അന്ന് മറ്റൊരു മാർഗവും എന്റെ മുന്നിൽ ഇല്ലായിരുന്നു; നെപ്പോട്ടിസം എന്നെയും ബാധിച്ചിരുന്നു: ദീപിക പദുകോൺ
ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. 2007ൽ ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലൂടെ കരിയര്‍ ആരംഭിച്ച ദീപികയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പിന്നാലെ ഒന്നായി ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി വളരുകയായിരുന്നു ദീപിക. ഹോളിവുഡിൽ നിന്നടക്കം നിരവധി അവസരങ്ങൾ ദീപികയെ തേടിയെത്തി. ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട് ദീപികയ്ക്ക്.
യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെയാണ് ദീപിക ബോളിവുഡിലേക്ക് എത്തിയത്. സൂപ്പർ ഹിറ്റ് സിനിമയുടെ ഭാഗമായികൊണ്ട് അരങ്ങേറാൻ സാധിച്ചെങ്കിലും ആദ്യകാലം തനിക്ക് അത്ര എളുപ്പമായിരുന്നില്ല എന്നാണ് ദീപിക പറയുന്നത്. അടുത്തിടെ വോഗിന് നൽകിയ അഭിമുഖത്തിലാണ് ദീപിക മനസു തുറന്നത്.

"തുടക്കകാലത്ത് എനിക്ക് തൊഴില്‍പരമായി മാത്രമല്ല, വ്യക്തിപരമായും ധാരാളം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉണ്ടായിരുന്നു. ഒരു പുതിയ മേഖല, കുടുംബമോ സുഹൃത്തുക്കളോ കൂട്ടിനില്ല, പുതിയ നഗരം, പുതിയ ആളുകൾ, ഞാനാകട്ടെ ഒരു ചെറിയ പെൺകുട്ടിയും. ഭാരമുള്ള ബാഗുമായാണ് യാത്രയും ഭക്ഷണവുമെല്ലാം, അന്ന് അത് ഒരു ഭാരമായി കരുതിയിരുന്നില്ല.
വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഉറക്കം, തന്റെ ക്ഷേമത്തെയും ആരോഗ്യത്തെയും കുറിച്ചായിരുന്നു അമ്മയുടെ ആശങ്ക. എന്നാൽ ആ ദിവസങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അതെല്ലാം ഒറ്റയ്ക് ചെയ്തതിൽ അഭിമാനം തോന്നുന്നു." ദീപിക പറയുന്നു. നെപ്പോട്ടിസത്തെ എങ്ങനെ കൈകാര്യം ചെയ്തു എന്ന ചോദ്യത്തിന്, എനിക്ക് വേറെ വഴിയില്ലായിരുന്നു എന്ന മറുപടിയാണ് ദീപിക നൽകിയത്.
"15- 20 വർഷങ്ങൾക്ക് മുൻപ് ചലച്ചിത്രമേഖലയ്ക് പുറത്തുനിന്നുള്ള ഒരാളായി ബോളിവുഡിലേക്ക് എത്തിയപ്പോൾ മറ്റൊരു മാർഗവും എന്റെ മുൻപിൽ ഇല്ലായിരുന്നു. തങ്ങളുടെ മാതാപിതാക്കൾക്ക് ഒരു ഹോൾഡുമില്ലാത്ത മേഖലയിലോ തൊഴിലിലോ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ഇതൊരു ഭാരിച്ച കടമയാണ്. നെപ്പോട്ടിസം പോലുള്ള കാര്യങ്ങൾ നമ്മൾ അറിയാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. ഇത് അന്നും ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഇനിയും നിലനിൽക്കും. അതാണ് യാഥാർത്ഥ്യം." ദീപിക പറഞ്ഞു.

തന്റെ മോഡലിംഗ് കരിയറിന്റെ തുടക്കത്തിൽ, വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ ധാരാളം വന്നിരുന്നുവെന്നും എന്നാൽ ഇന്ത്യയാണല്ലോ തന്റെ വീടെന്ന് കരുതി ഇവിടെ തുടരുകയായിരുന്നെന്നും ദീപിക വ്യക്തമാക്കി. "ഗുരുക്കന്മാരടക്കം എല്ലാവരും പറഞ്ഞത്, നിങ്ങൾ ഇവിടെ അല്ല, പാരീസിലോ ന്യൂയോർക്കിലോ മിലാനിലോ ആയിരിക്കണം മോഡലിംഗ് ചെയ്യേണ്ടത് എന്നാണ്. എന്നാൽ ആ സ്ഥലങ്ങൾ എന്റെ വീടല്ല, ഇന്ത്യയാണല്ലോ എന്റെ വീട് എന്നാണ് ഞാനോർത്തത്," ദീപിക പറഞ്ഞു.
അതേ സമയം കരിയറിൽ മികച്ച ഘട്ടത്തിലൂടെയാണ് ദീപിക കടന്നു പോകുന്നത്. ദീപികയുടേതായി ഈ വർഷം പുറത്തിറങ്ങിയ പത്താൻ, ജവാൻ തുടങ്ങിയ രണ്ടു ചിത്രങ്ങളും ആയിരം കോടി കളക്ഷൻ നേടിയിരുന്നു. ഇതിൽ ജവാനിൽ അതിഥി വേഷത്തിലായാണ് ദീപിക എത്തിയത്. എങ്കിലും പ്രധാനമുള്ള വേഷമായിരുന്നു താരത്തിന്റേത്. കൽക്കി 2898 എഡി, ഫൈറ്റർ , സിംഗം എഗൈൻ തുടങ്ങിയ സിനിമകളാണ് ദീപികയുടേതായി അണിയറയിൽ ഉള്ളത്. മൂന്നും ബിഗ് ബജറ്റിൽ ഒരുങ്ങുന്ന വമ്പൻ ചിത്രങ്ങളാണ്.


Click it and Unblock the Notifications