സംഭവിച്ചതെല്ലാം ഞാനും മലൈകയും മറന്നു; ഞങ്ങൾക്ക് ഒരു കുട്ടിയേ ഉള്ളു, അവനുവേണ്ടി എന്നും ഒന്നിച്ചുണ്ടാകും: അർബാസ്
ബോളിവുഡിൽ ഏറെ ആരാധകരുണ്ടായിരുന്ന താരദമ്പതികളായിരുന്നു ഒരുകാലത്ത് മലൈക അറോറയും അര്‍ബാസ് ഖാനും. ഇരുപത് വര്‍ഷത്തിനടുത്ത് ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്.
വലിയ വാര്‍ത്തയായി മാറിയ വിവാഹ മോചനമായിരുന്നു അര്‍ബാസിന്റേയും മലൈകയുടേയും. അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്.
പക്ഷെ ഇന്ന് അതെല്ലാം മറന്ന് നല്ല സൗഹൃദത്തിലാണ് ഇരുവരും. മകന്റെ കാര്യങ്ങൾക്കെല്ലാം ഇവർ ഒന്നിച്ചെത്തി മറ്റു പല ദമ്പതിമാർക്കും മാതൃകയാകാറുണ്ട്.
നിരവധി പേരാണ് അതിന്റെ പേരിൽ അവരെ അഭിനന്ദിച്ച് രംഗത്ത് എത്താറുള്ളത്. ഇപ്പോഴിതാ, ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മകന്റെ കാര്യങ്ങളിൽ താനും മലൈകയും ഒന്നിച്ചെത്തുന്നത് എന്തുകൊണ്ടാണെന്ന് പറയുകയാണ് അർബാസ് ഖാൻ.

'വിവാഹിതരായ രണ്ടു പേർ വേർപിരിയുന്നത് അവാരുടെ വ്യക്തിപരമായ കാര്യങ്ങളെ തുടർന്നായിരിക്കാം. പ്രതീക്ഷിക്കുന്ന രീതിയിൽ രണ്ടുപേർക്കും അവരുടെ ജീവിതത്തിൽ ഒത്തുപോകാൻ കഴിയാത്തത് കൊണ്ടാകാം,'
'എന്റെയും മലൈകയുടെയും കാര്യമല്ല, പൊതുവെ ഉണ്ടാകുന്ന കാര്യമാണ് പറയുന്നത്. അവർക്ക് ഒരു കുട്ടിയുണ്ടെങ്കിൽ അവർക്കിടയിലെ പ്രശ്‌നം ഒരിക്കലും ആ കുട്ടിയോട് ഉണ്ടാവണം എന്നില്ല,'
'പല ദമ്പതികൾക്കും പല പ്രശ്നങ്ങൾ ആകാം. ഞാനും മലൈകയും അതെല്ലാം മറികടന്നു, ഞങ്ങൾക്കിടയിൽ സംഭവിച്ചതെല്ലാം മറന്നു, ഇനി മുന്നിലുള്ളതാണ് ജീവിതമെന്ന് തിരിച്ചറിഞ്ഞു,'
'ഞങ്ങൾ രണ്ടു പേരും ഏറെ മുന്നോട്ട് പോയി. ഞങ്ങൾക്കിടയിൽ വിരോധമോ ദേഷ്യമോ നിരാശയോ അങ്ങനെ ഒന്നും ഇപ്പോഴില്ല. അതെല്ലാം പോയി,' അർബാസ് ഖാൻ പറഞ്ഞു.
അങ്ങനൊരു സമയത്ത് സ്വന്തം കുട്ടിക്കു വേണ്ടിയെങ്കിലും ഒന്നിക്കാം. അവൻ ഞങ്ങളുടെ കുട്ടിയാണ്. ഞങ്ങളാണ് അവനെ ഈ ലോകത്തേക്ക് കൊണ്ടുവന്നത്. അവനെ നോക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും അർബാസ് ഖാൻ പറയുന്നു.
അതേസമയം, മകന് മുന്നിലെ ഇവരുടെ ഒത്തുചേരലും സ്നേഹവുമെല്ലാം കാപട്യമാണെന്നും പലരും പറഞ്ഞിരുന്നു. അതിനോടും നടൻ പ്രതികരിക്കുന്നുണ്ട്.
'ആളുകൾ എന്തും എന്തും പറയും, അതൊന്നും നമ്മുടെ വിഷയങ്ങളല്ല. ഇവരെല്ലാം ക്യാമറകൾക്ക് മുന്നിൽ നമ്മൾ എന്ത് ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്,'
'ഞങ്ങളുടെ വീട്ടിൽ എന്താണ് നടക്കുന്നതെന്ന് ഇവരൊന്നും കാണുന്നില്ല. ഇതൊന്നും വെറുതെ പൊതുഇടങ്ങളിൽ എത്തുമ്പോഴുള്ള പ്രഹസനങ്ങളല്ല,'
'ഞങ്ങൾ ഒരുമിച്ച് അർഹന്റെ ജന്മദിനം ആഘോഷിക്കുക്കാറുണ്ട്. എന്റെ മകന്റെ ജോലി, കരിയർ അല്ലെങ്കിൽ അവന്റെ ഉത്തരവാദിത്തങ്ങൾ, ആവശ്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഞാനും മലൈകയും നിരന്തരം സംസാരിക്കാറുണ്ട്,'
'എന്റെ മകന്റെ കാര്യങ്ങൾ അറിയാൻ ഞാൻ എന്റെ മുൻ ഭാര്യയോട് സംസാരിക്കുന്നതിന് ആശ്ചര്യപ്പെടാൻ മാത്രം എന്തിരിക്കുന്നു. അവനെ ഫോണിൽ കിട്ടിയില്ലെങ്കിൽ ഞാൻ അടുത്തതായി വിളിക്കുന്നത് അവന്റെ അമ്മയായ എന്റെ മുൻ ഭാര്യയെയാണ്,' അർബാസ് ഖാൻ പറഞ്ഞു.
'ഞാനും മലൈകയും വേർപിരിഞ്ഞു, അതുകൊണ്ട് ഞാനും മലൈകയും ഞങ്ങളുടെ കാര്യങ്ങൾ മാത്രമേ നോക്കൂ എന്ന് വിചാരിച്ചിരിക്കുന്നവർ നിഷ്കളങ്കരാണ്,'
'വേർപിരിഞ്ഞ മാതാപിതാക്കൾ പരസ്പരം സംസാരിക്കുന്നത് നിർത്തിയാൽ അത് കുട്ടിക്ക് വലിയ ട്രോമ നൽകും. ഭാഗ്യത്തിന് ഞങ്ങളുടെ കുടുംബത്തിന് ആ ഭയമില്ല,'
അച്ഛനും അമ്മയും എല്ലാം മറന്നെന്ന് അർഹാൻ തന്നെ സമ്മതിച്ചതാണ്. അവനും ഇപ്പോൾ സുഖമായിരിക്കുന്നു എന്നും അർബാസ് ഖാൻ പറഞ്ഞു.
മകന്റെ കാര്യങ്ങൾ ഒരുമിച്ച് നോക്കുന്നത് ഇനിയും തുടരുമെന്ന് അർബാസ് അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. 'ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഞങ്ങൾ ഇതെല്ലാം ചെയ്യുന്നത് നമ്മുടെ മകന് വേണ്ടിയാണ്,
'ഞാനും മലൈകയും രണ്ടു വഴിയിലാണ് എന്നത് നിഷേധിക്കുന്നില്ല. എന്നാൽ ഞങ്ങൾ പരസ്പരം നല്ല സൗഹൃദത്തിലാണ്,'
'ഞങ്ങൾ മകന്റെ എല്ലാ കാര്യങ്ങളിലും ഒരുമിച്ചാണ്. അത് ഞങ്ങൾ തുടരുക തന്നെ ചെയ്യും. ഞങ്ങൾക്ക് ഒരു കുട്ടിയേ ഉള്ളൂ,' അർബാസ് പറഞ്ഞു.

1998 ലായിരുന്നു മലൈകയുടെയും അര്‍ബാസിന്റേയും വിവാഹം. നീണ്ട നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2017 ല്‍ ഇരുവരും പിരിയുകയായിരുന്നു.
വിദേശത്ത് പഠിക്കുന്ന മകനെ സ്വീകരിക്കാന്‍ ഇരുവരും ഒരുമിച്ച് എയര്‍പോര്‍ട്ടിലെത്തിയതും ഒരുമിച്ച് യാത്രയാക്കിയതുമൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
അര്‍ബാസുമായി പിരിഞ്ഞ ശേഷം മലൈക നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണ്. അര്‍ബാസും പ്രണയത്തിലാണ്, നടിയും മോഡലുമായ ജോര്‍ജിയയാണ് അര്‍ബാസിന്റെ കാമുകി.


Click it and Unblock the Notifications











