'എനിക്ക് കുട്ടികൾ വേണമെന്നില്ലായിരുന്നു! നുണ പറഞ്ഞ് ജീവിക്കാൻ കഴിയില്ല'; വിവാഹമോചനത്തെ കുറിച്ച് പൂജ ഭട്ട്
മലയാളത്തിൽ ബിഗ് ബോസ് സീസൺ 5 ഫിനാലെയിലേക്ക് അടുക്കുകയാണ്. ആരാകും ടൈറ്റിൽ സ്വന്തമാക്കുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. അതിനിടെ ഹിന്ദിയിൽ ബിഗ് ബോസിന്റെ ഓടിടി പതിപ്പ് രണ്ടാം സീസൺ ആരംഭിച്ചിരിക്കുകയാണ്. സിനിമയിലൂടെയും ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് ഇത്തവണയും മത്സരാര്‍ത്ഥികളായി എത്തിയിട്ടുള്ളത്.
അതിലെ ഏറ്റവും ശ്രദ്ധേയ മുഖമാണ് പൂജ ഭട്ട്. ബോളിവുഡിലെ താരകുടുംബത്തിൽ നിന്നും വരുന്ന താരമാണ് പൂജ. നടിയായും സംവിധായകയായുമെല്ലാം തിളങ്ങിയിട്ടുള്ള പൂജ ഭട്ട്, സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളും ആലിയ ഭട്ടിന്റെ അര്‍ധ സഹോദരിയുമാണ്. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമൊക്കെ തുറന്ന് പറയാറുള്ള വ്യക്തിയാണ് പൂജ ഭട്ട്. ബിഗ് ബോസ് വീടിനകത്തും അങ്ങനെ തന്നെയാണ് പൂജ മുന്നോട്ട് പോകുന്നത്.

തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചടക്കം ഷോയിൽ മനസുതുറന്നിരിക്കുകയാണ് പൂജ ഭട്ട്. കഴിഞ്ഞ ദിവസം സഹമത്സരാർത്ഥി ബേബിക ധുർവെയുമായുള്ള സംഭാഷണത്തിനിടയിൽ, തന്റെ ദാമ്പത്യജീവിതം തകർന്നതിനെ കുറിച്ചും മുൻ ഭർത്താവ് മനീഷ് മഖിജയുമായി വേർപിരിയാൻ തീരുമാനിച്ചതിന്റെ കാരണവും പൂജ തുറന്നുപറഞ്ഞു. വിവാഹിതയാണോ എന്ന് ബേബിക ചോദിച്ചപ്പോഴായിരുന്നു നടി മനസുതുറന്നത്.
"ഏകദേശം 11 വർഷം ഞാൻ വിവാഹിതയായിരുന്നു. പിന്നീട് ഈ ബന്ധം ശരിയല്ലെന്നും എന്തിന് നുണ പറഞ്ഞ് ജീവിക്കണമെന്നും ഞങ്ങൾക്ക് തോന്നി. ഇതൊരു ഡ്രസ് റിഹേഴ്സൽ അല്ലല്ലോ, നമുക്ക് ഒരു അവസരമേ ലഭിക്കൂ," പൂജ ഭട്ട് പറഞ്ഞു. ഭർത്താവ് നടനാണോ എന്ന് ബേബിക ചോദിച്ചപ്പോൾ, "അദ്ദേഹം ഒരു നടനല്ല, മറിച്ച് മീഡിയ ഇൻഡസ്ട്രിയിൽ നിന്ന് തന്നെയാണ്, അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു", എന്നായിരുന്നു പൂജയുടെ മറുപടി.
പിന്നാലെ ഭർത്താവിന്റെ ജനനമാസം ഏതായിരുന്നു എന്ന് ബേബിക തിരക്കി, അദ്ദേഹം മകര രാശിക്കാരനായിരുന്നു. അതിനാലാണ് ഞങ്ങൾ നന്നായി അടുത്തത് എന്ന് താരം പറഞ്ഞു. മകരം രാശിക്കാർ നല്ല അച്ഛന്മാരാകുമെന്ന് ബേബിക പൂജയോട് പറഞ്ഞു. എന്നാൽ അന്ന് തനിക്ക് കുട്ടികൾ വേണമെന്ന് ഉണ്ടായിരുന്നില്ലെന്നാണ് പൂജ അപ്പോൾ പറഞ്ഞത്.
"അന്ന് എനിക്ക് അതിന് താത്പര്യമുണ്ടായിരുന്നില്ല, എനിക്ക് കുട്ടികളെ ആവശ്യമുള്ളപ്പോൾ ഞാൻ കുട്ടികളുണ്ടാവാൻ ആഗ്രഹിച്ചില്ല, എനിക്ക് കുട്ടികളെ ഇഷ്ടമാണ്. പക്ഷേ അപ്പോൾ കുട്ടികൾ വേണമെന്ന് ഞാൻ ആഗ്രഹിച്ചില്ല, എനിക്ക് അതിൽ കള്ളം പറയാൻ കഴിയില്ല.
ഒരിക്കലും ഇനി കണ്ടുമുട്ടില്ലെങ്കിൽ പോലും, എനിക്കതിൽ കള്ളം പറയാൻ കഴിയില്ല, നുണ പറയുമ്പോഴാണ് കുറ്റപ്പെടുത്തലുകൾ തുടങ്ങുന്നത്. അത് ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്തായാലും എല്ലാം നല്ല രീതിയിലായിരുന്നു, അന്തസ് നിലനിർത്തികൊണ്ട് തന്നെ ഞങ്ങൾ പിരിഞ്ഞു," പൂജ ഭട്ട് പറഞ്ഞു.

വിജെ ആയിരുന്നു മനീഷ് മഖിജ. പരിചയപ്പെട്ട് നല്ല സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. രണ്ടു മാസത്തെ ഡേറ്റിംഗിന് ശേഷം 2003 ലാണ് പൂജയും മനീഷും വിവാഹിതരായത്. പിന്നീട് 11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2014 ൽ ഇരുവരും വേർപിരിയുകയായിരുന്നു.
അതേസമയം ജൂൺ 17 നാണ് ബിഗ് ബോസ് ഹിന്ദി ഓടിടിയുടെ രണ്ടാമത്തെ സീസൺ ആരംഭിച്ചത്. ജിയോ സിനിമയിലാണ് ഷോ സ്ട്രീം ചെയ്യുന്നത്. 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന ഷോ എപ്പിസോഡുകളായും ജിയോ സിനിമയിൽ കാണാം. സൽമാൻ ഖാൻ തന്നെയാണ് ഷോയുടെ അവതാരകനായി എത്തുന്നത്. ആദ്യമായാണ് ഓടിടി പതിപ്പിൽ സൽമാൻ ഖാൻ അവതാരകനാകുന്നത്. ആദ്യ സീസണിൽ കരൺ ജോഹർ ആയിരുന്നു അവതാരകൻ.


Click it and Unblock the Notifications











