കുടുംബം പട്ടിണിയിൽ! 11-ാം വയസിൽ പഠനം നിർത്തി പണിക്ക് പോകാൻ പറഞ്ഞ അമ്മ; എആർ റഹ്മാന്റെ കുട്ടിക്കാലം!
സംഗീത പ്രേമികൾക്ക് എന്നും വിസ്മയമാണ് എ ആര്‍ റഹ്മാൻ എന്ന സംഗീതജ്ഞനും അദ്ദേഹത്തിന്റെ മാസ്മരിക സംഗീതവും. സൂപ്പർ ഹിറ്റായ റോജ എന്ന സിനിമയിലെ ഗാനങ്ങൾ ഒരുക്കി കൊണ്ടായിരുന്നു എ ആര്‍ റഹ്മാന്‍ എന്ന മാന്ത്രികന്റെ സിനിമാ സംഗീത ലോകതേയ്ക്കുള്ള കടന്നുവരവ്. പിന്നീട് റഹ്മാന്റെ സംഗീതം ഇന്ത്യ മുഴുവൻ കേൾക്കുകയും ഏറ്റുപാടുകയും ചെയ്തു. ഇന്ന് ലോകം മുഴുവന്‍ ആരാധകരുള്ള സംഗീതജ്ഞനാണ് അദ്ദേഹം. രണ്ട് വട്ടം ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയ എ ആർ റഹ്മാൻ ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച അതുല്യപ്രതിഭ കൂടിയാണ്.
അച്ഛന്റെ മരണശേഷം വളരെ ചെറുപ്പത്തിൽ തന്നെ സംഗീതജ്ഞനായി ജോലി ആരംഭിച്ചതാണ് എ ആർ റഹ്മാൻ. എ ആർ റഹ്മാന് ഒമ്പത് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ അച്ഛൻ ആർ കെ ശേഖർ മരിക്കുന്നത്. ഒരിക്കൽ ഓ2ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിൽ, കുടുംബം പട്ടിണിയിലായതോടെ മകനോട് പഠനം നിർത്തി പണിക്ക് പോകാൻ താൻ ആവശ്യപ്പെട്ടതായി എ ആർ റഹ്മാന്റെ അമ്മ കരീമ ബീഗം പറയുകയുണ്ടായി.

യഥാർത്ഥത്തിൽ അന്ന് മുതൽ ജോലി ചെയ്യാൻ തുടങ്ങിയതാണ് എ ആർ റഹ്മാൻ. കുറച്ചുകാലം, പഠനത്തിനിടയിൽ തന്നെ സംഗീതജ്ഞനായി ജോലി ചെയ്തു, എന്നാൽ അതിലൊന്നിൽ മാത്രമേ അദ്ദേഹത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂ എന്ന് വ്യക്തമായിരുന്നു. 'ഒന്നിലെങ്കിൽ പഠിക്കാം അല്ലെങ്കിൽ ജോലി ചെയ്യാം' എന്നാണ് റഹ്‌മാൻ പറഞ്ഞിരുന്നതെന്ന് അമ്മ പറയുന്നു. 'എന്നാൽ ഞങ്ങൾക്ക് മുന്നോട്ട് പോകണമെങ്കിൽ, അവൻ സമ്പാദിക്കണമായിരുന്നു. അതിനാൽ, അവനോട് സംഗീതത്തിൽ തുടരാനും പഠനം നിർത്താനുമാണ് ഞാൻ ആവശ്യപ്പെട്ടത്', അമ്മ കൂട്ടിച്ചേർത്തു.
പ്രധാന ആർട്ടിസ്റ്റിന്റെ അസിസ്റ്റന്റ് ആയിട്ടായിരുന്നു റഹ്‌മാൻ അന്ന് പ്രവർത്തിച്ചിരുന്നത്. എന്നാൽ സ്‌കൂൾ വിടുന്നതിനോട് റഹ്മാന് താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരി എ ആർ റെയ്‌ഹാന ഇക്കാര്യം പങ്കുവച്ചിരുന്നു. പഠിത്തത്തിൽ അത്ര മികവ് പുലർത്തിയിരുന്നില്ലെങ്കിലും, സ്‌കൂൾ വിടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല എന്നാണ് അവർ പറഞ്ഞത്. കുടുംബം മുന്നോട്ട് പോകണമെങ്കിൽ അത് ആവശ്യമായിരുന്നു. ആ സമയത്ത് തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന സങ്കടവും സഹോദരി പങ്കുവച്ചു.

'എന്റെ കുട്ടിക്കാലം സാധാരണമായിരുന്നില്ല. അൽപം ഒറ്റപ്പെട്ടത് പോലൊരു ജീവിതമായിരുന്നു. അച്ഛന്റെ ചികിത്സയ്‌ക്ക് വേണ്ടി ഞാൻ പലപ്പോഴും അച്ഛനൊപ്പം ആശുപത്രികളിൽ ആയിരുന്നു താമസം. 11-ഓ 12-ഓ വയസ്സിൽ ഞാൻ ജോലി ചെയ്യാൻ തുടങ്ങി. പുറത്തു കറങ്ങാൻ പോകാനോ, കൂട്ടുകാർക്കൊപ്പം കളിക്കാനോ കഴിയുന്ന സാഹചര്യം എനിക്കില്ലായിരുന്നു. പക്ഷേ, എനിക്ക് മാത്രമായി കിട്ടുന്ന ചില സമയങ്ങൾ ഉണ്ടായിരുന്നു, അത് ഞാൻ കൂടുതലും സംഗീതത്തിന് വേണ്ടി ചെലവഴിച്ചു. ഇത് ഒരു തരത്തിൽ ഒരു അനുഗ്രഹമായി മാറി, ' എന്നാണ് എ ആർ റഹ്മാൻ പറഞ്ഞത്.


Click it and Unblock the Notifications