'ഐശ്വര്യയ്ക്ക് എന്തുപറ്റി? ജീവിതം ബോറിങ് ആയെന്ന് തോന്നുന്നു..'; താരത്തിന്റെ ലുക്കിനെ പരിഹസിച്ച് സോഷ്യൽ മീഡിയ!
ലോകം മുഴുവൻ ആരാധകരുള്ള താരമാണ് നടി ഐശ്വര്യ റായ് ബച്ചൻ. അതുകൊണ്ട് തന്നെ രാജ്യാന്തര വേദികളിലെ റെഡ് കാർപറ്റിൽ പലപ്പോഴും ഇന്ത്യയെ പ്രതിനിധീകരിച്ച് ഐശ്വര്യ റായ് ബച്ചൻ എത്താറുണ്ട്. പുതിയ എത്ര നടിമാർ വന്നാലും സിനിമകളിൽ ആണെങ്കിലും റാമ്പിലാണെങ്കിലും റെഡ് കാർപെറ്റിൽ ആണെങ്കിലും അന്നും ഇന്നും ഐശ്വര്യ റായിയെ വെല്ലാൻ ആരുമില്ലെന്നാണ് സംസാരം. എല്ലാ വർഷവും ഐശ്വര്യ മുടങ്ങാതെ എത്തുന്ന ഒരു വേദിയാണ് കാൻ ചലച്ചിത്ര മേള.
2002 മുതൽ കാൻ ചലച്ചിത്ര മേളയിലെ സജീവ സാന്നിധ്യമാണ് ഐശ്വര്യ റായ്. ഇത്തവണത്തെ ചലച്ചിത്രമേളയിലെ ഐശ്വര്യ എത്തുന്നുണ്ട്. സമീപ വർഷങ്ങളിലെന്ന പോലെ, മകൾ ആരാധ്യ ബച്ചനും ഐശ്വര്യയ്ക്ക് ഒപ്പം റെഡ് കാർപെറ്റിൽ എത്തും. ഇന്നലെ രാത്രി ഐശ്വര്യയും ആരാധ്യയും കാനിൽ പങ്കെടുക്കാൻ പോകുന്നതിനായി വിമാനത്താവളത്തിൽ എത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചൊവ്വാഴ്‌ച രാത്രി വൈകിയാണ് ഐശ്വര്യയെയും ആരാധ്യയെയും മുംബൈ വിമാനത്താവളത്തിൽ കണ്ടത്.

ആരാധകർ പലരും താരത്തെ വളഞ്ഞ് സെൽഫി എടുക്കാൻ ശ്രമം നടത്തുന്നതും ബോഡി ഗാർഡുകൾ അവരെ മാറ്റുന്നതുമൊക്കെ വീഡിയോയിലുണ്ട്. ചിലർക്കൊപ്പം പോസ് ചെയ്യാൻ ഐശ്വര്യ തയ്യാറാക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം, വിമാനത്താവളത്തിൽ എത്തിയ ഐശ്വര്യയുടെ ലുക്കാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. കറുത്ത നിറത്തിലുള്ള വലിപ്പമുള്ള ജാക്കറ്റും ധരിച്ച്, വളരെ മിതമായ മേക്കപ്പിൽ മുടിയും അഴിച്ചിട്ടുള്ള ലുക്കിലാണ് ഐശ്വര്യ.
ഈ ലുക്ക് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്, കുറെ നാളുകളായി ഐശ്വര്യ ഒരേ സ്റ്റൈലിൽ തന്നെ എത്തുന്നു എന്നതാണ് ആരാധകരുടെ പരാതി. 'ഐഷിന് എന്ത് പറ്റി? ഒരേ വസ്ത്രധാരണം, അതേ ഹെയർ സ്റ്റൈൽ.. അവളുടെ ജീവിതം വിരസമായതായി തോന്നുന്നു! അവളുടെ ഗെറ്റപ്പിൽ എന്തെങ്കിലും മാറ്റം വേണം,' എന്നാണ് ഒരാൾ വീഡിയോക്ക് താഴെ കുറിച്ചത്. ഐശ്വര്യയും ആരാധ്യയും അവരുടെ ഹെയർ സ്റ്റൈൽ മാറ്റേണ്ടതുണ്ട് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

'എന്തുകൊണ്ടാണ് ഇരുവരും അവരുടെ ഹെയർസ്റ്റൈലുകൾ മാറ്റാത്തത്?' എന്നായിരുന്നു വേറെ ഒരാളുടെ ചോദ്യം. ഐശ്വര്യയെ വസ്ത്രം ധരിപ്പിക്കുന്നതിന് ഒരാളെ വയ്‌ക്കേണ്ടി വരുമെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. അതേസമയം, എല്ലാ വർഷവും കാൻ ചലച്ചിത്ര മേളയിൽ വ്യത്യസ്ത ഗെറ്റപ്പിൽ എത്താറുള്ള ഐശ്വര്യ ഇത്തവണ ഏത് ലുക്കിൽ ആയിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
കഴിഞ്ഞ തവണത്തെ ഐശ്വര്യയുടെ ലുക്ക് വലിയ രീതിയിൽ ചർച്ചയായിരുന്നു ഒപ്പം ബോഡി ഷെയിമിങ് കമന്റുകളും താരത്തിന് കേൾക്കേണ്ടി വന്നിരുന്നു. ഡോൾസ് ആൻഡ് ഗബാന ഡിസൈൻ ചെയ്ത പലവിധ നിറത്തിലുള്ള പൂക്കൾ തുന്നിച്ചേർത്ത കറുത്ത നീളൻ ഓഫ് ഷോൾഡർ ഗൗണായിരുന്നു ഐശ്വര്യ കഴിഞ്ഞ തവണ ധരിച്ചിരുന്നത്.
അതേസമയം, ഐശ്വര്യയെ കൂടാതെ നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ ഈ വർഷം കാൻ ചലച്ചിത്ര മേളയുടെ റെഡ് കാർപെറ്റിൽ എത്തുമെന്നാണ് വിവരം. ഉദ്ഘാടന രാത്രിയായ ഇന്നലെ സാറാ അലി ഖാൻ, മാനുഷി ചില്ലർ, ഇഷ ഗുപ്ത എന്നിവർ റെഡ് കാർപെറ്റിൽ എത്തിയിരുന്നു. ഇത്തവണ അനുഷ്‌ക ശർമ്മയും മൃണാൽ താക്കൂറും ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് പറയുന്നുണ്ട്.


Click it and Unblock the Notifications











