ധർമേന്ദ്രയുമായി പ്രണയത്തിലായിരിക്കെ ഹേമ മാലിനിയോട് സഞ്ജീവിന്റെ വിവാഹാഭ്യർത്ഥന; കലിപൂണ്ട നടൻ ചെയ്തത്!
ബോളിവുഡിലെ ഐക്കോണിക്ക് സിനിമകളിൽ ഒന്നാണ് ഷോലെ. എഴുപതുകളുടെ മധ്യത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, അംജദ് ഖാൻ, ഹേമ മാലിനി, ജയാ ബച്ചൻ, സഞ്ജീവ് കുമാർ എന്നിങ്ങനെ വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. അംജദ് സിംഗിന്റെ ഗബ്ബാർ സിങ്ങിനെയും അമിതാഭ് ബച്ചന്റെ ജയ്യിനെയും ധർമേന്ദ്രയുടെ വീരുവിനെയുമെല്ലാം പ്രേക്ഷകർ ആഘോഷമാക്കി. ഇവരെല്ലാം ഒന്നിച്ചെത്തിയ രംഗങ്ങളും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു.
അതേസമയം സിനിമയിലെ പ്രധാന രണ്ടു കഥാപാത്രങ്ങളായിട്ട് കൂടി ഹേമ മാലിനിയുടെ ബാസന്തിയോ സഞ്ജീവ് കുമാറിന്റെ താക്കൂർ സാഹിബോ ഒരു രംഗങ്ങളിൽ പോലും ഒന്നിച്ച് സ്‌ക്രീനിൽ എത്തിയിരുന്നില്ല. കഥയിൽ അത്തരം രംഗങ്ങൾ ഇല്ലാതിരുന്നത് കൊണ്ടാകും എന്നാകും പലരും ചിന്തിച്ചിട്ടുണ്ടാവുക. എന്നാൽ ഇവർ ഒന്നിച്ചുള്ള രംഗങ്ങൾ ഉണ്ടാവാതിരുന്നതിന് മറ്റൊരു കാരണമുണ്ടായിരുന്നു. ആ കഥ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

70കളുടെ തുടക്കത്തിൽ, സഞ്ജീവ് കുമാർ ഹേമ മാലിനിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ച് നടിയുടെ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാൽ തങ്ങളുടെ അതെ ജാതിയിൽപ്പെട്ട വരൻ മതി എന്നായിരുന്നു അവരുടെ തീരുമാനം. അതുകൊണ്ട് തന്നെ വിവാഹത്തിന് അവർ സമ്മതിച്ചില്ല. ഹേമയും മാതാപിതാക്കളുടെ തീരുമാനത്തിന് ഒപ്പം നിന്നു, നടന്റെ വിവാഹാഭ്യർത്ഥന നിരസിച്ചു. ഈ സംഭവം സഞ്ജീവ് കുമാറിനെ വളരെയധികം വേദനിപ്പിച്ചു. തുടർന്ന് ഇരുവരും പിണക്കത്തിലായി.
എന്നാൽ സഞ്ജീവ് കുമാറിന്റെയും ഹേമമാലിനിയുടെയും കഥ ഇവിടം കൊണ്ട് അവസാനിച്ചില്ല എന്നതാണ് രസകരം. കുറച്ചു നാളുകൾക്ക് ശേഷം താൻ ഇപ്പോഴും ബോളിവുഡിലെ ഡ്രീം ഗേളിന് പിന്നാലെയാണെന്ന് സഞ്ജയ് കുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. തുടർന്ന് ഷോലെയുടെ ഷൂട്ടിങ്ങിനിടെ വീണ്ടും ഹേമ മാലിനിയോട് വിവാഹാഭ്യർത്ഥന നടത്തി. ഹേമ മാലിനി അപ്പോഴേക്കും സഞ്ജീവിനെ മറന്ന് ധർമേന്ദ്രയുമായി പ്രണയത്തിലായിട്ടുണ്ടായിരുന്നു. ഇതറിയാതെ ആയിരുന്നു സഞ്ജീവ് കുമാറിന്റെ പ്രൊപ്പോസൽ.
സഞ്ജീവിന്റെ നീക്കം ധർമേന്ദ്രയെ ചൊടിപ്പിച്ചു. നടൻ വേഗം തന്നെ സംവിധായകൻ രമേശ് സിപ്പിയെ കണ്ടു. ഹേമമാലിനിയും സഞ്ജീവ് കുമാറും ഒരേ സമയം ഫ്രെയിം പങ്കിടുന്ന ഒരു ഷോട്ട് പോലും സിനിമയിലുണ്ടാകരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. രസകരമെന്നു പറയട്ടെ, രമേശ് സിപ്പി ആ ആവശ്യം അംഗീകരിച്ചു. അക്കാലത്തെ മുൻനിര താരവും സിനിമയിലെ പ്രധാന കഥാപാത്രവുമെല്ലാമായ ധർമേന്ദ്ര അത്തരമൊരു ആവശ്യം മുന്നോട്ട് വയ്ക്കുമ്പോൾ സംവിധായകന് വേറെ നിവൃത്തി ഉണ്ടായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണ് ഷോലെയിലെ ഇരുവരും ഒന്നിച്ചുള്ള എല്ലാ രംഗങ്ങളും ഒഴിവാക്കുന്നത്.

അതേസമയം ജീവിതകാലം മുഴുവനും ബാച്ചിലറായാണ് സഞ്ജീവ് കുമാർ ജീവിച്ചത്. അതേസമയം ഹേമമാലിനിക്ക് പുറമെ നടൻ നടി നൂതനുമായും പ്രണയത്തിലായാതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ നൂതൻ വിവാഹിതയായതിനാൽ അത് അധികം നാൾ മുന്നോട്ട് പോയില്ല. അതിനിടെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വ്യാപകമാവുകയും. അതിന് അവസാനമിടാൻ നടി സഞ്ജീവ് കുമാറിനെ ഷൂട്ടിംഗ് സെറ്റിൽ വച്ച് പരസ്യമായി തല്ലുകയും ചെയ്തിരുന്നു. ഈ സംഭവം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്.
പിന്നീട് ഒരിക്കൽ നൂതൻ തന്നെ സംഭവത്തിൽ വിശദീകരണവുമായി എത്തുകയുണ്ടായി. 'ഗൗരി എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ മുതൽ സഞ്ജീവിനെ അറിയാം. ആ ബന്ധം നല്ല സൗഹൃദപരവും പ്രൊഫഷനലും ആയിരുന്നു. അതിൽ കൂടുതൽ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഞങ്ങൾ പ്രണയത്തിലാണെന്ന തരത്തിൽ ഒരു റിപ്പോർട്ട് കണ്ടതോടെ എന്റെ കയ്യിൽ നിന്ന് പോയി' എന്നാണ് നൂതൻ വിശദീകരിച്ചത്.


Click it and Unblock the Notifications