പല്ലു തേക്കാനോ മുടി ചീകാനോ പോലും പറ്റില്ല; കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതിനെക്കുറിച്ച് ഭാഗ്യശ്രീ
താരജീവിതം ആരും കൊതിക്കുന്നതാണ്. തങ്ങളുടെ സിനിമകളും പ്രകടനവുമൊക്കെ ആരാധകര്‍ ഏറ്റെടുക്കുന്നതും തങ്ങളെ സ്‌നേഹിക്കുന്നതുമൊക്കെ ഏതൊരു താരവും ആഗ്രഹിക്കുന്നതാണ്. ഈ നേട്ടം കൈവരിക്കാന്‍ ചിലര്‍ക്ക് കാലങ്ങള്‍ തന്നെ വേണ്ടി വരും. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് ആദ്യ അവസരം തന്നെ ക്ലിക്കായി മാറുകയും ചെയ്യും. എന്നാല്‍ ആദ്യ സിനിമ മെഗാ ഹിറ്റായി മാറിയിട്ടും സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച താരമായിരുന്നു ഭാഗ്യശ്രീ.
ബോളിവുഡിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നായിരുന്നു മേം നെ പ്യാര്‍ കിയാ. സല്‍മാന്‍ ഖാനും ഭാഗ്യശ്രീയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. സിനിമ റിലീസ് ആയതിന് പിന്നാലെ ഭാഗ്യശ്രീ അഭിനയത്തോട് വിട പറയുകയായിരുന്നു. എന്നാല്‍ ഭാഗ്യശ്രീയെ അങ്ങനെയൊന്നും മറക്കാന്‍ സിനിമാപ്രേമികള്‍ക്കാകില്ലായിരുന്നു. അമ്മയുടെ പാതയിലൂടെ ഭാഗ്യശ്രീയുടെ മക്കളും ഈയ്യടുത്ത് സിനിമയിലെത്തിയിരുന്നു.

കാലങ്ങള്‍ക്ക് ശേഷം ഭാഗ്യശ്രീ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. താരമിപ്പോള്‍ സിനിമയിലും ടെലിവിഷനിലുമൊക്കെ സജീവമായി മാറിയിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിട്ട വലിയൊരു വെല്ലുവിളിയെക്കുറിച്ചുള്ള ഭാഗ്യശ്രീയുടെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഒരിക്കല്‍ തനിക്ക് വലത്തേ കൈ അനക്കാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടായിരുന്നുവെന്നാണ് ഭാഗ്യശ്രീ പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു താരം മനസ് തുറന്നത്. തന്റെ ഫിറ്റ്‌നസിലുള്ള താല്‍പര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ''എനിക്ക് വലിയൊരു ആരോഗ്യപ്രശ്‌നമുണ്ടായിരുന്നു. എനിക്ക് എന്റെ വലത് കൈ അനക്കാന്‍ സാധിക്കില്ലായിരുന്നു. കഠിനമായി വേദനയായിരുന്നു അനുഭവിച്ചത്. പൊരുതിയാണ് കൈ അനക്കാനുള്ള ശേഷി തിരികെ നേടുന്നത്. ഇന്നത് ഓര്‍ക്കുമ്പോള്‍ തന്നെ ഒരുപാട് പ്രചോദനം ലഭിക്കും'' എന്നാണ് താരം പറഞ്ഞത്.

''ആ ഒരു വര്‍ഷം എനിക്ക് സ്വന്തമായി പല്ലു തേക്കാനോ മുടി ചീകാനോ പോലും സാധിക്കില്ലായിരുന്നു. വീണ്ടും അതുപോലൊരു അവസ്ഥ ഉണ്ടാകരുത്. അതിനാലാണ് ഞാന്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത്ര ശ്രദ്ധിക്കുന്നത്'' എന്നാണ് താരം പറയുന്നത്. മേനെ പ്യാര്‍ കിയായുടെ ചിത്രീകരണത്തിനിടെയാണ് ഭാഗ്യശ്രീ പ്രണയത്തിലാകുന്നത്. സിനിമ റിലീസാകുമ്പോഴേക്കും അഭിനയം നിര്‍ത്താനും കുടുംബ ജീവിതത്തിലേക്ക് കടക്കാനും താരം തീരുമാനിച്ചിരുന്നു.
യുവനടന്‍ അഭിമന്യു ഭാഗ്യശ്രീയുടെ മകനാണ്. മര്‍ദ് കോ ദര്‍ദ് നഹി ഹോത്താ എന്ന സിനിമയിലൂടെയായിരുന്നു അഭിമന്യുവിന്റെ അരങ്ങേറ്റം. നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ അഭിമന്യുവിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു. പിന്നീട് മീനാക്ഷി സുന്ദരേശ്വര്‍, നിക്കമ്മ തുടങ്ങിയ സിനിമകളിലും അഭിമന്യു അഭിനയിച്ചു. ഭാഗ്യശ്രീയുടെ മകള്‍ അവന്തികയും അമ്മയുടെ പാത തിരഞ്ഞെടുത്തിരിക്കുകയാണ്. മിത്യ എന്ന സീരിസിലൂടെയാണ് മകളുടെ അരങ്ങേറ്റം.

അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ഭാഗ്യശ്രീ ഇപ്പോള്‍ തന്റെ ഒടിടി സീരീസിന്റെ തയ്യാറെടുപ്പിലാണ്. താരം ഇപ്പോള്‍ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡിഐഡി സൂപ്പര്‍ മോംസിന്റെ വിധി കര്‍ത്താവാണ്. രാധെ ശ്യാം ആണ് ഭാഗ്യശ്രീയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കങ്കണ റണാവത് ജയലളിതയായി എത്തിയ തലൈവിയിലും ഭാഗ്യശ്രീ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. നേരത്തെ സ്മാര്‍ട്ട് ജോഡി എന്ന ഷോയില്‍ ഭര്‍ത്താവ് ഹിമാലയ ദസനിക്കൊപ്പം മത്സരാര്‍ത്ഥിയായും ഭാഗ്യശ്രീ എത്തിയിരുന്നു.


Click it and Unblock the Notifications











