രണ്ടു വിവാഹമോചനങ്ങൾ, മൂന്ന് പ്രണയങ്ങൾ; 90-ാം വയസ്സിലും പ്രണയത്തിലായിരിക്കുമെന്ന് പറഞ്ഞ അനുരാഗ് കശ്യപ്!
ബോളിവുഡില്‍ റിയലിസ്റ്റിക് സിനിമകളൊരുക്കി ശ്രദ്ധനേടിയ സംവിധായകനാണ് അനുരാഗ് കശ്യപ്. സംവിധായകൻ എന്നതിന് പുറമെ തിരക്കഥാകൃത്തായും നിർമാതാവായും അനുരാഗ് തിളങ്ങിയിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തും സ്വീകരിക്കുന്ന നിലപാടുകളിലൂടെയും കയ്യടി നേടാറുണ്ട് അദ്ദേഹം. ഒന്നിലധികം വിവാഹമോചനങ്ങളും പ്രണയങ്ങളും സംവിധായകന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. 47-കാരനായ അനുരാഗ് ഇതേക്കുറിച്ചെല്ലാം പലപ്പോഴായി തുറന്നുപറഞ്ഞിട്ടുണ്ട്.
പ്രമുഖ ഫിലിം എഡിറ്ററായ ആരതി ബജാജ് ആയിരുന്നു അനുരാഗിന്റെ ആദ്യ പങ്കാളി. കോളേജിൽ വച്ച് കണ്ടുമുട്ടി പ്രണയത്തിലായ ഇവർ 1997 ലാണ് വിവാഹിതരായത്. എന്നാൽ 2009ൽ ഇവർ വിവാഹമോചിതരായി. ഈ ബന്ധത്തിൽ ആലിയ എന്ന 18 വയസ്സുള്ള മകളുണ്ട് അനുരാഗിന്. ജബ് വി മെറ്റ് അടക്കം നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. കരിയറിലെ വീഴ്ചകളാണ് ദാമ്പത്യ ജീവിതത്തെയും ബാധിച്ചതെന്നായിരുന്നു റിപ്പോർട്ട്.

പലപ്പോഴും മുറിക്കുള്ളിൽ അടച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു അനുരാഗ്. ആരതിയുമായുള്ള വിവാഹമോചനത്തിന് ശേഷം നടി കൽക്കി കോച്ച്‌ലിനുമായി പ്രണയത്തിലായ അനുരാഗ് അവരെ വിവാഹം ചെയ്‌തു. ദേവ് ഡി എന്ന സിനിമയ്ക്കിടെ പ്രണയത്തിലായ ഇവർ കുറച്ചുകാലം ലിവ്-ഇൻ റിലേഷനിൽ തുടർന്ന ശേഷം 2011ൽ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. അനുരാഗിന്റെ സത്യസന്ധതയാണ് തന്നെ ആകർഷിച്ചതെന്ന് കൽക്കി മുൻപ് പറഞ്ഞിട്ടുണ്ട്.
എന്നാൽ ഇവരുടെ ദാമ്പത്യ ജീവിതത്തിന് അധികം ആയുസുണ്ടായിരുന്നില്ല. 2013ൽ വേർപിരിഞ്ഞ ഇവർ 2015ൽ നിയമപരമായി വിവാഹമോചനം നേടി. ആദ്യമൊന്നും ഇതിന്റെ കാരണം ഇരുവരും തുറന്നുപറയാൻ തയ്യാറായിരുന്നില്ല. പിന്നീട് കൽക്കി ഇതേക്കുറിച്ച് മനസുതുറന്നു. അനുരാഗിന്റെ ദേഷ്യമാണ് നടി കാരണമായി പറഞ്ഞത്. മറ്റുള്ളവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പികുന്നത് അദ്ദേഹം മനസിലാക്കുന്നില്ല എന്നൊരു കമന്റും നടി നടത്തിയിരുന്നു.
പിരിഞ്ഞെങ്കിലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് കൽക്കിയെന്ന് അനുരാഗ് ഒരിക്കൽ പറഞ്ഞിരുന്നു. കൽക്കിയുമായി പിരിഞ്ഞശേഷം നടി ഹുമ ഖുറേഷിയുമായി സംവിധായകൻ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കുകയുണ്ടായി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു ഇത്. എന്നാൽ അനുരാഗ് ഈ വാർത്തകൾ നിഷേധിച്ചു.
തീർത്തും വ്യാജമായ വാർത്തകളാണ് അതെന്നും ഹുമയെ ആണ് ഇത് ബാധിക്കുന്നതെന്നും അനുരാഗ് പറഞ്ഞു. വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയും അദ്ദേഹം തുറന്നടിക്കുകയുണ്ടായി. അതിനിടെ തന്റെ അസിസ്റ്റന്റ് ഡയറക്ടറായ സബ്രീന ഖാനുമായി സംവിധായകൻ പ്രണയത്തിലാണെന്ന വാർത്തകളും പുറത്തുവന്നു. 2014ലാണ് ഇത്. ഇരുവരും അവധിക്കാലം ആഘോഷിക്കാൻ യൂറോപ്പിലേക്ക് പോയതായും കുറച്ച് ദിവസങ്ങൾ പാരീസിൽ ചിലവഴിച്ചതായുള്ള വാർത്തകളും പ്രചരിച്ചു.
അനുരാഗിനെക്കാൾ പ്രായം കുറവായിരുന്നു സബ്രീനയ്ക്ക് എന്നാൽ അത് തനിക്കൊരു പ്രശ്നമല്ലെന്നാണ് അനുരാഗ് പറഞ്ഞത്. ബോംബെ വെൽവെറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഈ അഭ്യൂഹങ്ങൾ പ്രചരിച്ചത്. എന്നാലിത് അധികനാൾ നീണ്ടുനിന്നില്ല, ഒരു വർഷത്തിനുള്ളിൽ ഇവർ വേർപിരിഞ്ഞു.
ഇതിനു പിന്നാലെയാണ് അസിസ്റ്റന്റ് ഡയറക്ടറായ ശുഭ്ര ഷെട്ടിയുമായി അനുരാഗ് ഡേറ്റിങ്ങിലാണെന്ന ഗോസിപ്പുകൾ വരുന്നത്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയായായിരുന്നു വാർത്തകൾ. പിന്നീട് അനുരാഗ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. 2015 മുതൽ പ്രണയത്തിലായ ഇവർ 2018ലാണ് തങ്ങൾ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുന്നത്. 20 വയസ്സിന്റെ വ്യത്യാസമാണ് ഇവർ തമ്മിലുള്ളത്.

'ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ ഒരു ബന്ധത്തിലാണ്. ഇത് നിങ്ങൾ ആരെങ്കിലും അറിയേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല' എല്ലാവരും ഏതെങ്കിലും ഘട്ടത്തിൽ ആരെങ്കിലുമൊക്കെയായി പ്രണയത്തിലായിരിക്കണം. പ്രണയമെന്ന വികാരം ഞാൻ ഇഷ്ടപ്പെടുന്നു. 90 വയസ്സിലും ഞാൻ പ്രണയത്തിലായിരിക്കും' എന്നാണ് അഭ്യൂഹങ്ങൾ സ്ഥിരീകരിച്ചുകൊണ്ട് അനുരാഗ് കശ്യപ് പറഞ്ഞത്.
താൻ ഒരിക്കലും തന്റെ പ്രണയങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴും ലിവിങ് റിലേഷനിൽ തുടരുകയാണ് ഇരുവരും. തന്റെ ജീവിതത്തിലെ സന്തോഷകരമായ ഘട്ടമാണിതെന്നാണ് ശുഭ്രയുമായുള്ള പ്രണയജീവിതത്തെ അനുരാഗ് വിശേഷിപ്പിച്ചിട്ടുള്ളത്.


Click it and Unblock the Notifications











