വിവേകിന്റെ കരിയര്‍ ഇല്ലാതാക്കിയത് സല്‍മാന്‍! കാസ്റ്റ് ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തി ഡയറക്ടർ
ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായകനായിരുന്നു വിവേക് ഒബ്‌റോയ്. അടുത്ത സൂപ്പര്‍ താരമെന്നായിരുന്നു വിവേക് ഒബ്‌റോയിയെക്കുറിച്ച് സിനിമാലോകം പറഞ്ഞിരുന്നത്. പ്രണയ നായകനായും അധോലോക നേതാവായുമെല്ലാം നിറഞ്ഞാടിയ വിവേകിന് ഒരുപാട് ആരാധകരുണ്ടായിരുന്നു. ചോക്ലേറ്റ് ബോയ് ഇമേജുമായി ബോളിവുഡിന്റെ പ്രണയ നായകനായി മാറുകയായിരുന്നു വിവേക് ഒബ്‌റോയ്. എന്നാല്‍ വിവേകിന്റെ കരിയര്‍ പ്രതീക്ഷിച്ചത് പോലെ ഉയര്‍ന്നില്ല.
പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും അവഗണനയുടെ കുഴിയിലേക്കായിരുന്നു വിവേക് വീണു പോയത്. പിന്നീട് വര്‍ഷങ്ങളോളം ഒരു തിരിച്ചുവരവ് നടത്താന്‍ സാധിക്കാതെ വിവേക് ഒബ്‌റോയ് ബുദ്ധിമുട്ടി. കാലങ്ങള്‍ക്ക് ശേഷം വിവേക് ഒബ്‌റോയ് തിരികെ എത്തുന്നത് വില്ലന്‍ റോളുകളിലൂടെയാണ്. തെന്നിന്ത്യന്‍ സിനിമകളാണ് ഇതില്‍ രക്ഷയായത്. ഇപ്പോള്‍ വിവേക് വീണ്ടും സജീവമായിരിക്കുകയാണ്.

മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയായി വിവേക് ഒബ്‌റോയ് ഇപ്പോള്‍ സജീവമായി തന്നെയുണ്ട്. എങ്കിലും ഒരുകാലത്ത് വിവേകിനെക്കുറിച്ച് പലരും സ്വപ്‌നം കണ്ടിരുന്നൊരു വിജയം അദ്ദേഹത്തിന് ഇനി അന്യമാണ്. വിവേക് ഒബ്‌റോയിയുടെ കരിയറില്‍ വന്ന തിരിച്ചടിയുടെ കാരണമായി കണക്കാക്കുന്നത് സല്‍മാന്‍ ഖാനുമായുള്ള പ്രശ്‌നങ്ങളാണ്. ബോളിവുഡ് ഇന്നും മറക്കാത്ത വിവാദമാണ് ഈ പോര്.
ഇന്നും സല്‍മാനും വിവേക് ഒബ്‌റോയും തമ്മിലുള്ള പിണക്കം അവസാനിച്ചിട്ടില്ല. ഐശ്വര്യ റായും സല്‍മാന്‍ ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ വിവേകും ഐശ്വര്യയും അടുത്തതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ സല്‍മാന്‍ വിവേകിനെതിരെ തിരിഞ്ഞു. തന്നെ സല്‍മാന്‍ നിരന്തരം ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്ന് വിവേക് ഒബ്‌റോയ് ആരോപിച്ചിരുന്നു. പത്രസമ്മേളനത്തിലൂടെയാണ് വിവേക് ഒബ്‌റോയ് സല്‍മാന്‍ ഖാനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
തനിക്ക് അര്‍ഹമായ നീതി ലഭിക്കുമെന്ന് വിവേക് അന്ന് കരുതി. എന്നാല്‍ ആ പത്രസമ്മേളനത്തോടെ ബോളിവുഡ് ആകെ വിവേകിനെ ഒറ്റപ്പെടുത്തുകയായിരുന്നു. ഐശ്വര്യയും വിവേകുമായുള്ള ബന്ധം അവസാനിപ്പിച്ചു. തുടര്‍ന്നങ്ങോട്ട് വിവേകിനെ തേടി സിനിമകള്‍ എത്താതായി. ഹിറ്റുകളുടെ നായകന്‍ സിനിമയില്ലാതെ വര്‍ഷങ്ങളോളം വീട്ടിലിരുന്നു. ഇടയ്ക്ക് അഭിനയിച്ച ഷൂട്ടൗട്ട് അറ്റ് ലോക്കണ്ട്‌വാല ഹിറ്റായി. വിവേകിന്റെ പ്രകടനം കയ്യടിയും നേടി. എന്നാല്‍ അതിന് ശേഷവും വീട്ടിലിരിക്കാന്‍ തന്നെയായിരുന്നു വിവേകിന്റെ യോഗം.
സൂപ്പര്‍ ഹിറ്റ് സിനിമയിലെ നായകനായിട്ടും താരത്തെ തേടി പിന്നെ സിനിമകളൊന്നും വന്നില്ല. ഏറെ നാളുകള്‍ തന്നെ താരത്തിന് ജോലിയില്ലാത്ത അവസ്ഥയുണ്ടായി. ഇടയ്ക്ക് ചില ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. ഇതോടെയാണ് വിവേക് തെന്നിന്ത്യന്‍ സിനിമയിലെ വില്ലന്‍ വേഷങ്ങളിലേക്ക് കടക്കുന്നത്. അതുപക്ഷെ വിവേകിന്റെ രണ്ടാം വരവിന് വഴിയൊരുക്കി. വീണ്ടും തിരക്കുള്ള നടനായി മാറി വിവേക് ഒബ്‌റോയ്.
ഇപ്പോഴിതാ വിവേകിനെ തന്റെ ചിത്രത്തിലെ നായകന്‍ ആക്കുന്നതില്‍ നിന്നും പിന്മാറാന്‍ പലരും ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അപൂര്‍വ്വ ലഖിയ. ഷൂട്ടൗട്ട് അറ്റ് ലോക്കണ്ട്‌വാലയുടെ സംവിധായകനാണ് അപൂര്‍വ്വ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അപൂര്‍വ്വയുടെ തുറന്നു പറച്ചില്‍.

''ഞാന്‍ വിവേകിനെ നായകന്‍ ആക്കിയപ്പോള്‍ ഒരുപാട് നിര്‍മ്മാതാക്കള്‍ എന്നെ വിളിച്ചു. അവനെ മാറ്റിയില്ലെങ്കില്‍ നിന്റെ കൂടെ വര്‍ക്ക് ചെയ്യില്ലെന്ന് പറഞ്ഞു. പക്ഷെ ഞാന്‍ വിവേകിന് വാക്ക് കൊടുത്തതാണ്. എങ്ങനെയാണ് കൊടുത്ത വാക്ക് മാറ്റി പറയുക. പിന്നെ സഞ്ജു സാറും സുനില്‍ ഷെട്ടിയും എന്നെ പിന്തുണച്ചു. സഞ്ജയ് ഗുപ്ത പിന്തുണച്ചു. അവര്‍ പിന്തുണക്കുന്നുണ്ടെങ്കില്‍ ഞാന്‍ എന്തിന് ഭാവിയെക്കുറിച്ച് ആശങ്കപ്പെടണം. ഷൂട്ടൗട്ട് വന്‍ വിജയമായാല്‍ എന്നെ തള്ളിപ്പറഞ്ഞവര്‍ തിരിച്ചു വരും എന്ന് ഞാന്‍ ചിന്തിച്ചു'' എന്നാണ് അപൂര്‍വ്വ പറയുന്നത്.
''വിവേക് നല്ല നടനാണ്. അവന്‍ ചെയ്തത് തെറ്റാണ്, ചെയ്യാന്‍ പാടില്ലായിരുന്നു. പക്ഷെ അതുകൊണ്ട് അവന്‍ മോശം നടനാകുന്നില്ല. ഞാന്‍ അവനെ എടുക്കുന്നത് അവന്റെ അഭിനയമികവ് കണ്ടാണ്. വ്യക്തിത്വം നോക്കിയല്ല. അവന്‍ പ്രൊഫഷണലാണ്. ഞാന്‍ കഥ വായിക്കാന്‍ ചെന്നപ്പോള്‍ വളരെ മാന്യമായിട്ടാണ് പെരുമാറിയത്. വളരെ നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട്'' എന്നും അപൂര്‍വ്വ വിവേക് ഒബ്‌റോയിയെക്കുറിച്ചായി പറയുന്നുണ്ട്.


Click it and Unblock the Notifications