ടോയ്‌ലറ്റ് പോലുമില്ല, മരത്തിനും പാറകള്‍ക്കും പിന്നില്‍ പോകേണ്ടി വന്നില്ല; സെറ്റിലെ ദുരനുഭവം പങ്കിട്ട് ദിയ മിർസ
ബോളിവുഡിലെ മുന്‍നിര നായികയാണ് ദിയ മിര്‍സ. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയാണ് ദിയ മിര്‍സ ബോളിവുഡിലെത്തുന്നത്. 2001 ല്‍ പുറത്തിറങ്ങിയ കള്‍ട്ട് ക്ലാസിക്കായി മാറിയ രഹ്നാ ഹേ തേരെ ദില്‍ മേം ആയിരുന്നു ദിയയുടെ അരങ്ങേറ്റ സിനിമ. പിന്നീട് കരിയറില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും ദിയ മിര്‍സ കയ്യടി നേടാറുണ്ട്.
ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന വേര്‍തിരിവുകളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ദിയ മിര്‍സ. ബിബിസി ഹിന്ദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിയ മിര്‍സ മനസ് തുറന്നത്. സ്ത്രീകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും അന്ന് ലഭ്യമായിരുന്നില്ല എന്നാണ് ദിയ മിര്‍സ പറയുന്നത്.

''വളരെ കുറച്ച് സ്ത്രീകള്‍ മാത്രമായിരുന്നു അന്ന് സെറ്റില്‍ ജോലി ചെയ്തിരുന്നത്. അതിനാല്‍ ധാരാളം പ്രതിസന്ധികളുണ്ടായിരുന്നു. ഞങ്ങളോട് വേര്‍തിരിവ് കാണിച്ചിരുന്നു. ഞങ്ങള്‍ക്ക് ലഭ്യമാക്കിയ സൗകര്യങ്ങളില്‍ അതുണ്ടായിരുന്നു. ചെറിയ വാനിറ്റി വാനായിരുന്നു ലഭിച്ചിരുന്നത്. പാട്ട് ചിത്രീകരിക്കാന്‍ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ടോയ്‌ലറ്റ് പോലുമുണ്ടാകില്ല. മരങ്ങള്‍ക്കോ പാറകള്‍ക്കോ പുറകില്‍ പോകേണ്ടി വരും. വലിയ ഷീറ്റ് വച്ച് മൂന്ന് പേര്‍ മറച്ചു പിടിക്കേണ്ടി വരും. വസ്ത്രം മാറാന്‍ ഇടമില്ല. സ്വകാര്യതയും വൃത്തിയും അന്യമായിരുന്നു'' എന്നാണ് ദിയയുടെ വെളിപ്പെടുത്തല്‍.
അതേസമയം, നടന്മാര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നുവെന്നും ദിയ പറയുന്നുണ്ട്. ''പുരുഷന്മാര്‍ വരാന്‍ വൈകിയാല്‍ പോലും ആരും ഒന്നും പറയില്ല. പക്ഷെ സ്ത്രീകള്‍ കാരണം ചെറുതായി വൈകിയാല്‍ പോലും ഞങ്ങളെ അണ്‍പ്രൊഫഷണല്‍ ആക്കിക്കളയുമായിരുന്നു'' ദിയ പറയുന്നു. നേരത്തെ തനിക്ക് മാധ്യമങ്ങളില്‍ നിന്നും നേരിടേണ്ടി വന്ന കടുത്ത വിമര്‍ശനങ്ങളെക്കുറിച്ചും ദിയ മിര്‍സ വെളിപ്പെടുത്തിയിരുന്നു. സിനിമാ പാരമ്പര്യമൊന്നും ഇല്ലാതിരുന്നതിനാല്‍ തുടക്കകാലത്ത് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതിനെക്കുറിച്ചും നേരത്തെ ദിയ മിര്‍സ വെളിപ്പെടുത്തിയിരുന്നു.

''എന്റെ ഹൃദയം തന്നെ നല്‍കാന്‍ ഞാന്‍ ഒരുക്കമായ ഗംഭീര സംവിധായകരുണ്ട്. അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷെ അവര്‍ എന്നെ കാസ്റ്റ് ചെയ്തിട്ടില്ല, കാരണം ഞാന്‍ കാണാന്‍ കൂടുതല്‍ സുന്ദരിയാണെന്നാണ് പറയുന്നത്. അത് സാരമില്ല. പക്ഷെ ഒരു കാര്യം പറയേണ്ടതുണ്ട്. കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അതേ സംവിധായകര്‍ ഇന്ന് എനിക്കൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. '' എന്നാണ് ദിയ പറയുന്നത്.
നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ദിയ മിര്‍സ. നായികയായും സഹനടിയായുമെല്ലാം കയ്യടി നേടി. ഓഫ് സ്‌ക്രീനില്‍ ശക്തമായ നിലപാടുകളിലൂടേയും ദിയ മിര്‍സ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ദക്ക് ദക്ക് ആണ് ദിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാന്‍ നായകനായ ഡങ്കിയാണ് ദിയയുടെ ഏറ്റവും പുതിയ സിനിമ. ബിഗ് സ്‌ക്രീനിന് പുറമെ ഒടിടിയിലും ദിയ മിര്‍സ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാഫിര്‍, മൈന്‍ഡ് ദ മല്‍ഹോത്രാസ്, മെയ്ഡ് ഇന്‍ ഹെവന്‍ തുടങ്ങിയ സീരീസുകളിലും ദിയ മിര്‍സ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











