ട്രോളിക്കോളൂ, കളിയാക്കിക്കോളൂ...; പ്രസാവനന്തരം തടി കൂടിയതിനെ പരിഹസിക്കുന്നവരോട് ബിപാഷ ബസു
ബോളിവുഡിലെ താരദമ്പതിമാരാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2016 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇരുവരും. ഇരുവരും 2022 ലാണ് അച്ഛനും അമ്മയുമായാത്. ഐവിഎഫ് ട്രീറ്റ്‌മെന്റ് നടത്തിയാണ് ബിപാഷ മകള്‍ ദേവിയെ ഗര്‍ഭം ധരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ മകളുടെ ചിത്രങ്ങളും മറ്റും പങ്കുവെക്കാറുണ്ട് ബിപാഷയും കരണും.
ഇപ്പോഴിതാ തങ്ങളുടെ പാരന്റ്ഹുഡ് യാത്രയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ബിപാഷയും കരണും. ന്യുസ് 18 ഷോഷായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങള്‍ മനസ് തുറന്നത്. പ്രസവ ശേഷം തനിക്ക് തടി കൂടിയതിനെ കളിയാക്കുന്നവര്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട് ബിപാഷ. തനിക്ക് ചുറ്റുമുള്ള ട്രോളുകളേയും നെഗറ്റിവിറ്റിയേയും താന്‍ ഗൗനിക്കുന്നില്ലെന്നാണ് ബിപാഷ പറയുന്നത്.

''അവരോട് എനിക്ക് പറയാനുള്ളത് ട്രോളുന്നത് തുടരുക എന്നാണ്. എനിക്കതില്‍ പ്രശ്‌നമൊന്നുമില്ല, കാരണം ഞാനത് ഗൗനിക്കുന്നേയില്ല'' എന്നായിരുന്നു ബിപാഷയുടെ പ്രതികരണം. അമ്മയായതോടെ തന്റെ ജീവിതമാകെ മാറിപ്പോയെന്നാണ് ബിപാഷ പറയുന്നത്. ഇന്ന് തന്റെ നമ്പര്‍ വണ്‍ പ്രയോരിറ്റി മകള്‍ ദേവിയാണെന്നാണ് ബിപാഷ പറയുന്നത്. ബിപാഷയുടെ ജീവിതം ഇപ്പോള്‍ മകള്‍ ദേവിയ്ക്ക് ചുറ്റുമാണ്.
''എല്ലാത്തിലും നമ്പര്‍ വണ്‍ ദേവിയാണ്. എന്റെ കണ്ണ് തുറന്നിരുന്നാലും അടച്ചിരുന്നാലും അതെന്നും അവളാണ്. ഓരോ തവണയും പുറത്ത് പോകുമ്പോള്‍ തിരിച്ച് അവളുടെ അടുത്തേക്ക് ഓടിയെത്താന്‍ തോന്നും. ഇന്ന് എന്റെ ജീവിതം തന്നെ അവള്‍ക്ക് ചുറ്റുമാണ്. കരണ്‍ നമ്പര്‍ ത്രീയാണ്. ഞാന്‍ നമ്പര്‍ ടുവും ദേവി നമ്പര്‍ വണ്ണുമാണ്'' എന്നാണ് അമ്മ ജീവിതത്തെക്കുറിച്ച് ബിപാഷ പറയുന്നത്. അതേസമയം തനിക്ക് പ്രത്യേകിച്ച് മാറ്റമൊന്നുമില്ലെന്നും നേരത്തെ ഒരാളുടെ അടിമയായിരുന്നുവെങ്കില്‍ ഇപ്പോള്‍ രണ്ട് പേരുടെ അടിമയായെന്നാണ് കരണ്‍ തമാശരൂപേണ പറയുന്നത്.
''ഞാന്‍ ആണ് ഡിസിപ്ലിനുള്ളയാള്‍. കരണിനെ അവള്‍ എപ്പോഴും പേടിപ്പിക്കും. പത്ത് മാസമേ ആയിട്ടുള്ളൂ, പക്ഷെ അച്ഛനെ അവള്‍ പേടിപ്പിച്ച് തുടങ്ങി. ഞാനത് സമ്മതിച്ചു കൊടുക്കും, കാരണം കാണാന്‍ ക്യൂട്ടാണ്. അവള്‍ എന്നേയും പേടിപ്പിക്കാറുണ്ട്. അങ്ങനെ ഒടുവില്‍ എന്നെ പേടിപ്പിക്കുന്ന ഒരാളെ കിട്ടിയിരിക്കുകയാണ്'' എന്നും ബിപാഷ പറയുന്നുണ്ട്. നേരത്തെ മകള്‍ ദേവി ജനിച്ചത് ഹൃദയത്തില്‍ രണ്ട് ദ്വാരത്തോടു കൂടിയാണെന്ന് ബിപാഷ വെളിപ്പെടുത്തിയിരുന്നു.

കുഞ്ഞ് ജനിച്ച ശേഷം തന്നെ നിരവധി സ്‌കാനുകളും മറ്റും നടത്തേണ്ടി വന്നുവെന്നും ജനിച്ച് മൂന്ന് മാസം കഴിഞ്ഞതും സര്‍ജറി നടത്തേണ്ടി വന്നുവെന്നും ബിപാഷ മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മകള്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോയപ്പോള്‍ തന്റെ ജീവിതം തന്നെ നിലച്ചു പോയത് പോലെയാണ് തോന്നിയത്. ആറ് മണിക്കൂര്‍ നീണ്ട ഓപ്പറേഷനായിരുന്നുവെന്നും ബിപാഷ പറഞ്ഞിരുന്നു. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായവരാണ് ബിപാഷയും കരണും. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ബിപാഷ.


Click it and Unblock the Notifications