ആ അമ്മാവന്‍ എന്നെ പിടിച്ച് മടിയിലിരുത്തും; അയാള്‍ എന്താണ് ചെയ്തിരുന്നതെന്ന് മനസിലായത് രണ്ട് വര്‍ഷം മുമ്പ്!
കാലം എത്രയൊക്കെ മുന്നോട്ട് വന്നിട്ടും സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അവസാനമായിട്ടില്ല. ഇന്നും കുട്ടിക്കാലം മുതല്‍ സ്ത്രീകള്‍ ചൂഷണം നേരിടുന്നുണ്ട്. പലപ്പോഴും മുതിര്‍ന്ന ആളുകളില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നുമാണ് അതിക്രമങ്ങള്‍ നേരിടേണ്ടി വരിക. അത്തരം അനുഭവങ്ങള്‍ ഇരകളുടെ മാനസികാവസ്ഥയെ സാരമായി തന്നെ ബാധിക്കും. ഒരിക്കലും മായാത്തൊരു മുറിവായി അതെന്നും മനസിലുണ്ടാകും.
ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്ത് നേരിട്ടൊരു ദുരനുഭവം പങ്കുവെക്കുകയാണ് നടി ചാഹത്ത് ഖന്ന. ഹൗട്ടര്‍ഫളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാഹത്ത് ഖന്ന മനസ് തുറന്നത്.

''ഒന്നോ രണ്ടോ തവണ സംഭവിച്ചിട്ടുണ്ട്. എനിക്ക് അന്ന് മനസിലായില്ല. ആരോ തൊട്ടിട്ട് കടന്നു പോയി. പ്രായമായവര്‍ക്ക് അങ്ങനൊരു ശീലമുണ്ട്. എന്തുകൊണ്ടെന്ന് അറിയില്ല. ചെറുപ്പക്കാർ അങ്ങനെ ചെയ്യുന്നത് കുറവാണ്. പക്ഷെ പ്രായമായവര്‍ക്ക് ആ ശീലമുണ്ട്. ഞാനത് കുറേ പറഞ്ഞ് കേട്ടിട്ടുമുണ്ട്. ഞാന്‍ വളരെ ചെറുപ്പമായിരുന്നപ്പോള്‍ എനിക്കും സംഭവച്ചിട്ടുണ്ട്. ഞങ്ങളുടെ സൊസൈറ്റിയില്‍ ഒരു അമ്മാവന്‍ ഉണ്ടായിരുന്നു. അയാള്‍ എന്നെ പിടിച്ച് മടിയില്‍ ഇരുത്തുമായിരുന്നു. അതൊരു ബംഗാളി അങ്കിളാണ്'' ചാഹത്ത് ഖന്ന പറയുന്നു.
''അദ്ദേഹം മിഠായികളും ചോക്ലേറ്റുമൊക്കെ തരും. എനിക്ക് ഒന്നും മനസിലായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പാണ് ഞാന്‍ അറിയുന്നത്. ഞാനൊരു ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടി. അവളാണ് പറയുന്നത് ഒരു പെണ്‍കുട്ടി ആ അമ്മാവനെതിരെ ലൈംഗിക അതിക്രമത്തിന് കേസ് കൊടുത്തുവെന്ന്. അപ്പോഴാണ് അയാള്‍ എന്നോടും ഇത് തന്നെയാണ് ചെയ്തിരുന്നതെന്ന് ഞാന്‍ തിരിച്ചറിയുന്നത്. ആ പെണ്‍കുട്ടിയ്ക് അന്നത്തെ എന്നേക്കാളും പ്രായമുണ്ട്. അതിനാല്‍ അയാള്‍ എന്താണ് ചെയ്യുന്നതെന്ന് അവള്‍ക്ക് മനസിലായി'' ചാഹത്ത് ഖന്ന പറയുന്നു.
''ആ കഥ കേട്ടപ്പോള്‍ എനിക്ക് വിറയലുണ്ടായി. നിനക്കറിയുമോ, എനിക്ക് ഇത് സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് ഞാനത് തിരിച്ചറിയുന്നത്. ആദ്യത്തെ അനുഭവമാണ്. അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് പോലും തിരിച്ചറിയാനായിരുന്നില്ല. ദൈവത്തിന് നന്ദി. ഇന്നത്തെ കുട്ടികളോട് ഇതൊക്കെ പറഞ്ഞു കൊടുക്കാറുണ്ട്. എന്റെ മകളെ സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. എന്താണ് ഗുഡ് ടച്ചെന്നും എന്താണ് ബാഡ് ടച്ചെന്നും അവരെ പഠിപ്പിക്കുന്നുണ്ട്. എനിക്കത് ആദ്യ അനുഭവം ആയിരുന്നു. അതിനാല്‍ അതേക്കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മകളില്ല'' എന്നും ചാഹത്ത് ഖന്ന പറയുന്നു.
അഭിമുഖത്തില്‍ കാസ്റ്റിംഗ് കൗച്ച് നേരിട്ടതിനെക്കുറിച്ചും ചാഹത്ത് സംസാരിക്കുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.'' അന്ന് ഇത് എല്ലായിടത്തും സംഭവിക്കുന്നതാണ്. സൗത്തില്‍ എല്ലായിടത്തും സംഭവിച്ചിരുന്നു. സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഇക്കാര്യത്തില്‍ വളരെ ഓപ്പണാണ്. പക്ഷെ അവര്‍ സ്ത്രീകളെ മാനിക്കുകയും ചെയ്യും. ഇവിടേയും നടക്കുന്നുണ്ട്. പക്ഷെ അവര്‍ ഒന്നും പരസ്യമായി പറയാറില്ലെന്ന് മാത്രം'' എന്നാണ് ചാഹത്ത് പറയുന്നത്.
''കരാറില്‍ കോംപ്രമൈസ് എന്ന് പ്രത്യേകം എഴതുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. സംവിധായകന്‍, നിര്‍മ്മതാവ്, നടന്‍ തുടങ്ങി സ്‌പോട്ട് ബോയ് ഒഴികെ എല്ലാവരുമായി സഹകരിക്കണം എന്നെഴുതിയിട്ടുണ്ടാകും. ഞാന്‍ അത്തരം കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ എന്നോട് ഒരാളും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല'' എന്നാണ് ചാഹത്ത് പറയുന്നത്.
വളരെ ചെറിയ പ്രായത്തില്‍ തന്നെയാണ് ചാഹത്ത് വിവാഹിതയാകുന്നത്. എന്നാല്‍ ആദ്യ വിവാഹത്തിന് അല്‍പ്പായുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിവാഹം കഴിഞ്ഞ് വെറും നാല് മാസം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. രണ്ടാമതും വിവാഹിതയായെങ്കിലും ആ ബന്ധവും അധികനാള്‍ കഴിയും മുമ്പ് പിരിഞ്ഞു. രണ്ട് വിവാഹ ബന്ധങ്ങളും പിരിയേണ്ടി വന്നത് കാരണം തനിക്കൊപ്പം അഭിനയിക്കാന്‍ ചിലര്‍ തയ്യാറായില്ലെന്നും ചാഹത്ത് പറയുന്നുണ്ട്.
''എന്റെ രണ്ടാമത്തെ വിവാഹമോചനം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഒരു മകള്‍ ഫര്‍ഹാന്റെ കൂടെയും രണ്ടാമത്തെ മകള്‍ എന്റെ കൂടെയുമാണ് താമസിക്കുന്നത്. ഞങ്ങള്‍ നല്ല ബന്ധത്തില്‍ തന്നെയാണ്. കുട്ടികള്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനാല്‍ അവരുടെ കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിക്കാറുണ്ട്. എന്നാലും ഏത് തരത്തിലുള്ള വിവാഹ മോചനവും വേദന നിറഞ്ഞതാണ്. എളുപ്പമല്ല'' ചാഹത്ത് പറയുന്നു.
''പ്രത്യേകിച്ചും നമ്മള്‍ അറിയപ്പെടുന്ന ആളാണെങ്കില്‍. മറ്റുള്ളവരെ ഫെയ്‌സ് ചെയ്യാന്‍ ബുദ്ധിമുട്ടാകും. ആളുകള്‍ എന്നെ വിധിക്കും എന്നിതാല്‍ പലപ്പോഴും പുറത്ത് പോകാന്‍ മടിച്ചിരുന്നു. രണ്ട് മുന്‍ ഭര്‍ത്താക്കന്മാരില്‍ നിന്നും ഞാന്‍ ജീവനാംശം വാങ്ങിയിട്ടില്ല. എന്നിട്ടും ആളുകള്‍ പറയുന്നത് ഞാന്‍ ഗോള്‍ഡ് ഡിഗ്ഗര്‍ ആണെന്നാണ്. എന്നിട്ട് ഗോള്‍ഡ് എവിടെ എ്ന്നാണ് ഞാന്‍ ചോദിക്കുന്നത്. ഞാന്‍ ജീവനാംശത്തിലാണ് ജീവിക്കുന്നതെന്ന് പോലും ആളുകള്‍ മെസേജ് അയച്ചിട്ടുണ്ട്. അതൊരു ടാബുവാണ്'' എന്നും താരം പറയുന്നു.
''പലരും എനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് ചീത്തപ്പേരാണെന്നും അതിനാല്‍ കൂടെ അഭിനയിക്കില്ലെന്നും പലരും പറഞ്ഞുവെന്നാണ് അറിഞ്ഞത്. വ്യ്ക്തി ജീവിതം ഇങ്ങനെ മീഡിയയില്‍ ചര്‍ച്ചയായാല്‍ ആളുകള്‍ കൂടെ ജോലി ചെയ്യാന്‍ തയ്യാറാകാതെ വരും. എ-ലിസ്റ്റ് പ്രൊഡക്ഷന്‍ ഹൗസുകളൊന്നും ജോലി തരില്ല. എന്റെ മുഖത്ത് നോക്കി ഇക്കാര്യം പറഞ്ഞ മാനേജര്‍മാരുണ്ട്'' എന്നാണ് ചാഹത്ത് വെളിപ്പെടുത്തുന്നത്.
2006 ലാണ് ചാഹത്ത് ആദ്യം വിവാഹം കഴിക്കുന്നത്. ഭരത് നര്‍സിംഗാനിയായിരുന്നു ആദ്യ ഭര്‍ത്താവ്. ഇരുവരും കണ്ടുമുട്ടുമ്പോള്‍ ചാഹത്തിന് പ്രായം 16 മാത്രമാണ്. ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കിക്കുന്നത്. നാല് മാസത്തിന് ശേഷം ഇരുവരും പിരിഞ്ഞു. ഭരത്തും കുടുംബവും തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് ചാഹത്ത് പറഞ്ഞത്.

2013 ലാണ് ചാഹത്ത് ഫര്‍ഹാന്‍ മിര്‍സയെ വിവാഹം കഴിക്കുന്നത്. വിഖ്യാത ബോളിവുഡ് എഴുത്തുകാരന്‍ ഷാരൂഖ് മിര്‍സയുടെ മകനാണ് ഫര്‍ഹാന്‍. എന്നാല്‍ അഞ്ച് വര്‍്ഷത്തിന് ശേഷം ഇരുവരും രണ്ട് വഴയ്ക്ക് പിരിഞ്ഞു. ഈ ബന്ധത്തിലാണ് രണ്ട് മക്കളുള്ളത്. ഫർഹാനെ വിവാഹം കഴിച്ചതിന് ശേഷം ചാഹത്ത് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. എന്നാല്‍ വിവാഹ മോചനത്തിന് ശേഷം ഹിന്ദു മതത്തിലേക്ക് മടങ്ങി. ഭർത്താവിനതിരെ ലെെംഗിക അതിക്രമം അടക്കം ആരോപിച്ചിരുന്നു ചാഹത്ത്.
ടെലിവിഷന്‍ ലോകത്തും സിനിമാ ലോകത്തും സാന്നിധ്യം അറിയിച്ച നടിയാണ് ചാഹത്ത് ഖന്ന. ജനപ്രീയ പരമ്പര ബഡേ അച്ഛേ ലഗ്‌തേ ഹേയില്‍ ആയിഷ ശര്‍മ, ഖുബൂല്‍ ഹേയിലെ നിദ ബെഗ് എന്നീ കഥാപാത്രങ്ങള്‍ അഭിനയിച്ചാണ് ചാഹത്ത് കയ്യടി നേടുന്നത്. തന്റെ പതിനാറാം വയസിലാണ് ചാഹത്ത് കരിയര്‍ ആരംഭിക്കുന്നത്. പരസ്യ ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീടാണ് സച്ചി ബാത്ത് സഭി ജഗ് ജാനെ എന്ന പരമ്പരയിലൂടെയാണ് ടെലിവിഷന്‍ കരിയര്‍ ആരംഭിക്കുന്നത്.
ചാഹത്തിന് ബ്രേക്ക് നല്‍കുന്ന സിനിമ 7 1/2 ഫേരെ ആണ്. പിന്നീട് താങ്ക് യു, പ്രസ്താനം, യാത്രീസ് എന്നീ സിനിമകളിലും അഭിനയിച്ചു. സിനിമയേക്കാള്‍ ചാഹത്തിന് പേര് നേടിക്കൊടുത്തത് ടെലിവിഷന്‍ പരമ്പരകളാണ്. ചാഹത്തിന്റെ തുറന്ന് പറച്ചിലുകള്‍ ചർച്ചയായി മാറുകയാണ്. നേരത്തേയും തന്റെ പ്രസ്താവനകളിലൂടെ ചാഹത്ത് വാർത്തകളില്‍ ഇടം നേടിയിരുന്നു. മുന്‍ ഭർത്താവ് തന്നെ മതം മാറാന്‍ നിർബന്ധിച്ചതാണെന്ന് വരെ താരം ആരോപിച്ചിരുന്നു. ആ വിവാദങ്ങളൊക്കെ പിന്നീട് കെട്ടടങ്ങി.


Click it and Unblock the Notifications