അമീഷയുടെ പരാതിയില്‍ ഇമ്രാന് സിനിമ നഷ്ടമായി; പ്രതികാരദാഹിയായി സെറ്റിലെത്തിയ ഇമ്രാന്‍ ചെയ്തത്!
ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് ഇമ്രാന്‍ ഹാഷ്മ. 2003 ല്‍ പുറത്തിറങ്ങിയ ഫുഡ്പാത്ത് എന്ന സിനിമയിലൂടെയായിരുന്നു ഇമ്രാന്റെ അരങ്ങേറ്റം. എന്നാല്‍ ഇതായിരുന്നില്ല ഇമ്രാന്റെ അരങ്ങേറ്റ സിനിമ ആകേണ്ടിയിരുന്നത്. മഹേഷ് ഭട്ട് സംവിധാനം ചെയ്ത യേ സിന്ദഗി കാ സഫര്‍ ആയിരുന്നു ഇമ്രാന്‍ നായകനായി ആദ്യം പുറത്തിറങ്ങേണ്ടിയിരുന്ന സിനിമ. നായികയായി അഭിനയിക്കാനിരുന്നത് അമീഷ പട്ടേലായിരുന്നു.
എന്നാല്‍ അമീഷ പട്ടേലിന്റെ പരാതിയെ തുടര്‍ന്ന് ഈ സിനിമയില്‍ നിന്നും ഇമ്രാനെ പുറത്താക്കുകയായിരുന്നു. ഇപ്പോഴിതാ ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ സിനിമ നഷ്ടമായതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി. ''എന്റെ ആദ്യ സിനിമ യേ സിന്ദഗി ക സഫര്‍ ആയിരുന്നു. ഗോവിന്ദയായിരുന്നു നായകന്‍. ആ സമയത്ത് ഞാന്‍ റോഷന്‍ തനൂജയുടെ ആക്ടിംഗ് കോഴ്‌സ് പഠിക്കുകയായിരുന്നു'' ഇമ്രാന്‍ പറയുന്നു.

''ഒരു മാസം കഴിഞ്ഞപ്പോള്‍ ഭട്ട് സാബ് വിളിച്ചു. ഗോവിന്ദ ചിത്രത്തില്‍ നിന്നും പിന്മാറി. ഡേറ്റില്‍ ചില പ്രശ്‌നങ്ങളുണ്ട്. എന്റെ പയ്യന്‍ റെഡിയാണോ? എന്ന് അദ്ദേഹം തനേജയോട് ചോദിച്ചു. അവന്‍ തയ്യാറാണ്! ഞാനത് കേട്ടു. പേടി കാരണം ഞാന്‍ വിറയ്ക്കുകയായിരുന്നു. ഞാന്‍ റെഡിയായിരുന്നില്ല. മാനസികമായി ആറു മാസം കഴിഞ്ഞ് തുടങ്ങാന്‍ പോകുന്ന മറ്റൊരു സിനിമയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ഞാന്‍. നീ ഒരിക്കലും തയ്യാറാകില്ല. നിനക്ക് ഒരു എടുത്തു ചാട്ടം വേണ്ടി വരും. ഈ സിനിമ അതാണ്. നിനക്ക് ചാടിയേ പറ്റൂ എന്ന് ഭട്ട് സാബ് പറഞ്ഞു. ഞാന്‍ റെഡിയായിരുന്നില്ല. അമീഷയ്ക്കും ഞാന്‍ അനുയോജ്യനായി തോന്നിയില്ല'' ഇമ്രാന്‍ പറയുന്നു.

''എന്നെക്കൊണ്ട് അഭിനയിച്ചു ഫലിപ്പിക്കാന്‍ സാധിക്കില്ലെന്ന് അമീഷയ്ക്ക് തോന്നി. അവള്‍ കല്‍ ഹോ ന ഹോ എന്ന ഹിറ്റ് സിനിമ കഴിഞ്ഞു നില്‍ക്കുകയാണ്. നായകന്റെ കാസ്റ്റിംഗ് ശരിയായിരിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു. ഒട്ടും അനുഭസമ്പത്തില്ലാത്ത, ഒരു മാസത്തെ ആക്ടിംഗ് കോഴ്‌സ് മാത്രം ചെയ്‌തെരാളെ ആയിരുന്നില്ല അവള്‍ക്ക് വേണ്ടിയിരുന്നത്. അവള്‍ ഭട്ട് സാബിനെ പോയി കണ്ടു. ഇമ്രാന്‍ ശരിയാകുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. എനിക്ക് അവളോട് അതിയായ ദേഷ്യമായിരുന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അമീഷയുടെ കാഴ്ചപ്പാടില്‍ അത് ശരിയായിരുന്നു എന്ന് തോന്നുന്നു'' ഇമ്രാന്‍ പറയുന്നു.
തന്നെ പുറത്താക്കിയ അമീഷയോട് ഇമ്രാന് കടുത്ത ദേഷ്യമായിരുന്നു. അതിനുള്ള പ്രതികാരമെന്ന നിലയില്‍ ആവശ്യമല്ലാതിരുന്നിട്ടും താന്‍ ആ സിനിമയുടെ സെറ്റില്‍ പോയി നില്‍ക്കുമായിരുന്നു എന്നാണ് ഇമ്രാന്‍ പറയുന്നത്. ''എനിക്കൊരു അവസരം തരാന്‍ ഭട്ട് സാബിനോട് പറഞ്ഞു. എനിക്ക് അഭിനയിക്കാന്‍ പറ്റാത്തതല്ല, എന്നെക്കൊണ്ട് പറ്റില്ലെന്ന് അമീഷയ്ക്ക് തോന്നിയതിനാലാണ്. ആ സമയത്ത് ഞാന്‍ ഫ്രീയായിരുന്നു. അതിനാല്‍ ആ സിനിമയുടെ സെറ്റില്‍ പോകുമായിരുന്നു. എല്ലാ ദിവസവും സെറ്റിലെത്തും. അസിസ്റ്റന്റായിരുന്നില്ല. വെറുതെ പോകുന്നതായിരുന്നു. സെറ്റില്‍ ചെല്ലുമ്പോള്‍ ഞാന്‍ അവളെ തുറിച്ച് നോക്കി പേടിപ്പിക്കുമായിരുന്നു. അതിന് ശേഷമാണ് ഞാന്‍ എന്റെ ആദ്യ സിനിമയായ ഫുഡ്പാത്തിലേക്ക് എത്തുന്നത്'' എന്നും ഇമ്രാന്‍ പറയുന്നുണ്ട്.


Click it and Unblock the Notifications











