ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു, ആ വേദനയില്‍ നിന്നും കരകയറാന്‍ എടുത്തത് അഞ്ച് വര്‍ഷം: സെലീന
ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു സെലീന ജെയ്റ്റ്‌ലി. നോ എന്‍ട്രി, അപ്പ്‌നാ സപ്പ്‌നാ മണി മണി, തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു സെലീന. എന്നാല്‍ പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു സെലീന. ഓസ്ട്രീയക്കാരനായ പീറ്റര്‍ ഹാഗ് ആണ് സെലീനയുടെ ഭര്‍ത്താവ്. 2017 ല്‍ ഇരുവര്‍ക്കും ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നു. എന്നാല്‍ രണ്ടില്‍ ഒരാളെ അവര്‍ക്ക് നഷ്ടമായി.
ഇപ്പോഴിതാ തന്റെ ഇരട്ടക്കുട്ടികളില്‍ ഒരാളെ നഷ്ടമായതിനെക്കുറിച്ച് സംസാരിക്കുകയാണ് സെലീന. സോഷ്യല്‍ മീഡിയയില്‍ തന്റെ ഭര്‍ത്താവിനും ഇരട്ട കുട്ടികള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് സെലീന മനസ് തുറക്കുന്നത്. ആ വേദനയില്‍ നിന്നും പുറത്ത് കടക്കാന്‍ അഞ്ച് വര്‍ഷങ്ങള്‍ വേണ്ടി വന്നുവെന്നാണ് സെലീന പറയുന്നത്.

''ജീവിതത്തിന്റെ ഈ ഘട്ടവുമായി സമരസപ്പെടാന്‍ എനിക്ക് അഞ്ച് വര്‍ഷം വേണ്ടി വന്നു. ഒടുവില്‍ അതേക്കുറിച്ച് സംസാരിക്കാനുള്ള ധൈര്യം കണ്ടെത്തി. തങ്ങളുടെ കുഞ്ഞിനെ നഷ്ടമായ അച്ഛനമ്മമാര്‍ അവരുടെ വേദനയില്‍ നിന്നും മുക്തരാകുന്നകാന്‍ വേണ്ടി ഞങ്ങളോട് സംസാരിക്കുന്നതിനാലാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ഞങ്ങളുടെ കുഞ്ഞ് യഥാര്‍ത്ഥ പോരാളിയാണെന്ന് ഞങ്ങള്‍ക്ക് പറയാനാകും'' എന്നാണ് സെലീന പറയുന്നത്.
''മിക്ക പ്രീമെച്വുര്‍ ബേബികളും രക്ഷപ്പെടുകയും സാധാരണ ജീവിതം നയിക്കാറുമുണ്ട്. ഷംഷേരിന്റെ മരണം ഹൃദയത്തിന്റെ പ്രശ്‌നത്തെ തുടര്‍ന്നായിരുന്നു. നേരത്തെയായിരുന്നു പ്രസവം. ഞാനും പീറ്ററും വളരെ ബുദ്ധിമുട്ടിയാണ് ഈ ചിത്രത്തില്‍ ചിരിക്കുന്നത്. പുറത്തേക്ക് വന്നപ്പോള്‍ തന്നെ എന്‍ഐസിയിലുവിലായിരുന്നു അവന്‍. നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാകാം എന്ന തിരിച്ചറിവാണ് ഞെട്ടല്‍ കുറയ്ക്കാനും വെല്ലുവിളികള്‍ വരുമ്പോള്‍ ആശങ്ക കുറയ്ക്കാനും സഹായിക്കുക'' സെലീന പറയുന്നു.
കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഞാനും പീറ്ററും അതേ ആശുപത്രിയിലെ എന്‍ഐസിയുവിലേക്ക് ആര്‍തറിനേയും കൊണ്ടു വന്നനു. വിഷമവും ഉത്കണ്ഠയും നിരാശയും കുറ്റബോധവും ദേഷ്യവും സ്‌നേഹുമെല്ലാം അനുഭവിച്ചു. നിങ്ങള്‍ ഈ ലോകത്ത് ഒറ്റയ്ക്കല്ല. കുട്ടികള്‍ നേരത്തെ ജനിക്കുന്ന എല്ലാ മാതാപിതാക്കളും ഇത്തരം അനുഭവങ്ങളിലൂടെ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ കടന്നു പോകാറുണ്ട്. ഇത്തരം സമയങ്ങളില്‍ ഒരുമിച്ച് നില്‍ക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്''. എന്നും സെലീന പറയുന്നു.

2001 ല്‍ മിസ് ഇന്ത്യ പട്ടം നേടിയാണ് സെലീന ബോളിവുഡിലെത്തുന്നത്. അതേവര്‍ഷം മിസ് യൂണിവേഴ്‌സ് മത്സരത്തിലും പങ്കെടുത്ത സെലീന ഫോര്‍ത്ത് റണ്ണറപ്പാവുകയും ചെയ്തു. തന്റെ നേട്ടത്തിന്റെ വാര്‍ഷികത്തില്‍ സെലീന പങ്കുവച്ച കുറിപ്പ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2003ല്‍ പുറത്തിറങ്ങിയ ജനഷീന്‍ എന്ന ചിത്രത്തിലൂടെയാണ് സെലീന അരങ്ങേറുന്നത്. പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി.
2012 ല്‍ പുറത്തിറങ്ങിയ വില്‍ യു മാരി മീയിലാണ് സെലീന അവസാനമായി അഭിനയിച്ചത്. പിന്നീട് അഭിനയത്തില്‍ നിന്നും പിന്മാറിയ സെലീന ഭര്‍ത്താവിനൊപ്പം ഓസ്ട്രീയയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഹിന്ദിയ്ക്ക് പുറമെ കന്നഡയിലും തെലുങ്കിലും സെലീന സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications