സല്‍മാനേക്കാള്‍ പ്രതിഫലം; ഭര്‍ത്താവിനെ രക്ഷിക്കാന്‍ കൈവിട്ട കളി; ഭാഗ്യശ്രീയെ തകര്‍ത്തതും ഭര്‍ത്താവ്
ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു ഭാഗ്യശ്രീ. സൗന്ദര്യംകൊണ്ടും അഭിനയം കൊണ്ടും ഒരുതലമുറയുടെ പ്രിയങ്കരിയായി മാറിയ താരം. പലരും പത്തോ പതിനഞ്ചോ സിനിമകള്‍ കൊണ്ട് എത്തുന്ന ഉയരത്തിലേക്ക് ഭാഗ്യശ്രീ എത്തിയ്ത. ആദ്യ സിനിമയിലൂടെയാണ്. സാക്ഷാല്‍ സല്‍മാന്‍ ഖാന്റെ ഒപ്പം അഭിനയിച്ച ചിത്രത്തില്‍ പോലും കൂടുതല്‍ പ്രതിഫലം ലഭിച്ചതും കയ്യടി നേടിയതുമെല്ലാം ഭാഗ്യശ്രീയായിരുന്നു.
90 കളിലെ പകരം വെക്കാനില്ലാത്ത താരമാണ് ഭാഗ്യശ്രീ. സൂരജ് ബര്‍ജാത്തിയ ഒരുക്കിയ മേനെ പ്യാര്‍ കിയ എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യശ്രീയുടെ അരങ്ങേറ്റം. 1989 ല്‍ പുറത്തിറങ്ങിയ സിനിമയിലെ നായകന്‍ സല്‍മാന്‍ ഖാന്‍ ആയിരുന്നു. ചിത്രത്തില്‍ സല്‍മാനേക്കാള്‍ പ്രതിഫലം വാങ്ങിയാണ് ഭാഗ്യശ്രീ അഭിനയിച്ചത്. ചിത്രം വലിയ വിജയമായി മാറി. ഭാഗ്യശ്രീ ആരാധകരുടെ പ്രിയങ്കയായി മാറി. ഇന്നും ഭാഗ്യശ്രീയെ ആരാധകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് ഭാഗ്യശ്രീ വിവാഹിതയാകുന്നത്. മേനെ പ്യാര്‍ കിയയില്‍ അഭിനയിക്കുമ്പോള്‍ തന്നെ ഭാഗ്യശ്രീയും ഹിമാലയ ദസനിയും പ്രണയത്തിലായിരുന്നു. സല്‍മാന്‍ ഖാന്‍ ഇരുവരുടേയും പ്രണയത്തിന് പിന്തുണയുമായി കൂടെ തന്നെയുണ്ടായിരുന്നു. സിനിമ പുറത്തിറങ്ങി വലിയ വിജയമായി മാറിയതിന് പിന്നാലെ ഭാഗ്യശ്രീ വിവാഹ ജീവിതത്തിലേക്ക് കടന്നു. 1990 ലാണ് ഭാഗ്യശ്രീയും ഹിമാലയയും വിവാഹം കഴിക്കുന്നത്.
ഭാഗ്യശ്രീ ബോളിവുഡിന്റെ ശ്രീയായി മാറുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. സൂപ്പര്‍ താരമാകാനുള്ളതെല്ലാം ഭാഗ്യശ്രീയ്ക്കുണ്ടായിരുന്നു. ആരേയും മയക്കുന്ന സൗന്ദര്യവും അഭിനയ മികവുല്ലാം ഒരുപോലെ ഒത്തുച്ചേരുകയായിരുന്നു ഭാഗ്യശ്രീയില്‍. എന്നാല്‍ പിന്നീട് കണ്ടത് താരത്തില്‍ നിന്നും വിസ്മൃതിയിലേക്ക് വീഴുന്ന ഭാഗ്യശ്രീയെയാണ്. അതിന് കാരണമായി മാറിയതാകട്ടെ ഭാഗ്യശ്രീയുടെ ദാമ്പത്യ ജീവിതവും.
വലിയ താരമായിരിക്കെ വിവാഹം കഴിച്ച ഭാഗ്യശ്രീ പതിയെ സിനിമ വിട്ടു. വിവാഹ ശേഷം മൂന്ന് സിനിമകളിലാണ് ഭാഗ്യശ്രീ അഭിനയിച്ചിട്ടുള്ളത്. ഖെയ്ദ് മേം ഹേ ബുള്‍ബുള്‍, ത്യാഗി, പായല്‍. മൂന്നും പുറത്തിറങ്ങിയത് 1992ലാണ്. മൂന്നിലും നായകന്‍ ഭാഗ്യശ്രീയുടെ ഭര്‍ത്താവായ ഹിമാലയായിരുന്നു. എന്നാല്‍ മൂന്ന് സിനിമകളും പരാജയപ്പെട്ടു. സൂപ്പര്‍ താരമായ ഭാര്യയുടെ കൂടെ തുടരെ തുടരെ സിനിമകള്‍ ചെയ്തിട്ടും അഭിനയത്തില്‍ എവിടേയുമെത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
വിവാഹ ശേഷം അഭിനയത്തിലേക്ക് തിരികെ വരുമ്പോള്‍ ഭാഗ്യശ്രീ ഒരു നിബന്ധന വച്ചിരുന്നു. താന്‍ അഭിനയിക്കണമെങ്കില്‍ നായകന്‍ ഭര്‍ത്താവ് തന്നെയാകണം എന്നായിരുന്നു ആ നിബന്ധന. എന്നാല്‍ അത് ഭാഗ്യശ്രീയുടെ കരിയറിനെ തന്നെ നശിപ്പിക്കുന്ന തീരുമാനമായി മാറി. താരത്തെ തേടി സിനിമകള്‍ എത്തുന്നത് കുറഞ്ഞു. ഭര്‍ത്താവിനൊപ്പം അഭിനയിച്ച സിനിമകളാകട്ടെ ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തി വീഴുകയും ചെയ്തു.
എന്നാല്‍ തങ്ങളുടെ തീരുമാനത്തെ പ്രതിരോധിക്കുകയാണ് ഹിമാലയ ചെയ്തത്. തങ്ങള്‍ ആയിട്ട് ആരോടും സിനിമ ചോദിച്ച അങ്ങോട്ട് പോകാറില്ല. തങ്ങള്‍ ഒരുമിച്ച് അഭിനയിക്കണം എന്ന് ആഗ്രഹമുള്ളവര്‍ മാത്രമാണ് തങ്ങളെ തേടി വരുന്നതെന്നാണ് ഹിമാലയ പറഞ്ഞത്. എന്തായാലും ഭാഗ്യശ്രീയ്‌ക്കൊപ്പം താന്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന ഹിമാലയയുടെ നിര്‍ബന്ധ ബുദ്ധി അവരുടെ കരിയറിനെ തകര്‍ത്തു.
''ആ സമയത്ത് അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. ഞാനതിന് നിര്‍ബന്ധം പിടിച്ചിട്ടില്ലെങ്കിലും. അന്നത്തെ സിനിമകളുടെ സ്വഭാവവും വളരെ പൊസസീവ് ആയൊരു ഭര്‍ത്താവും ആകുമ്പോള്‍ അതായിരുന്നു ചെയ്തത്. അദ്ദേഹം വളരെയധികം പൊസസീവ് ആയിരുന്നു. അത് എന്റെ അവസരങ്ങളെ പരിമിതമാക്കി. അദ്ദേഹമില്ലാതെ കുറച്ച് സിനിമകളും ചെയ്തുവെങ്കിലും എനിക്ക് മുമ്പിലുള്ള സാധ്യതകള്‍ കുറഞ്ഞു. ഞാന്‍ റൊമാന്റിക് രംഗങ്ങള്‍ ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഞാന്‍ ഞങ്ങളുടെ ബന്ധത്തിന് പ്രാധാന്യം നല്‍കിയിരുന്നതിനാല്‍ അത്തരം സിനിമകള്‍ തിരഞ്ഞെടുക്കുക അസാധ്യമായി'' എന്നാണ് തന്റെ കരിയറിനെക്കുറിച്ച് പിന്നീട് ഭാഗ്യശ്രീ പറഞ്ഞത്.
രണ്ട് മക്കളാണ് ഭാഗ്യശ്രീയ്ക്കും ഹിമാലയ്ക്കുമുള്ളത്. മകന്‍ അഭിമന്യു ദസ്‌ന 2019 ല്‍ മര്‍ദ് കോ ദര്‍ദ് നഹി ഹോത്ത എന്ന ചിത്രത്തിലൂടെ അരങ്ങേറി. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയറും അഭിമന്യുവിനെ തേടിയെത്തി. പിന്നാലെ മകള്‍ അവന്തിക ദസനിയും സിനിമയിലെത്തി. മിഥ്യ എന്ന വെബ് സീരീസിലൂടെയായിരുന്നു മകളുടെ അരങ്ങേറ്റം. അതേസമയം ഒരിടവേളയ്ക്ക് ശേഷം ഭാഗ്യശ്രീയും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമകളിലും ഭാഗ്യശ്രീ അഭിനയിക്കുന്നുണ്ട്.
1989 ലാണ് ഭാഗ്യശ്രീയുടെ ആദ്യ സിനിമയായ മേനെ പ്യാര്‍ കിയ പുറത്തിറങ്ങുന്നത്. ചിത്രം വലിയ വിജയം നേടിയതിനൊപ്പം നിരവധി പുരസ്‌കാരങ്ങളും ഭാഗ്യശ്രീയെ തേടിയെത്തി. ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ ഭാഗ്യശ്രീ നേടി. ചിത്രത്തിലെ നായകനായ സല്‍മാനേക്കാളും ആരാധകരെ നേടാന്‍ ഭാഗ്യശ്രീയ്ക്ക് സാധിച്ചിരുന്നു. സല്‍മാന്‍ തന്നെ പിന്നീട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമയായിരുന്നിട്ടും നായകനായ തന്നെ തേടി പിന്നീട് സിനിമ വന്നില്ല. എല്ലാവരും ഭാഗ്യശ്രീയുടെ പിന്നാലെയായിരുന്നുവെന്നാണ് സല്‍മാന്‍ പറഞ്ഞത്.
പിന്നീട് ത്യാഗി, ഖെയ്ദ് മേം ബുള്‍ബുള്‍, പായല്‍, ഗര്‍ ആയ മേര പര്‍ദേസി എന്നീ സിനിമകളിലും ഭാഗ്യശ്രീ അഭിനയിച്ചു. തുടർന്ന് താരം തെന്നിന്ത്യയിലേക്കുമെത്തി. 1997 ല്‍ പുറത്തിറങ്ങിയ അമ്മവ്ര ഗണ്ട ആയിരുന്നു ആദ്യ കന്നഡ ചിത്രം. പിന്നാലെ ഓംകാരം എന്ന ചിത്രത്തിലൂടെ തെലുങ്കിലുമെത്തി. ഇതിന് പുറമെ ബംഗാളിയിലും ഭാഗ്യശ്രീ അഭിനയിച്ചു. ബോളിവുഡില്‍ അവസരം കുറഞ്ഞപ്പോള്‍ ബോജ്പൂരിയിലും ഭാഗ്യശ്രീ അഭിനയിച്ചിട്ടുണ്ട്. മറാത്തിയിലും തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം.
വര്‍ഷങ്ങള്‍ക്ക് ശേഷം ഭാഗ്യശ്രീ മുഖ്യധാരയിലേക്ക് തിരികെ വരുന്നത് തലൈവി എന്ന കങ്കണ റണാവത് ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് രാധേ ശ്യാമിലും കയ്യടി നേടി. 2023ല്‍ സല്‍മാന്‍ ഖാന്‍ ചിത്രം കിസി കാ ഭായ് കിസി കാ ജാന്‍ എന്ന ചിത്രത്തിലും അതിഥി വേഷത്തിലെത്തിയിരുന്നു ഭാഗ്യശ്രീ. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ ആദ്യ നായകനൊപ്പം ഭാഗ്യശ്രീ സ്‌ക്രീന്‍ പങ്കിടുന്നത്. ഇപ്പോള്‍ ഹിന്ദിയില്‍ സജീവമാണ് ഭാഗ്യശ്രീ. സജ്‌നി ഷിന്‍ഡെ ക് വൈറല്‍ വീഡിയോ ആണ് ഒടുവില്‍ അഭിനയിച്ച സിനിമ.

സിനിമയ്ക്ക് പുറമെ ടെലിവിഷനിലും ഭാഗ്യശ്രീ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബോളിവുഡില്‍ അവസരം കുറഞ്ഞപ്പോഴാണ് ഭാഗ്യശ്രീ ടെലിവിഷനിലേക്ക് വരുന്നത്. നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള ഭാഗ്യശ്രീ സ്മാര്‍ട്ട് ജോഡി എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയുമായി. ഭര്‍ത്താവ് ഹിമാലയ ദസനിയ്ക്ക് ഒപ്പമാണ് ഷോയില്‍ പങ്കെടുത്തത്. ഒടിടി ലോകത്തും ഭാഗ്യശ്രീ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലൈഫ് ഹില്‍ ഗയ് ആണ് ഒടുവില്‍ അഭിനയിച്ച സീരീസ്.
അതേസമയം മറ്റൊരു താരത്തിനും ലഭിക്കാത്തൊരു ആദരവും ഭാഗ്യശ്രീയെ തേടിയെത്തിയിട്ടുണ്ട്. 2015ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഭാഗ്യശ്രീ സ്‌ക്രീം എന്നൊരു പദ്ധതി ലോഞ്ച് ചെയ്തിരുന്നു. ദാരദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളെ സഹായിക്കുന്നതായിരുന്നു പദ്ധതി. നിരവധി സിനിമകളാണ് ഭാഗ്യശ്രീയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. ഒടിടി ലോകത്തിന്റെ സാധ്യതകളും തേടുന്നുണ്ട് താരം. അമ്മയുടെ പാതയിലൂടെ സിനിമയിലെത്തിയ മക്കളും ഒരിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്.


Click it and Unblock the Notifications











