മാധവന്‍ ചെയ്തത് അസ്വസ്ഥതപ്പെടുത്തി, എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല: ദിയ മിര്‍സ
ബോളിവുഡിലെ നിറ സാന്നിധ്യമാണ് ദിയ മിര്‍സ. മിസ് ഏഷ്യ പസഫിക് ഇന്റര്‍നാഷണല്‍ പട്ടം നേടിയാണ് ദിയ മിര്‍സ സിനിമയിലെത്തുന്നത്. 2001 ല്‍ പുറത്തിറങ്ങിയ രെഹ്നാ ഹേ തേരെ ദില്‍ മേം എന്ന ചിത്രത്തിലൂടെയാണ് ദിയ താരമായി മാറുന്നത്. നേരത്തെ തമിഴില്‍ പുറത്തിറങ്ങിയ മിന്നലെ എന്ന സിനിമയുടെ ഹിന്ദി റീമേക്കായിരുന്നു രെഹ്നാ ഹേ തേരെ ദില്‍ മേം. ദിയ മിര്‍സയ്‌ക്കൊപ്പം മാധവന്റേയും ബോളിവുഡ് എന്‍ട്രി കുറിച്ച സിനിമയായിരുന്നു ഇത്.
അന്ന് തീയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പിന്നീട് കള്‍ട്ടായി മാറുകയായിരുന്നു രെഹ്നാ ഹേ തേരെ ദില്‍ മേം. അതേസമയം ചിത്രത്തിലെ കഥാപാത്രങ്ങളിലും സന്ദര്‍ഭങ്ങളിലുമെല്ലാമുള്ള പരമ്പരാഗത ചിന്താഗതിയെ പലപ്പോഴായി വിമര്‍ശിച്ചിട്ടുണ്ട് സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള തന്റെ ഓര്‍മ്മകളും മറ്റും പങ്കുവെക്കുകയാണ് ദിയ മിര്‍സ.

ചിത്രത്തില്‍ മാധവന്റെ കഥാപാത്രം തന്റെ കഥാപാത്രത്തെ പിന്തുടരുന്നത് അന്നും ഇന്നും തന്നെ അസ്വസ്ഥയാക്കുന്നതാണെന്നാണ് ദിയ മിര്‍സ പറയുന്നത്. ''മാധവന്റെ കഥാപാത്രം എന്നെ പിന്തുടരുന്നത് എന്നെ അസ്വസ്ഥമാക്കിയിരുന്നു. അവളത് മനസിലാക്കുന്നുണ്ട്. അവനോട് പോകാന്‍ പറയുന്നുണ്ട്. പക്ഷെ ആളുകള്‍ അത് മറക്കും. കാരണം അവസാനമാകുമ്പോഴേക്കും മാഡിയുടെ കഥാപാത്രത്തിന്റെ ശക്തമായ മൂല്യങ്ങള്‍ ഉണ്ടെന്നതാണ് ഓര്‍ത്തിരിക്കുക. ബഹുമാനവും ദയയുമുള്ള, മുഖ്യമായും സദ്ദുദ്ദേശമുള്ള കഥാപാത്രമാണ്'' എന്നാണ് ദിയ പറഞ്ഞത്.
ചിത്രത്തിലെ തന്റെ കഥാപാത്രമായ റീന മാഡി, സാം എന്നിവരില്‍ നിന്നുമൊരാളെ തിരഞ്ഞെടുക്കുന്നതില്‍ ശരിയായിരുന്നുവോ എന്ന ചോദ്യത്തിനും ദിയ മറുപടി പറയുന്നുണ്ട്. സാമിനെ പോലൊരാളെ റീന എന്തിന് ഒഴിവാക്കിയെന്ന് താന്‍ അത്ഭുതപ്പെട്ടുവെന്നാണ് ദിയ പറയുന്നത്. ചിത്രത്തില്‍ സാം ആയി എത്തിയത് സെയ്ഫ് അലി ഖാന്‍ ആയിരുന്നു.
''എന്തു പറയാനാണ്. ഞാനും അത് ആലോചിക്കാറുണ്ട്. സെയ്ഫ് എത്ര നല്ല ആളാണ്, പിന്നെ എന്തിനാണ് അവള്‍ അവനെ ഉപേക്ഷിച്ച് പോയതെന്ന്. അത് ഹം ദില്‍ ദേ ചുക്കേ സനമില്‍ കാണിക്കുന്നുണ്ട്. ചിലപ്പോള്‍ ഒരു സിനിമ ഒരു പോയന്റ് ഓഫ് വ്യൂ കാണിച്ച് തരുമ്പോള്‍ മറ്റൊരു സിനിമ വേറൊരു പോയന്റ് ഓഫ് വ്യൂ കാണിച്ചു തരും'' എന്നായിരുന്നു ദിയയുടെ പ്രതികരണം.

സിനിമയിലെ താരകുടുംബങ്ങളുടെ പിന്തുണയൊന്നുമില്ലാതെ കടന്നു വന്ന നടിയാണ് ദിയ മിര്‍സ. അതുകൊണ്ട് തന്നെ തുടക്കകാലത്ത് തനിക്ക് ധാരാളം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നാണ് ദിയ പറയുന്നത്. പതിനെട്ടാം വയസിലാണ് ദിയ അഭിനയ ജീവിതം ആരംഭിക്കുന്നത്. മുംബൈയില്‍ ഒറ്റയ്ക്കായിരുന്നു താന്‍ താമസിച്ചിരുന്നതെന്നും തനിക് ഗോഡ്ഫാദര്‍ ഇല്ലായിരുന്നുവെന്നും ദിയ പറയുന്നു.
രഹ്നാ ഹേ തേരെ ദില്‍ മേം എന്ന ചിത്രത്തിന് ശേഷം നിരവധി ഹിറ്റുകളുടെ ഭാഗമായി മാറാന്‍ ദിയ മിര്‍സയ്ക്ക് സാധിച്ചു. ഹിന്ദിയ്ക്ക് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ദക്ക് ദക്ക് ആണ് പുതിയ സിനിമ. ഭീഡ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാന്‍ നായകനായ ഡങ്കിയിലും ഒരു പ്രധാന വേഷത്തില്‍ ദിയ എത്തുന്നുണ്ട്. സിനിമയ്ക്ക് പുറമെ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. മെയ്ഡ് ഇന്‍ ഹെവനിലാണ് ഒടുവിലായി സ്‌ക്രീനില്‍ ദിയയെ കണ്ടത്.


Click it and Unblock the Notifications











