നിറവയറില്‍ ബിപാഷ ബസു, ചുംബനം നല്‍കി കരണ്‍; സന്തോഷ വാര്‍ത്ത പങ്കുവച്ച് താരദമ്പതികള്‍
ബോളിവുഡില്‍ ഇതാ മറ്റൊരു താരദമ്പതികള്‍ കൂടി കുടുംബത്തിലേക്ക് പുതിയൊരു അംഗത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ബോളിവുഡിലെ താരദമ്പതികളായ ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറുമാണ് തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ആളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ബിപാഷ ബസു ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരും പങ്കുവച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണി ജനിക്കാന്‍ പോകുന്നത്.
ഗര്‍ഭകാല ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് താരങ്ങള്‍ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ആരാധകരും താരങ്ങളുമെല്ലാം ഇരുവര്‍ക്കും ആശംസകളുമായി എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ബിപാഷ ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

2015 ല്‍ പുറത്തിറങ്ങിയ സിനിമയായ എലോണിന്റെ ചിത്രീകരണത്തിനിടെയാണ് ബിപാഷയും കരണും പ്രണയത്തിലാകുന്നത്. പിന്നാലെ അടുത്ത വര്‍ഷം തന്നെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. സ്വകാര്യമായ ചടങ്ങളില്‍ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ ശേഷം ബിപാഷ സിനിമയില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബിപാഷയും കരണും. ഇരുവരുടേയും വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്നിപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളിലൂടെ തന്റെ ഗര്‍ഭവാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബിപാഷ ബസു. തന്റെ നിറവയര്‍ കാണിച്ചു കൊണ്ട് വെള്ള വസ്ത്രം ധരിച്ചാണ് ചിത്രങ്ങളില്‍ ബിപാഷയെത്തുന്തന്. വെള്ള ഷര്‍ട്ട് ധരിച്ചു കൊണ്ടാണ് കരണുമെത്തുന്നത്. ബിപാഷയുടെ വയറില്‍ ചുംബിക്കുകയാണ് കരണ്‍. ചിത്രങ്ങളോടൊപ്പം തങ്ങളുടെ യാത്രയെക്കുറിച്ചും ബിപാഷ കുറിക്കുന്നുണ്ട്.

''ഞങ്ങളുടെ ജീവിതത്തിന്റെ പുതിയ ഘട്ടം, പുതിയ കാലം, പുതിയ പ്രകാശം. മുമ്പത്തേതിനേക്കാള്‍ പൂര്‍ണമാക്കുന്ന ഒന്ന്. ഞങ്ങള്‍ ഈ ജീവിതം തുടങ്ങിയത് ഒറ്റയ്ക്കായിരുന്നു. പിന്നെ ഞങ്ങള്‍ കണ്ടുമുട്ടി. അന്നു മുതല്‍ ഞങ്ങള്‍ ഒരുമിച്ചാണ്. രണ്ട് പേര്‍ മാത്രമായി കുറേ നാളായി. ഇതുവരെ രണ്ടു പേരായിരുന്നു ഞങ്ങള്‍ ഇനി മൂന്ന് പേരായിരിക്കും. ഞങ്ങളുടെ കുട്ടി ഉടനെ തന്നെ ഞങ്ങള്‍ക്കൊപ്പം ചേരും'' എന്നാണ് ബിപാഷ കുറിച്ചത്.
''നിങ്ങളുടെ ഉപാധികളില്ലാത്ത സ്‌നേഹത്തിന് നന്ദി. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും നന്ദി. നിങ്ങളെന്നും ഞങ്ഹളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും. ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായതിന് നന്ദി. ഞങ്ങള്‍ക്കൊപ്പം ഞങ്ങളുടെ ജീവിതത്തിന്റെ പുതിയ ഭാഗമായ, ഞങ്ങളുടെ കുട്ടിയെ വരവേല്‍ക്കൊപ്പമുണ്ടാകുന്നതിനും നന്ദി'' എന്നും താരം ആരാധകരോടായി പറയുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിപാഷ ബസു ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തന്റെയും കരണിന്റേയും കുടുംബാംഗങ്ങള്‍ക്കൊപ്പം നടത്തിയ പാര്‍ട്ടികളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു ബിപാഷ. ഈ ചിത്രങ്ങളില്‍ ബിപാഷ ധരിച്ചിരിക്കുന്നത് ലൂസായ വസ്ത്രമാണ്. താരം തന്റെ നിറവയര്‍ മറച്ചുപിടിക്കുകയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. പിന്നാലെ താരം ഉടനെ തന്നെ ഗര്‍ഭ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു. ആ കാത്തിരിപ്പാണ് ഇന്ന് അവസാനിച്ചിരിക്കുന്നത്.
Recommended Video

2001 ല്‍ പുറത്തിറങ്ങിയ അജ്നബീ എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ അരങ്ങേറ്റം. ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ബിപാഷയെ തേടിയെത്തി. പിന്നാലെ വന്ന റാസ്, ജിസം, ഫൂട്ട്പാത്ത്, സമീന്‍, നോ എന്‍ട്രി, ഫിര്‍ ഹേര ഫേരി, ധൂം 2, റേസ്, തുടങ്ങിയ സിനിമകളൊക്കെ വിജയങ്ങളായിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ എലോണ്‍ ആണ് ബിപാഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പിന്നാലെ വിവാഹം കഴിച്ച ബിപാഷ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.


Click it and Unblock the Notifications











