കളിയാക്കണ്ട, ഈ മുതല നെക്ലേസ് ഒരു സംഭവമാണ്! കാനിൽ ഉർവശി റൗട്ടേല അണിഞ്ഞത് 200 കോടിയുടെ നെക്ലേസ്?
ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ കാൻ ഫിലിം ഫെസ്റ്റിവലിന് കഴിഞ്ഞ ദിവസം തുടക്കമായിരിക്കുകയാണ്. ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ പ്രദർശിപ്പിക്കുന്ന മേളയിൽ, അതിനേക്കാളേറെ ജനശ്രദ്ധ നേടാറുള്ളത് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള റെഡ് കാർപറ്റാണ്. ഫാഷൻ രംഗത്തെ ഭീമൻമാരെല്ലാം മാറ്റുരയ്ക്കുന്ന വേദിയാണ് കാൻ ചലച്ചിത്ര മേളയുടെ റെഡ് കാർപെറ്റ്. ഐശ്വര്യ റായ് അടക്കമുള്ള ബോളിവുഡ് താരങ്ങൾ ഓരോ വർഷവും മേളയ്ക്ക് എത്താറുണ്ട്.
ഇത്തവണയും നിരവധി ഇന്ത്യൻ താരങ്ങൾ കാനിന്റെ റെഡ് കാർപെറ്റിൽ എത്തുന്നുണ്ട്. അതിലൊരാളാണ് ഉർവശി റൗട്ടേല. കഴിഞ്ഞ വർഷമായിരുന്നു ഉർവശിയുടെ കാനിലെ അരങ്ങേറ്റം. അത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത്തവണയും വ്യത്യസ്ത ഗെറ്റപ്പിൽ എത്തി ശ്രദ്ധനേടിയെടുത്തിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമാണ് നടി റെഡ് കാർപെറ്റിൽ എത്തിയത്. മനോഹരമായ പിങ്ക് ഗൗൺ ആയിരുന്നു താരത്തിന്റെ വേഷം.

എന്നാൽ ഗൗണിനേക്കാൾ ശ്രദ്ധനേടിയത് താരത്തിന്റെ ആഭരണമായിരുന്നു. മുതലയുടെ ഷേപ്പിലുള്ള കമ്മലും നെക്ലേസും ആയിരുന്നു താരം ധരിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ ഒരുപാട് ട്രോളുകൾ വന്നിരുന്നു. എന്നാൽ അങ്ങനെ ട്രോളിൽ ഒതുക്കേണ്ട ഒന്നല്ല ഈ ആഭരണങ്ങൾ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഫ്രഞ്ച് ആഡംബര ജ്വല്ലറി ബ്രാൻഡായ കാർട്ടിയർ പുറത്തിറക്കിയതാണ് ഈ മുതല നെക്ലേസ്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആഭരങ്ങളിൽ ഒന്നാണ് ഇത്. 18 കാരറ്റ് യെല്ലോ ഗോൾഡിൽ നിന്ന് ഒരു മുതലയെ സൃഷ്ടിക്കാൻ 1,000-ലധികം യെല്ലോ ഡയമണ്ടുകൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. വജ്രങ്ങൾക്ക് ഏകദേശം 60.02 കാരറ്റ് ഭാരമുണ്ട്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം 18 കാരറ്റ് വൈറ്റ് ഗോൾഡിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ 66.86 കാരറ്റ് ഭാരമുള്ള 1,060 എമറാൾഡുകളും ഉപയോഗിച്ചിരിക്കുന്നു.
മെക്‌സിക്കൻ നടി മാര ഫെലിക്‌സ് ആണ് ആദ്യമായി ഇത്തരത്തിൽ മുതല നെക്ലേസ് ധരിച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 48 വർഷം മുമ്പ്, 1975-ൽ ആയിരുന്നു അത്. അതിനു ശേഷം താരത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് കാർട്ടിയർ ബ്രാൻഡ് ഈ നെക്ലേസുകൾ വീണ്ടും നിർമ്മിച്ച് തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. അപൂർവമായ കൊളംബിയൻ എമറാൾഡുകൾ ചേർത്തുളള നാല് മുതല നെക്‌ലേസുകൾ 2018 ൽ കാര്ടിയാർ അവതരിപ്പിച്ചിരുന്നു.

200 കോടി രൂപയാണ് ഈ മുതല നെക്ലേസിന്റെ വിലയെന്നാണ് പറയപ്പെടുന്നത്. ഏകദേശം 20 ദശലക്ഷം യൂറോ (179 കോടി) ചെലവഴിച്ചാണ് ബ്രാൻഡ് ഇത് തയ്യാറാക്കിയതെന്നും റിപ്പോർട്ടുണ്ട്. ഉർവശി റൗട്ടേല, മരിയ ഫെലിക്‌സ് എന്നിവരെ കൂടാതെ ഇറ്റാലിയൻ നടി മോണിക്ക ബെല്ലൂച്ചിയിലും കാർട്ടിയർ മുതല മാലകൾ ധരിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാനിൽ, ബെല്ലൂച്ചി രണ്ടുതവണ നെക്ലേസ് ധരിച്ചിരുന്നു.
2006 ലെ ഫെസ്റ്റിവലിൽ 1975 ലെ യഥാർത്ഥ നെക്ലേസും. 2019 ലെ കാനിൽ മറ്റൊരു നെക്ലേസ് നടി ധരിച്ചിരുന്നതായാണ് പറയപ്പെടുന്നത്. മുൻപ് ന്യൂ ഇയർ ആശംസകൾ നേർന്ന് ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ചപ്പോഴും ഉർവശി മുതല നെക്ലേസാണ് ധരിച്ചിരുന്നത്. അന്നും ഇത് ആരാധകരുടെ ശ്രദ്ധനേടിയിരുന്നു. കാനിൽ മുതല നെക്ലേസിൽ പ്രത്യക്ഷപ്പെട്ട ശേഷം തനിക്ക് ആ ആഭരണത്തോട് തനിക്കൊരു ഇമോഷണൽ അറ്റാച്മെന്റ് ഉണ്ടെന്ന് നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. ട്രോളുകൾ വ്യാപകമായതിന് പിന്നാലെ ആയിരുന്നു കുറിപ്പ്.


Click it and Unblock the Notifications











