പൊള്ളുന്ന പനി, ആരോടും പറയാതെ ശ്രീദേവി; എല്ലാ ദിവസവും വേദന മറച്ചുവച്ച് അവള്‍ അഭിനയിച്ചു!
ശ്രീദേവിയ്ക്ക് ഇന്ത്യന്‍ സിനിമാലോകത്തുണ്ടായിരുന്ന താരപരിവേഷം സമാനതകളില്ലാത്തതാണ്. ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാറായിരുന്നു ശ്രീദേവി. പാന്‍ ഇന്ത്യന്‍ എന്നൊക്കെ പറഞ്ഞു തുടങ്ങുന്നതിനും പതിറ്റാണ്ടുകള്‍ മുമ്പ് പാന്‍ ഇന്ത്യന്‍ താരമായിരുന്നു ശ്രീദേവി. ഇന്നും ശ്രീദേവിയ്‌ക്കൊരു പകരക്കാരിയെ കണ്ടെത്താനായിട്ടില്ല. ഇനി സാധിക്കുമെന്നും തോന്നുന്നില്ല.
തന്റെ നാലാം വയസില്‍ ബാലതാരമായാണ് ശ്രീദേവി ക്യാമറയുടെ മുന്നിലെത്തുന്നത്. പിന്നീട് ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമെല്ലാം മുന്‍നിര നായികയായി മാറി. നിര്‍മ്മാതാവായ ബോണി കപൂറിനെ വിവാഹം കഴിച്ച ശ്രീദേവിയ്ക്ക് രണ്ട് മക്കളാണുള്ളത്. ജാന്‍വി കപൂറും ഖുഷി കപൂറും. അമ്മയുടെ പാതയിലൂടെ തന്നെ മക്കളും സിനിമയിലെത്തി. 2018 ലാണ് ശ്രീദേവിയെ മരണം കവര്‍ന്നെടുക്കുന്നത്.

ഇന്നലെ ശ്രീദേവിയുടെ 60-ാം പിറന്നാളായിരുന്നു. സിനിമാലോകവും പ്രിയപ്പെട്ടവരുമെല്ലാം ശ്രീദേവിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ചെത്തിയിരുന്നു. ഇതിനിടെ സംവിധായകന്‍ ശേഖര്‍ പങ്കുവച്ച ഓര്‍മ്മക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. മിസ്റ്റര്‍ ഇന്ത്യ എന്ന താന്‍ സംവിധാനം ചെയ്ത ഐക്കോണിക് ചിത്രത്തില്‍ നിന്നുമുള്ള ശ്രീദേവിയുടെ ചിത്രം പങ്കുവച്ചായിരുന്നു ശേഖര്‍ കപൂറിന്റെ പിറന്നാളാശംസ.
ചിത്രത്തിലെ കാട്ടേന്‍ നഹീ എന്ന പാട്ടില്‍ ശ്രീദേവി അഭിനയിച്ചതിനെക്കുറിച്ചാണ് കുറിപ്പില്‍ ശേഖര്‍ കപൂര്‍ സംസാരിക്കുന്നത്. കടുത്ത പനിയെ അവഗണിച്ചായിരുന്നു ശ്രീദേവി ഷൂട്ടിനെത്തിയതും ഡാന്‍സ് ചെയ്തതുമൊക്കെ. ഇക്കാര്യം താരം എല്ലാവരില്‍ നിന്നും മറച്ചു പിടിച്ചിരുന്നുവെന്നും ശേഖര്‍ കപൂര്‍ പറയുന്നു. കൊറിയോഗ്രാഫര്‍ സരോജ് ഖാന്‍ വഴിയാണ് താനീക്കാര്യം അറിഞ്ഞതെന്നാണ് ശേഖര്‍ പറയുന്നത്.
''എനിക്ക് ഓര്‍മ്മയുണ്ട് നമ്മള്‍ ഈ ഐക്കോണിക് പാട്ട് ചിത്രീകരിച്ച ദിവസങ്ങള്‍. നിനക്ക് കടുത്ത പനിയായിരുന്നുവെന്നത് നീ എന്നില്‍ നിന്നും മറച്ചു വച്ചു. നിനക്ക് നല്ല വേദനയെടുക്കുന്നുണ്ടായിരുന്നു. എല്ലാവരും നിന്നോട് വിശ്രമിക്കാന്‍ പറഞ്ഞു. നനയരുതെന്ന് പറഞ്ഞു. അങ്ങനെ ചെയ്താല്‍ അസുഖം കൂടുതല്‍ കടുക്കുമെന്നതായിരുന്നു കാരണം. പക്ഷെ ഞാനിത് എല്ലാം അറിയുന്നത് കൊറിയോഗ്രാഫര്‍ സരോജ് ഖാന്‍ ഷൂട്ടെല്ലാം തീര്‍ന്ന ശേഷം പറയുമ്പോഴാണ്'' ശേഖര്‍ കപൂര്‍ പറയുന്നു.
''മിസ്റ്റര്‍ ഇന്ത്യയ്ക്ക് ശേഷം കുറഞ്ഞ് ഒരു സിനിമയെങ്കിലും വീണ്ടും ഒരുമിച്ച് ചെയ്യണമെന്ന് നമ്മള്‍ പരസ്പരം വാക്ക് പറഞ്ഞതാണ്. പക്ഷെ നീ ഞങ്ങളെ വിട്ടു പോയി. നല്ല ഓര്‍മ്മകളും തകര്‍ന്ന ഹൃദയങ്ങളും ഞങ്ങള്‍ക്ക് തന്ന് നീ പോയി'' എന്നും അദ്ദേഹം പറയുന്നുണ്ട്. ''എന്നോട് പറയരുതെന്ന് നീ സരോജിനോട് പറഞ്ഞിരുന്നു. ഷൂട്ട് ചെയ്ത ദിവസം എനിക്കോര്‍മ്മയുണ്ട്. ടേക്ക് ആഫ്റ്റര്‍ ടേക്ക്, ഡേ ആഫ്റ്റര്‍ ഡെ. നീ എന്റെ അടുത്ത് വന്ന ഓക്കെയാണോ, പക്കയാണോ ഒന്നൂടെ ചെയ്യണമോ നിങ്ങളുടെ കണ്ണുകളില്‍ തൃപ്തി കാണാന്‍ പറ്റുന്നില്ല എന്ന് പറയുമായിരുന്നു'' ശേഖര്‍ ഓര്‍ക്കുന്നു.
പക്ഷെ ആ സമയത്തൊക്കെയും നിനക്ക് പൊള്ളുന്ന പനിയായിരുന്നു. അതിയായ ശരീര വേദനയും അനുഭവിച്ചിരുന്നു. പക്ഷെ മിസ്റ്റര്‍ ഇന്ത്യയിലുടനീളം നീ ചെയ്തത് അതാണ്. ഷോട്ടിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണോ എന്ന് മനസിലാക്കുന്നതില്‍ നിനക്കൊരു കഴിവുണ്ടായിരുന്നു. എന്റെ കണ്ണിന്റെ ചെറിയൊരു അനക്കം മതി നിനക്ക്'' എന്നും അദ്ദേഹം പറയുന്നു.
മിസ്റ്റര്‍ ഇന്ത്യയിലെ നിന്റെ പ്രകടനം കാലാതീതമായി നിലനില്‍ക്കും. അതിലൊട്ടും അത്ഭുതപ്പെടാനില്ല. 1987 മെയില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ അനില്‍ കപൂറായിരുന്നു നായകന്‍. ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് വിജയങ്ങളിലൊന്നായി മാറുകയും ചെയ്തു. ഇന്നും ആരാധകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മിസ്റ്റര്‍ ഇന്ത്യ.

അതേസമയം 2018 ല്‍ ദുബായിലെ ഒരു ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബിയില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ ഭര്‍ത്താവ് ബോണി കപൂറിനൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു ശ്രീദേവി ദുബായിലെത്തിയത്. മകള്‍ ജാന്‍വി കപൂര്‍ തന്റെ അരങ്ങേറ്റത്തിനായി തയ്യാറെടുക്കവെയാണ് ശ്രീദേവിയുടെ മരണം സംഭവിക്കുന്നത്.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരുന്നു ശ്രീദേവി. വീണ്ടും ശ്രീ ബോക്‌സ് ഓഫീസുകളെ ഭരിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയയായിരുന്നു. എന്നാല്‍ അവരെയെല്ലാം നിരാശപ്പെടുത്തി കൊണ്ട് താരം മരണപ്പെട്ടു. അമ്മയുടെ പാതയിലൂടെ ജാന്‍വി കപൂര്‍ സിനിമയിലെത്തി. ഇന്ന് ബോളിവുഡിലെ ജനപ്രീയ നടിയാണ് ജാന്‍വി കപൂര്‍. ഇപ്പോഴിതാ രണ്ടാമത്തെ മകള്‍ ഖുഷി കപൂറും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്.


Click it and Unblock the Notifications











