ബച്ചന്റെ മരുമകള്‍, രണ്ട് വര്‍ഷം ജയലില്‍; അഭിനയം പഠിച്ചത് ജയിലില്‍ വച്ച്; ഒടിടി താരം തിലോത്തമയുടെ അറിയാക്കഥ
തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് തിലോത്തമ ഷോമെ. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് തിലോത്തമയെ തേടി അംഗീകാരങ്ങളും താര ജീവിതവുമൊക്കെ എത്തുന്നത്. സമാന്തര സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച്, ഇന്ന് ബോളിവുഡിലെ മുഖ്യധാരയിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് തിലോത്തമ.
തീയേറ്ററിലൂടെയാണ് തിലോത്തമയുടെ കരിയര്‍ ആരംഭിക്കുന്നത്. 2001 ല്‍ മീര നായര്‍ ഒരുക്കിയ മണ്‍സൂണ്‍ വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു. പക്ഷെ തിലോത്തമയുടെ പ്രതിഭയെ തേടിയ അര്‍ഹിക്കുന്ന അംഗീകാരമെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഒടിടി സീരീസുകളുടെ വരവോടെയാണ് തിലോത്തമയും താരമായി മാറുന്നത്.

ഓര്‍ത്തിരിക്കുന്ന ഒരുപാട് പ്രകടനങ്ങള്‍ തിലോത്തമ സമ്മാനിച്ചിട്ടുണ്ട്. ഷാംഗ്ഹായ്, സര്‍, അംഗ്രേസി മീഡിയ തുടങ്ങിയ സിനിമകളിലെ തിലോത്തമയുടെ പ്രകടനം മറക്കാന്‍ സാധിക്കില്ല. ക്വിസ്സ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടയാണ് തിലോത്തമ മുഖ്യധാരയുടെ ശ്രദ്ധ നേടുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകൡലെ മിന്നും താരമാണ് ഇന്ന് തിലോത്തമ. മെന്റല്‍ഹുഡ്, ഡെല്‍ഹി ക്രൈം, കോട്ട ഫാക്ടറി, ലസ്റ്റ് സ്‌റ്റോറീസ് തുടങ്ങിയ സീരീസുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് തിലോത്തമ കയ്യടി നേടിയിട്ടുണ്ട്.
അതേസമയം തിലോത്തമയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്നതും വസ്തുത. ബോളിവുഡിലെ സൂപ്പര്‍ താരകുടുംബമായ ബച്ചന്‍ കുടുംബവുമായുള്ള തിലോത്തമയുടെ ബന്ധം ഇന്നും പലര്‍ക്കും അറിയില്ല. ജയ ബച്ചന്റെ മരുമകളാണ് തിലോത്തമ. 2015 ലാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം തിലോത്തമ കുണാല്‍ റോസിനെ വിവാഹം കഴിക്കുന്നത്. ജയയുടെ സഹോദരി നിത ബാദുരിയുടെ മകനാണ് കുണാല്‍ റോസ്.
തിലോത്തമയുടേയും കുണാലിന്റേയും വിവാഹത്തിന് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഐശ്വര്യയുമെല്ലാമടങ്ങുന്ന ബച്ചന്‍ കുടുംബം മുഴുവന്‍ പങ്കെടുത്തിരുന്നു. ഗോവയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അതേസമയം രസകരമായൊരു വസ്തുത എന്തെന്നാല്‍ കുണാലുമായി പ്രണയത്തിലാകുന്ന സമയത്ത് അദ്ദേഹത്തിന് ബച്ചന്‍ കുടുംബവുമായുള്ള ബന്ധം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് തിലോത്തമ പറയുന്നത്.
അഭിനയത്തില്‍ അക്കാദമിക് പരിശീലനമൊന്നും തിലോത്തമയ്ക്ക് ലഭിച്ചിട്ടില്ല. അഭിനയത്തെക്കുറിച്ച് താന്‍ പഠിക്കുന്നത് ജയിലില്‍ നിന്നാണെന്നാണ് തിലോത്തമ പറയുന്നത്. ന്യൂയോര്‍ക്കിലായിരുന്ന സമയത്തായിരുന്നു താരം ജയിലിലെ അന്തേവാസികള്‍ക്ക് അഭിനയം പരിശീലിപ്പിക്കാനും അവരെ കണ്ട് പഠിക്കാനുമൊക്കെയായി ജയിലിലെത്തുന്നത്.

''എനിക്ക് ഒരു തരത്തിലുമുള്ള പരിശീലനം ലഭിച്ചിട്ടില്ല. ഞാനൊരു ക്ലീന്‍ സ്ലേറ്റായിട്ടാണ് വന്നത്. എന്‍എസ്ഡിയിലോ എഫ്ടിഐയിലോ പോയിട്ടില്ല. ഞാന്‍ വര്‍ക്ക് ചെയ്തത് ന്യൂയോര്‍ക്കിലെ റൈക്കര്‍ ഐലാന്‍ഡ് ജയിലിലാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള ഉയര്‍ന്ന സുരക്ഷയുള്ളൊരു ജയിലാണത്. അവിടെയുള്ള ഒരു തടവുകാരനും ഒരു തടവുകാരിയ്ക്കുമൊപ്പമാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. രണ്ട് വര്‍ഷം. അവിടെയാണ് എനിക്ക് പരിശീലനം ലഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും തടവുകാര്‍ക്കുമൊപ്പം തന്നെയായിരുന്നു ഞാന്‍. ക്രൈമിനെക്കുറിച്ചും മനുഷ്യന്റെ സങ്കീര്‍ണതകളെക്കുറിച്ചും ഞാന്‍ അവിടെ നിന്നുമാണ് പഠിക്കുന്നത്'' എന്നാണ് തിലോത്തമ പറഞ്ഞത്.
അതേസമയം തിലോത്തമയെ ഒടുവിലായി സ്ക്രീനില്‍ കണ്ടത് പാതാള്‍ ലോകിലാണ്. സീരീസിന്റെ രണ്ടാം ഭാഗത്തില്‍ അസം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് തിലോത്തമയെത്തിയത്. താരത്തിന്റെ പ്രകടനവും സീരീസും കയ്യടി നേടുകയും ചെയ്തു.


Click it and Unblock the Notifications