ഒരു ലക്ഷം മുതൽ കോടികൾ വരെ; ബോളിവുഡ് നടിമാരുടെ താലിമാലയുടെ വില! മുന്നിൽ ഈ നടി
എക്കാലവും വളരെയധികം ശ്രദ്ധനേടുന്നവയാണ് താരവിവാഹങ്ങൾ. ബോളിവുഡിൽ അടുത്തിടെ നടന്ന താര വിവാഹങ്ങളെല്ലാം ആരാധകർക്കിടയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടവയാണ്. ആർഭാടത്തിന്റെ കാര്യത്തിൽ ഒന്നിനൊന്ന് കിടപിടിക്കുന്നതായി മാറാറുണ്ട് ഓരോ വിവാഹങ്ങളും. വിവാഹവേദിക്കും വസ്ത്രത്തിനും ആഭരണങ്ങൾക്കുമായി താരങ്ങൾ കോടികളാണ് ചെലവഴിക്കാറുള്ളത്. വിവാഹം കഴിഞ്ഞ ശേഷവും താരങ്ങളുടെ വസ്ത്രത്തെ കുറിച്ചും ആഭരങ്ങളെ കുറിച്ചുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്.
അക്കൂട്ടത്തിൽ തന്നെ പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടുന്ന ഒന്നാണ് താരങ്ങളുടെ മംഗൽസൂത്ര താലിമാല. ഒരുപാട് ചിന്തിച്ച് ലഭിക്കാവുന്ന ഏറ്റവും മികച്ച ഡിസൈനർമാരെ കൊണ്ടാണ് പല താരങ്ങളും മംഗൽസൂത്ര ഒരുക്കാറുള്ളത്. അതുകൊണ്ട് തന്നെ ലക്ഷങ്ങൾ മുതൽ കോടികൾ വരെ വരും പല താരങ്ങളുടെയും മംഗൽസൂത്രയുടെയും വില. കഴിഞ്ഞ ദിവസം വിവാഹിതയായ പരിനീതി ചോപ്രയ്ക്ക് ഭർത്താവ് രാഘവ് ചദ്ദ നൽകിയത് വജ്രത്തിൽ തീർത്ത മംഗൽസൂത്രയാണ്.

പരിനീതിയുടെ താലിമാല അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അതിനു പിന്നാലെ അടുത്തിടെ വിവാഹിതരായ മറ്റു നടിമാരുടെയും മംഗൽസൂത്രയും അതിന്റെ വിലയും ശ്രദ്ധനേടുകയാണ്.
ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. 2018 ൽ ഇറ്റലിയിൽ വെച്ചായിരുന്നു താരങ്ങളുടെ ആഡംബര വിവാഹം. വിവാഹശേഷം വളരെയധികം ശ്രദ്ധനേടിയ ഒന്നായിരുന്നു ദീപികയുടെ താലിമാല. സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത വജ്രവും സ്വർണവും അടങ്ങിയ താലിമാലയ്ക്ക് 20-22 ലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോർട്ടുകൾ.
ദീപികയുടെ മാല ഡിസൈൻ ചെയ്ത സബ്യസാചി തന്നെയാണ് കത്രീന കൈഫിന്റെയും താലിമാല ഡിസൈൻ ചെയ്തത്. 2021 ഡിസംബറിൽ നടൻ വിക്കി കൗശലിനെയാണ് കത്രീന വിവാഹം ചെയ്തത്. 8-9 ലക്ഷം വരെയാണ് കത്രീന അണിഞ്ഞ മംഗൽസൂത്രയുടെ വില.
ഇതിനെ വെല്ലുന്നതായിരുന്നു നടി അനുഷ്ക ശർമയുടെ താലിമാല. 2017ലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ അനുഷ്ക വിവാഹം കഴിക്കുന്നത്. ടസ്കനിയയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ചിത്രങ്ങൾ പുറത്തുവന്നപ്പോൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടത് അനുഷ്കയുടെ താലിമാലയാണ്. 52-55 ലക്ഷം വില വരുന്നതാണ് അനുഷ്കയുടെ താലിമാല.
2018 ൽ നിക്ക് ജോനാസിനെ വിവാഹം കഴിച്ച നടി പ്രിയങ്ക ചോപ്രയുടെ കസ്റ്റമൈസ്ഡ് മംഗൽസൂത്ര ഡിസൈൻ ചെയ്തതും സബ്യസാചിയാണ്. ഏകദേശം നാല് ലക്ഷം രൂപയായിരുന്നു അതിന്റെ വില. 2021 ജൂൺ 4 ന് വിവാഹിതയായ യാമി ഗൗതമിന് ഭർത്താവ് ആദിത്യ ദാർ നൽകിയത് ഏകദേശം 3-5 ലക്ഷം രൂപ വില വരുന്ന താലി മാലയാണ്.
അടുത്തിടെ ബോളിവുഡ് ഏറ്റവും കൂടുതൽ ആഘോഷമാക്കിയ വിവാഹമാണ് നടി ആലിയ ഭട്ടും രൺബീർ കപൂറും തമ്മിലേത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹത്തിൽ വളരെ സവിശേഷമായ താലിമാലയാണ് രൺബീർ ആലിയക്ക് അണിഞ്ഞത്. സ്വന്തം ലക്കി നമ്പറായ 8 ന്റെ രൂപത്തിൽ വജ്രത്തിൽ ഒരുക്കിയ താലിമാലയ്ക്ക് ഏകദേശം 7-8 ലക്ഷം രൂപ വില വരുമെന്നാണ് റിപ്പോർട്ട്.

അതേസമയം ഇവരിൽ നിന്നെല്ലാം ഏറെ വ്യത്യസ്‌തയായ താരമാണ് നടി സോനം കപൂർ. ബിസിനസുകാരനായ ആനന്ദ് അഹൂജയെ വിവാഹം കഴിച്ച നടി, സ്വന്തം താലിമാല സ്വയം ഡിസൈൻ ചെയ്യുകയായിരുന്നു. രണ്ടുപേരുടെയും രാശിചിഹ്നങ്ങൾ പതിച്ചുകൊണ്ടുള്ള താലിമാലയ്ക്ക് ഏകദേശം 55-57 ലക്ഷം രൂപയാണ് വില.
കൂട്ടത്തിൽ ഏറ്റവും വിലകൂടിയ താലിമാല നടി കിയാര അദ്വാനിയുടേതാണ്. ഈ വർഷം ഫെബ്രുവരിയിലാണ് നടൻ സിദ്ധാർത്ഥ് മൽഹോത്രയും കിയരായും വിവാഹിതരായത്. ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ഡിസൈനറായ സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത കിയാരയുടെ മംഗൽസൂത്രയ്ക്ക് രണ്ട് മുതൽ മൂന്ന് കോടി രൂപ വരെയാണ് വില.


Click it and Unblock the Notifications