിസ്ഥാന രഹിതമാണ്. ഈ മാന്യതയില്ലാത്ത പ്രസ്താവനയെക്കുറിച്ച് സംസാരിച്ച് അതിന് മാന്യതയുണ്ടാക്കി കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'' എന്നായിരുന്നു ബച്ചന്റെ പ്രതികരണം. കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണല്ലോ.
വര്‍ഷങ്ങള്‍ക്ക് ശേഷം അനുരാഗും അഭിഷേകും സുഹൃത്തുക്കളായി മാറി. അനുരാഗ് സംവിധാനം ചെയ്ത മന്‍മര്‍സിയാനില്‍ അഭിഷേക് നായകനായി അഭിനയിക്കുകയും ചെയ്തു. ജൂനിയര്‍ ബച്ചന്റെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് ചിത്രമായിരുന്നു ഇത്.


Click it and Unblock the Notifications











