വാണിയുടെ മുഖമാകെ മാറിപ്പോയി, കാരണം പ്ലാസ്റ്റിക് സര്‍ജറിയോ? ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കി വാണി കപൂര്‍
ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് വാണി കപൂര്‍. സുശാന്ത് സിങ് നായകനായ ശുദ്ധ് ദേസി റൊമാന്‍സിലൂടെയായിരുന്നു വാണി കപൂറിന്റെ അരങ്ങേറ്റം. ആദ്യ ചിത്രം മുതല്‍ക്കെ ശ്രദ്ധ നേടാന്‍ വാണി കപൂറിന് സാധിച്ചിട്ടുണ്ട്. അതേസമയം ബേഫിക്കറെ എന്ന ചിത്രത്തിലെ വാണി കപൂറിന്റെ ലുക്ക് പല തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വഴി തെളിയിച്ചിരുന്നു. വാണിയ്ക്ക് വന്ന മാറ്റം താരം പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയായെന്ന തരത്തിലുള്ള സംശയങ്ങള്‍ക്കാണ് ഇട നല്‍കിയത്.
പിന്നാലെ വാണിയ്‌ക്കെതിരെ ബോഡി ഷെയ്മിംഗും പ്ലാസ്റ്റിക് സര്‍ജറി ആരോപണങ്ങളും ശക്തമായി. സോഷ്യല്‍ മീഡിയയില്‍ നിന്നും കനത്ത വിമര്‍ശനങ്ങളും ട്രോളുകളുമാണ് വാണിയ്ക്ക് നേരിടേണ്ടി വന്നത്. ഇതിന് പുറമെ ഔട്ട് സൈഡര്‍ എന്ന നിലയിലും വാണി പ്രതിസന്ധികള്‍ നേരിട്ടു. ഒരിക്കല്‍ ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെക്കുറിച്ച് വാണി സംസാരിക്കുകയുണ്ടായി.

''എന്റെ വികാരങ്ങള്‍ എല്ലാവര്‍ക്കും കാണാന്‍ വേണ്ടി ഞാന്‍ പുറമെ കാണിക്കാറില്ല. ഞാനും സാധാരണ മനുഷ്യനാണ്, അതിനാല്‍ എനിക്കും വേദനിക്കും. നമ്മളെ വേദനിപ്പിക്കാന്‍ തയ്യാറായി നടക്കുന്ന ചില സാഡിസ്റ്റുകളുണ്ട്. അതിനാലാണ് ഞാന്‍ എല്ലാത്തില്‍ നിന്നും അകലം പാലിക്കുന്നത്'' എന്നായിരുന്നു വാണിയുടെ പ്രതികരണം. അതേസമയം തന്റെ പാഷന്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും വാണി കപൂര്‍ പറയുന്നു.
''അവര്‍ എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ കുഴപ്പമില്ല. ഞാന്‍ തോല്‍ക്കില്ല. ഞാന്‍ എന്റെ ജോലി ചെയ്യുന്നത് തുടരും. ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ഫലം കാണാനാകും. നമ്മളുടെ ഹൃദയം ശരിയായ ഇടത്താണെങ്കില്‍ ആളുകള്‍ ഇന്നല്ലെങ്കില്‍ നാളെ അത് തിരിച്ചറിയും. ശരിയായ കാരണങ്ങളാല്‍ അവര്‍ കണക്ട് ചെയ്യും'' എന്നും വാണി കപൂര്‍ പറയുന്നുണ്ട്. താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖത്ത് മാറ്റം വരുത്തിയെന്ന ആരോപണങ്ങള്‍ക്കും വാണി കപൂര്‍ മറുപടി നല്‍കുന്നുണ്ട്.

''എന്റെ ഭാരം കുറഞ്ഞിട്ടുണ്ട്. അതിനാല്‍ മുഖത്ത് മാറ്റം വന്നിട്ടുണ്ടാകും. പാരീസില്‍ നല്ല തണുപ്പുള്ള സമയത്താണ് ഷൂട്ട് ചെയ്തത്. ക്യാമറ സൂം ഇന്നും സൂം ഔട്ടും ചെയ്തു കൊണ്ടേയിരുന്നു. എന്റെ മുഖം ഓരോ ആംഗിളിലും വ്യത്യസ്തമായിട്ടാണ് കാണുക. എനിക്ക് സര്‍ജറി നടത്താനുള്ള കാശില്ല. ഞാനാകെ ഒരു സിനിമ മാത്രമാണ് ചെയ്തിട്ടുള്ളത്'' എന്നായിരുന്നു അന്ന് വാണി കപൂര്‍ പറഞ്ഞത്.
ശുദ്ധ് ദേസി റൊമാന്‍സിലൂടെയായിരുന്നു വാണിയുടെ അരങ്ങേറ്റം. സുശാന്ത് സിംഗ് രജ്പുത് നായകനായ ചിത്രത്തില്‍ പരിനീതി ചോപ്രയും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രം ഹിറ്റായി മാറുകയും വാണിയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. പിന്നീട് ആഹാ കല്യാണത്തിലൂടെ വാണി തമിഴിലുമെത്തി. ബേഫിക്കരെ, വാര്‍, ബെല്‍ബോട്ടം, ചണ്ഡീഗഡ് കരേ ആഷിഖി, ഷംഷേര എന്നീ ചിത്രങ്ങളിലാണ് വാണി കപൂര്‍ പിന്നീട് അഭിനയിച്ചത്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തേക്കും സാന്നിധ്യമായി മാറാന്‍ തയ്യാറെടുക്കുകയാണ് വാണിയിപ്പോള്‍.


Click it and Unblock the Notifications











