രേഖയും ശ്രീദേവിയുമായി രഹസ്യബന്ധം; ഹേമ മാലിനിയുമായി വിവാഹം വരെ എത്തിയ പ്രണയം! ജിതേന്ദ്രയുടെ വിവാദ പ്രണയങ്ങൾ
എഴുപതുകളിലും എൺപതുകളിലും ബോളിവുഡ് ബോക്‌സ് ഓഫീസ് ഭരിച്ചിരുന്ന നടനാണ് ജിതേന്ദ്ര. അഭിനയത്തിലും നൃത്തത്തിലുമെല്ലാം ഒരുപോലെ മികവ് പുലർത്തിയിരുന്നു നടൻ. അദ്ദേഹത്തിന്റെ നായികയാവാൻ പല നടിമാരും മത്സരിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഓൺസ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴും യഥാർത്ഥ ജീവിതത്തിൽ പലവിധ വിവാദങ്ങളും നടന് നേരിടേണ്ടി വന്നിട്ടുണ്ട്. സുഹൃത്തിന്റെ കാമുകിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് മുതൽ മുൻനിര നായികമാരുമായുള്ള രഹസ്യബന്ധങ്ങൾ വരെ നീളുന്നു അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ വിവാദങ്ങൾ.
കരിയറിൽ ഇരുന്നൂറോളം സിനിമകളിലാണ് ജിതേന്ദ്ര അഭിനയിച്ചത്. അതിൽ നൂറിലധികവും ബോക്സോഫീസ് ഹിറ്റുകളാണ്. ശാന്താറാം സംവിധാനം ചെയ്ത നവരംഗിലൂടെ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു ജിതേന്ദ്രയുടെ അരങ്ങേറ്റം. മുപ്പത് ടേക്കുകൾ കഴിഞ്ഞിട്ടും ഡയലോഗ് ശരിയായി പറയാൻ കഴിയാതെ പോയ നടനെ അന്ന് സംവിധായകൻ ശാസിച്ചു. എന്നാൽ അഞ്ചുവർഷത്തിന് ശേഷം അതേ സംവിധായകൻ ഗീത് ഗായ പഥരോൻ നേ എന്ന സിനിമയിലൂടെ അദ്ദേഹത്തെ നായകനാക്കി. തുടർന്നാണ് ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച.

നിർമാതാവ് ശോഭ സിപ്പിയെ ആണ് ജിതേന്ദ്ര വിവാഹം ചെയ്തത്. ശോഭയ്ക്ക് 14 വയസ്സുള്ളപ്പോഴാണ് ജിതേന്ദ്ര അവരെ ആദ്യമായി കാണുന്നതും സൗഹൃദത്തിലാകുന്നതും. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഒടുവിൽ 1974 ൽ ഇരുവരും വിവാഹിതരായി. ശോഭ അന്ന് എയർ ഹോസ്റ്റസായി ജോലി ചെയ്യുകയാണ്. വിവാഹശേഷമാണ് താരപത്നി ആ ജോലി വിട്ട് നിർമ്മാണ രംഗത്തേക്ക് വരുന്നത്.
അതേസമയം, ജിതേന്ദ്ര കരിയറിൽ ഏറ്റവും കൂടുതൽ വിവാദങ്ങളും ഗോസിപ്പുകളും ഉണ്ടായത് വിവാഹശേഷമാണ്. നടി രേഖയുമായുള്ള പ്രണയമായിരുന്നു അതിൽ ഏറ്റവും ചർച്ചയായ ഒന്ന്. റിപ്പോർട്ടുകൾ അനുസരിച്ച് ഏക് ബേചര എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടയിലാണ് രേഖയുമായി ജീതേന്ദ്ര അടുപ്പത്തിലാകുന്നത്.
ആ സിനിമയിൽ ഇരുവരുടെയും കെമിസ്ട്രി വർക്ക്ഔട്ട് ആവുകയും അനോഗി അദ എന്ന അടുത്ത സിനിമയിലും ഇവർ ഒന്നിച്ചെത്തുകയും ചെയ്തു. ആ സിനിമയും സൂപ്പർ ഹിറ്റായതോടെ ഇവരുടെ കെമിസ്ട്രി പ്രേക്ഷകർക്കിടയിൽ ചർച്ചയായി. ഒപ്പം തന്നെ ഇവർ ഡേറ്റിംഗിലാണെന്ന വാർത്തകളും പുറത്തു വന്നു. എന്നാൽ അധികം വൈകാതെ ഇവർ പിരിയുകയായിരുന്നു.
രേഖയുമായി പ്രണയത്തിലായപ്പോഴും ശോഭയെ ഒഴിവാക്കാൻ നടൻ ഒരുക്കമായിരുന്നില്ല. ഇത് രേഖയുമായി വഴക്കിന് കാരണമാവുകയും അവർ പിരിയുകയുമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ രേഖയെ ജിതേന്ദ്ര ഒരു ടൈം പാസ് മാത്രമായാണ് കണ്ടതെന്നും ഇതറിഞ്ഞ നടി ബന്ധം ഉപേക്ഷിക്കുകയായിരുന്നു എന്നും വാർത്തകൾ വന്നിട്ടുണ്ട്.

രേഖയ്ക്ക് ശേഷം നടി ഹേമമാലിനിയുമായി ബന്ധപ്പെടുത്തിയാണ് ജിതേന്ദ്രയുടെ പേര് ചർച്ച ചെയ്യപ്പെട്ടത്. നടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജീതേന്ദ്ര അവരെ വിവാഹം കഴിക്കാൻ വരെ ആലോചിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ ജിതേന്ദ്രയും താനും പ്രണയത്തിലായിരുന്നില്ലെന്നും ജിതേന്ദ്രയെ താൻ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചത് തന്റെ മാതാപിതാക്കളാണെന്നും ഹേമമാലിനി ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്.
അതേസമയം, ശോഭയുമായുള്ള വിവാഹത്തിന് ശേഷം നടിമാരായ ശ്രീദേവിയും ജയപ്രതയുമായും ജിതേന്ദ്ര പ്രണയത്തിലായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് അധികം കഥകളൊന്നും പുറത്തുവന്നിട്ടില്ല. ശോഭയുമായുള്ള ബന്ധത്തിൽ രണ്ടു കുട്ടികളാണ് ജിതേന്ദ്രയ്ക്ക് ഉള്ളത്. മകൻ തുഷാർ കപൂർ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തി തിളങ്ങി നിൽക്കുകയാണ്. മകൾ ഏക്താ കപൂർ ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന സംവിധായകയും നിർമാതാവുമാണ്.


Click it and Unblock the Notifications