ഈ സിനിമ ചെയ്യരുത്, നിന്റെ കരിയര്‍ തന്നെ നശിക്കും! അമ്മാവനെ ധിക്കരിച്ച് ഇമ്രാന്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് ഭട്ട്
ബോളിവുഡിലെ മിന്നും താരങ്ങളില്‍ ഒരാളാണ് ഇമ്രാന്‍ ഹാഷ്മി. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് വന്ന ഇമ്രാന് ഇന്ന് സ്വന്തമായൊരു ഇടമുണ്ട്. ത്രില്ലര്‍ സിനിമകളും റൊമാന്റിക് സിനിമകളുമാണ് ഇമ്രാന്‍ ഹാഷ്മിയെ താരമാക്കുന്നത്. തന്റെ ഓണ്‍ സ്‌ക്രീന്‍ ചുംബന രംഗങ്ങള്‍ കാരണം സീരിയല്‍ കിസ്സര്‍ എന്നൊരു ഇരട്ടപ്പേരുണ്ട് ഇമ്രാന്. തന്റെ ഓണ്‍ സ്‌ക്രീന്‍ ഇമേജില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ഓഫ് സ്‌ക്രീനിലെ ഇമ്രാന്‍ ഹാഷ്മി.
ഇമ്രാന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ. മുംബൈ അധോലോകത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ ഷൊയ്ബ് ഖാന്‍ എന്ന കഥാപാത്രത്തെയാണ് ഇമ്രാന്‍ അവതരിപ്പിച്ചത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് എഴുതിയ കഥാപാത്രമായിരുന്നു ഇമ്രാന്റേത്. ചിത്രവും ഇമ്രാന്റെ കഥാപാത്രവും ഐക്കോണിക്കായി മാറുകയും ചെയ്തു.

എന്നാല്‍ തുടക്കത്തില്‍ ഇമ്രാന്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനോട് അമ്മാവനായ മഹേഷ് ഭട്ടിന് എതിര്‍പ്പായിരുന്നു. സംവിധായകന്‍ മിലന്‍ ലുത്രിയ നേരത്തെ തന്നെ സിനിമയുടെ കഥ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇതുപോലൊരു നെഗറ്റീവ് കഥാപാത്രം ഇമ്രാന്‍ ചെയ്താല്‍ താരത്തിന്റെ കരിയര്‍ നശിക്കുമെന്നായിരുന്നു മഹേഷിന്റെ ഭയം. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി. ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
''നീ ഈ കഥാപാത്രം ചെയ്താല്‍ നിന്റെ കരിയര്‍ നശിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഗ്രേ ഷെയ്ഡുള്ള ചില കഥാപാത്രങ്ങള്‍ നല്ലതായിരിക്കും. എന്നാല്‍ ഈ കഥാപാത്രം ആളുകള്‍ക്ക് ഇന്നേക്കുറിച്ചുള്ള കാഴ്ചപ്പാട് അപ്പാടെ മാറ്റിക്കളയും എന്ന് അദ്ദേഹം എനിക്ക് മുന്നറിയിപ്പ് നല്‍കി'' എന്നാണ് ഇമ്രാന്‍ പറയുന്നത്. എന്നാല്‍ അമ്മാവന്റെ വാക്ക് ധിക്കരിച്ച് ഇമ്രാന്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചു. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു.
ഇതോടെ അമ്മാവന്‍ മാപ്പ് പറഞ്ഞുവെന്നാണ് ഇമ്രാന്‍ പറയുന്നത്. ''സിനിമ റിലീസാവുകയും വലിയ വിജയമാവുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം മിലനെ വിളിച്ച് മാപ്പ് പറഞ്ഞു. തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ചു. തന്റെ മുന്‍ധാരണകളില്‍ നിന്നും വിഭിന്നമായി വളരെ എന്റര്‍ടെയ്‌നിംഗ് ആയിരുന്നു സിനിമയെന്നും അദ്ദേഹം പറഞ്ഞു'' ഇമ്രാന്‍ പറയുന്നു. സിനിമയുടെ എന്‍ഡിംഗിനെക്കുറിച്ചും മഹേഷ് ഭട്ടിന് ആശങ്കയുണ്ടായിരുന്നുവെന്നാണ് ഇമ്രാന്‍ പറയുന്നത്. നായകന്‍ വില്ലനെ കൊല്ലുന്ന ക്ലൈമാക്‌സിന് പകരം വില്ലന്‍ നായകനെ കൊല്ലുന്നതായിരുന്നു ചിത്രത്തിന്റെ എന്‍ഡിംഗ്.

''ചിത്രത്തിലെ ഹീറോ കൊല്ലപ്പെടുകയും ഷൊയ്ബിന്റെ ഭരണം ആരംഭിക്കുകയും ചെയ്യുകയാണ്. മറ്റ് സിനിമകളില്‍ നിന്നും വ്യത്യസ്തമായിരുന്നു അത്. അജയ് മരിക്കും. എന്റെ കഥാപാത്രം ആന്റി ഹീറോയാണ്. ഈ അവസാനത്തിന്റെ കാര്യത്തിലും ഭട്ട് സാബിന് സംശയമുണ്ടായിരുന്നു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന് അദ്ദേഹത്തിന് സംശയമായിരുന്നു. പക്ഷെ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ റിസ്‌ക് എടുത്താലേ വിജയിക്കൂ. ഫോര്‍മുല വര്‍ക്കാകില്ല'' എന്നും ഇമ്രാന്‍ പറയുന്നു.
2010 ലായിരുന്നു വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ റിലീസായത്. മിലന്‍ ലുത്രിയ സംവിധാനം ചെയ്ത സിനിമയില്‍ ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അജയ് ദേവ്ഗണ്‍, പ്രാചി ദേശായി, കങ്കണ റണാവത്, രണ്‍ദീപ് ഹൂഡ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. രജത് അറോറയായിരുന്നു സിനിമയുടെ തിരക്കഥയെഴുതിയത്.


Click it and Unblock the Notifications











