ഞാൻ സിംഗിളായി തുടരുന്നതിന് കാരണം ആ നടനാണ്! അയാളിപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകും; തബു പറഞ്ഞത്
തൊണ്ണൂറുകളിൽ ബോളിവുഡിൽ തരംഗം തീർത്ത നായികമാരിൽ ഒരാളാണ് തബു. വാണിജ്യ സിനിമകളിലും സമാന്തര സിനിമകളിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം ഇന്നും സിനിമകളിൽ സജീവമാണ്. ഗംഭീര പ്രകടനങ്ങൾ കൊണ്ട് നിരവധി വേഷങ്ങൾ അനശ്വരമാക്കിയിട്ടുള്ള തബു ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രിമാരില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ബോളിവുഡിന് പുറമെ മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലും നടി തിളങ്ങിയിട്ടുണ്ട്.
സ്ഥിരം നായിക സങ്കല്‍പ്പത്തിന് എതിരെ സഞ്ചരിച്ച തബു എന്നും ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരുന്നത്. നായിക വേഷങ്ങൾക്ക് പുറമെ സഹനടിയായും നെഗറ്റീവ് വേഷങ്ങളിലുമെല്ലാം തബു തിളങ്ങിയിട്ടുണ്ട്. മക്ബൂല്‍, ചീനി കം, ദൃശ്യം, ഹൈദര്‍, ചാന്ദ്‌നി ബാര്‍ തുടങ്ങി തബു തന്റെ അഭിനയം കൊണ്ട് എന്നെന്നും ഓര്‍മ്മിക്ക തക്കതാക്കി മാറ്റിയ സിനിമകളും കഥാപാത്രങ്ങളും അനവധിയാണ്. ഇന്ന് തന്റെ 52-ാം ജന്മദിനം ആഘോഷിക്കുകയാണ് തബു. നിരവധി പേരാണ് തബുവിന് ആശംസകളുമായി എത്തുന്നത്.

അതിനൊപ്പം നടിയുടെ കരിയറും ജീവിതവും സംബന്ധിച്ച കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തബുവിന്റെ പ്രൊഫഷണൽ ജീവിതം പോലെ തന്നെ വ്യക്തി ജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്. പല അഭിനേതാക്കളുമായി ബന്ധപ്പെടുത്തി പ്രണയ ഗോസിപ്പുകൾ അടക്കം വന്നിട്ടുണ്ടെങ്കിലും, തബു ഇപ്പോഴും അവിവാഹിതയാണ്. പലതവണ തബുവിന്റെ വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങൾ പരന്നിട്ടുണ്ടെങ്കിലും അങ്ങനെയൊന്നും ഇതുവരെ നടന്നിട്ടില്ല. വിവാഹത്തോടെയും കുടുംബജീവിതത്തിനോടും നോ പറഞ്ഞ് മുന്നോട്ട് പോവുകയാണ് നടി.
എന്നാൽ താൻ അവിവാഹിതയായി തുടരുന്നതിന് മുൻപൊരിക്കൽ ഒരു ബോളിവുഡ് നടനെ തബു കുറ്റപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ സുഹൃത്തുക്കളായിരുന്നു അയാൾ ചാരപ്പണി ചെയ്യുകയും എന്നോട് സംസാരിക്കാൻ വരുന്ന ആണുങ്ങളെയെല്ലാം തല്ലുകയുമായിരുന്നു എന്നാണ് തബു തമാശയായി പറഞ്ഞത്. ആ നടൻ മറ്റാരുമല്ല, അജയ് ദേവ്ഗണാണ്. മുംബൈ മിററിന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു തബുവിന്റെ ഈ പരാമർശം.
'അതെ, ഞാനും അജയ്‌യും 25 വര്‍ഷമായി പരസ്പരം അറിയുന്നവരാണ്. അവന്‍ എന്റെ കസിന്‍ സമീര്‍ ആര്യയുടെ അയല്‍ക്കാരനും അടുത്ത സുഹൃത്തും ആയിരുന്നു, ഞങ്ങള്‍ ഒന്നിച്ചാണ് വളര്‍ന്നത്. അതാണ് ഞങ്ങളുടെ ബന്ധത്തിന് അടിത്തറ പാകിയത്. എന്റെ ചെറുപ്പത്തില്‍ സമീറിന്റെയും അജയിന്റെയും പ്രധാന ജോലി ചാരപ്പണിയായിരുന്നു. അവര്‍ എന്നെ പിന്തുടരുകയും എന്നോട് സംസാരിക്കാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടികളെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. അവര്‍ എനിക്കും വലിയ ഭീഷണിയായിരുന്നു',
'ഇന്ന് ഞാന്‍ അവിവാഹിതയായി ഇരിക്കുന്നുണ്ടെങ്കിൽ, അതിന് കാരണം അജയ് ദേവ്ഗണ്‍ ആണ്. അവനതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകും,' എന്നായിരുന്നു തബു പറഞ്ഞത്. അതേസമയം സിനിമയിൽ സജീവമായ കാലം മുതൽ നിരവധി പ്രണയഗോസിപ്പുകൾ തബുവിന്റെ പേരിൽ വന്നിട്ടുണ്ട്.

നടൻ സഞ്ജയ് കപൂറുമായി ചേര്‍ത്തായിരുന്നു തബുവിന്റെ പേര് ആദ്യം പറഞ്ഞ് കേള്‍ക്കുന്നത്. ആദ്യ ചിത്രമായ പ്രേമില്‍ അഭിനയിക്കുന്നതിനിടെ പ്രണയത്തിലായ ഇരുവരും വൈകാതെ വേർപിരിഞ്ഞു. സംവിധായകനും നിര്‍മ്മാതാവുമായ സജിദ് നദിയാദ്‌വാലയുമായിട്ടായിരുന്നു തബുവിന്റെ അടുത്ത പ്രണയം. ഇവർ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നാൽ ജീത്ത് എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ച ശേഷം ഇരുവരും പ്രണയത്തിലായി എന്നാണ് പറയപ്പെടുന്നത്.
പക്ഷെ, സജിദ് തബുവിനെ ഭാര്യയായി ജീവിതത്തിലേക്ക് സ്വാഗതം ചെയ്തില്ല. കാരണം ഭാര്യ ദിവ്യ ഭാരതിയുടെ മരണം സൃഷ്ടിച്ച ആഘാതത്തില്‍നിന്നും അദ്ദേഹത്തിന് മുക്തനായിരുന്നില്ല. അത് മനസ്സിലാക്കിയപ്പോൾ, തബുവും മുന്നോട്ട് നീങ്ങി. അതിനുശേഷം തെന്നിന്ത്യൻ സൂപ്പർസ്റ്റാർ അക്കിനേനി നാഗാർജുനയുമായി ബന്ധപ്പെടുത്തിയാണ് വാർത്തകൾ വന്നത്. നാഗാർജുന അമലയെ വിവാഹം ചെയ്ത ശേഷമാണ് ഇത്.
10 വര്‍ഷത്തോളം കാത്തിരുന്നിട്ടും നാഗാര്‍ജ്ജുന വിവാഹജീവിതത്തില്‍ നിന്നും പുറത്തുവരില്ല എന്ന് മനസ്സിലാക്കിയ തബു സ്വയം ഒഴിഞ്ഞ് പോവുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ നാഗാർജുന തന്റെ ഏറ്റവും നല്ല സുഹൃത്ത് മാത്രമാണെന്നാണ് തബു അന്നും ഇന്നും പറയുന്നത്.


Click it and Unblock the Notifications