തന്നേക്കാള്‍ ഉയരമില്ല, ഇമ്രാനൊപ്പം അഭിനയിക്കില്ലെന്ന് ബിപാഷ ബസു; വര്‍ഷങ്ങള്‍ക്ക് ശേഷം ഇമ്രാന്റെ മറുപടി
ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ഇമ്രാന്‍ ഹാഷ്മി. രണ്ടായിരങ്ങളിലും രണ്ടായിരത്തി പത്തുകളുടെ തുടക്കത്തിലുമെല്ലാം ഇമ്രാന് ബോളിവുഡിലുണ്ടായിരുന്ന താരപരിവേഷം സമാനതകളില്ലാത്തതാണ്. പിന്നീട് ഒരിടവേളയെടുത്ത താരം ഈയ്യടുത്ത് ശക്തമായി തിരികെ വരികയും ചെയ്തു. തിരിച്ചുവരവില്‍ തന്റെ മുമ്പത്തെ താരപദവിയിലേക്ക് തിരികെ എത്താനുള്ള ശ്രമത്തിലാണ് ഇ്മ്രാന്‍ ഇപ്പോള്‍.
താരകുടുംബത്തില്‍ നിന്നുമാണ് ഇമ്രാന്‍ സിനിമയിലെത്തുന്നത്. ആലിയ ഭട്ടിന്റെ അച്ഛനും സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ മഹേഷ് ഭട്ട് ഇമ്രാന്റെ അമ്മാവനാണ്. ബട്ട് കുടുംബം തന്നെയാണ് ഇമ്രാനെ ലോഞ്ച് ചെയ്യുന്നത്. തന്റെ കരിയറിലുടനീളം ഭട്ട് കുടുംബം നിര്‍മ്മിക്കുന്ന സിനിമകളില്‍ മിക്കതിലും ഇമ്രാന്‍ തന്നെയായിരുന്നു നായകന്‍. കൂടുതലും ത്രില്ലര്‍ സിനിമകളായിരുന്നു ഇമ്രാനെ താരമാക്കി മാറ്റുന്നത്.

താര കുടുംബാംഗമായിരുന്നുവെങ്കിലും സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ഇമ്രാന് സമയം വേണ്ടിവന്നിരുന്നു. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുമ്പോഴും സീരിയല്‍ കിസ്സര്‍ എന്ന പേര് ഇമ്രാന് വെല്ലുവിളിയായിരുന്നു. തന്റെ സിനിമകളിലെ ചൂടന്‍ രംഗങ്ങള്‍ നല്‍കിയ ഇമേജ് മൂലം ഇമ്രാനൊപ്പം അഭിനയിക്കാന്‍ പല മുന്‍നിര നടിമാരും മടിച്ചിരുന്നുവെന്നതാണ് വാസ്തവം. എന്നാല്‍ ഇതൊന്നും ഇമ്രാനെ മുന്നോട്ട് പോകുന്നതില്‍ നിന്നും തടഞ്ഞില്ല. തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് ബോളിവുഡിലെ മുന്‍നിര നായകനായി മാറുകയായിരുന്നു ഇമ്രാന്‍.
ഇമേജ് പോലെ തന്നെ ഇമ്രാന് തിരിച്ചടിയായി മാറിയ ഒന്നായിരുന്നു തന്റെ ഉയരം. ഉയരം കുറവാണെന്ന കാരണം പറഞ്ഞ് ഇമ്രാന് പലപ്പോഴും അവസരം നഷ്ടമായിട്ടുണ്ട്. ഒരിക്കല്‍ നടി ബിപാഷ ബസു ഇതേ കാരണം പറഞ്ഞ് ഇമ്രാനൊപ്പം അഭിനയിക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു. ഭട്ട് കുടുംബത്തിന്റെ പ്രിയ നായികയായിരുന്നു ബിപാഷ ബസു. ത്രില്ലര്‍ സിനിമകളാണ് ബിപാഷയേയും താരമാക്കിയത്. ബിപാഷ പ്രധാന വേഷത്തിലെത്തിയ ഹിറ്റ് സിനിമയായിരുന്നു രാസ്.
ഈ സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഇമ്രാനായിരുന്നു നായകന്‍. പക്ഷെ ഇമ്രാന് തന്നേക്കാള്‍ ഉയരമില്ലെന്നും അതിനാല്‍ തങ്ങള്‍ നല്ല ജോഡിയാകില്ലെന്നും പറഞ്ഞ് ബിപാഷ സിനിമയില്‍ നിന്നും പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാവശ്യം ഉയരമുള്ള നടിയാണ് ബിപാഷ. പിന്നീട് ഈ ചിത്രത്തിലേക്ക് നായികയായി കങ്കണ റണാവത് എത്തുകയായിരുന്നു. സിനിമ വലിയ വിജയമായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം രാസിന്റെ മൂന്നാം ഭാഗത്തില്‍ ഇമ്രാനും ബിപാഷയും ഒരുമിച്ചുവെന്നതും രസകരമായ വസ്തുതയാണ്.

ഇപ്പോഴിതാ ബിപാഷ തനിക്കൊപ്പം അഭിനയിക്കാതിരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇമ്രാന്‍. ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ബിപാഷയുടെ ആ തീരുമാനം വിഷമിപ്പിച്ചുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
''ഇല്ല. ഇത്തരം സംഭവങ്ങള്‍ എന്നെ ബാധിക്കാറില്ല. എനിക്ക് എന്റെ ഉയരത്തിന്റെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള ഇന്‍സെക്യൂരിറ്റിയുമില്ല. അതിനാല്‍ ആരെങ്കിലും അതേക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് അവരുടെ മാത്രം പ്രശ്‌നമാണ്. സത്യത്തില്‍, ഞങ്ങള്‍ ആ സംഭവത്തിന് ശേഷവും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു അഭിമുഖത്തിനിടെ ഞാന്‍ തമാശയായി അവളോട് പറഞ്ഞിരുന്നു. എന്റെ ഉയരം ഇപ്പോള്‍ കൂടിയെന്ന് തോന്നുന്നു, അതുകൊണ്ടാണ് ബിപാഷ ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറായത് എന്ന്. ഞങ്ങള്‍ രാസ് ത്രീയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു'' എന്നാണ് ഇമ്രാന്‍ പറഞ്ഞത്.


Click it and Unblock the Notifications











