വിവാഹിതനായ അജയ് ദേവ്ഗണുമായി പ്രണയം; സ്ഥിരം നായികയായിന് പിന്നില്‍? തുറന്ന് പറഞ്ഞ് ഇഷ ഡിയോള്‍
ഒരുകാലത്ത് ബോളിവുഡിലെ നിറ സാന്നിധ്യമായിരുന്നു ഇഷ ഡിയോള്‍. ഇഷയുടെ അച്ഛന്‍ ധര്‍മ്മേന്ദ്രയും ഹേമ മാലിനിയും ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് താരങ്ങളാണ്. ആ പാതയിലൂടെയാണ് ഇഷയും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ അച്ഛനും അമ്മയും നേടിയ വിജയം തന്റെ കരിയറില്‍ ആവര്‍ത്തിക്കാന്‍ ഇഷയ്ക്ക് സാധിച്ചില്ല. ഒരുപിടി വിജയ സിനിമകളുടെ ഭാഗമായെങ്കിലും പതിയെ സിനിമയോട് വിട പറയുകയായിരുന്നു ഇഷ ഡിയോള്‍.
2002 ലാണ് ഇഷ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് താരത്തെ തേടി നിരവധി സിനിമകളും എത്തി. ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ ഇഷയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയവയാണ്. പല നടന്മാരുടേയും പേരിനൊപ്പം ഇഷയുടെ പേരും ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് അജയ് ദേവ്ഗണ്‍.

താന്നും അജയ് ദേവ്ഗണും പ്രണയത്തിലായിരുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് ഇഷ ഡിയോള്‍. നീണ്ട 14 വര്‍ഷത്തിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരികയാണ് ഇഷ ഡിയോള്‍. തുംകോ മേരി കസം ആണ് ഇഷയുടെ തിരിച്ചുവരവ് ചിത്രം. ഇതിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ഇഷ ഇപ്പോള്‍. ഇതിനിടെ ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇഷ മനസ് തുറന്നത്.
''ഒരുപാട് താരങ്ങള്‍ക്കൊപ്പം എന്റെ പേരും ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്. ചിലതൊക്കെ ശരിയായിരുന്നു. ചിലതൊക്കെ തെറ്റുമായിരുന്നു. അവര്‍ എന്നെ അജയ് ദേവ്ഗണുമായും ബന്ധപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അജയ് ദേവ്ഗണുമായി വളരെ വ്യത്യസ്തവും മനോഹരവുമായൊരു ബന്ധമാണ് എനിക്കുള്ളത്. അതില്‍ പരസ്പര സ്‌നേഹവും ആദരവും ആരാധനയുമുണ്ട്. ആ വാര്‍ത്തകള്‍ അസാധാരണമായിരുന്നു'' എന്നാണ് ഇഷ ഡിയോള്‍ പറഞ്ഞത്.
ഒരുപക്ഷെ താനും അജയ് ദേവ്ഗണും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നതാകാം വാര്‍ത്തകളുടെ ഉറവിടം എന്നും ഇഷ ഡിയോള്‍ പറയുന്നുണ്ട്. ''ഒരുപാട് കഥകള്‍ മെനഞ്ഞുണ്ടാക്കിയിട്ടുണ്ട്. ഒരുപക്ഷെ ഞങ്ങള്‍ ആ സമയത്ത് കുറേ സിനിമകള്‍ ഒരുമിച്ച് ചെയ്തിരുന്നതിനാലാകാം'' എന്നാണ് ഇഷ ഡിയോള്‍ പറഞ്ഞത്.
ഒരുകാലത്തെ ഹിറ്റ് ജോഡിയായിരുന്നു അജയ് ദേവ്ഗണും ഇഷ ഡിയോളും. യുവ, മേം ഐസ ഹി ഹൂം, കാല്‍, ഇന്‍സാന്‍ തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്താണ് ഇഷ അഭിനയത്തിലേക്ക് തിരികെ വരുന്നത്. ഹോട്ട്‌സ്റ്റാറിന്‍രെ സീരീസായ രുദ്രയിലൂടെയാണ് ഇഷ തിരികെ വന്നത്. ഇതിലും നായകന്‍ അജയ് ദേവ്ഗണ്‍ ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്. തങ്ങളുടെ പ്രണയ ഗോസിപ്പുകള്‍ അജയ് ദേവ്ഗണിന്റേയും ഇഷയുടേയും സൗഹൃദത്തെ ബാധിച്ചിട്ടില്ലെന്ന് വേണം ഇതില്‍ നിന്നും വായിച്ചെടുക്കാന്‍.
അതേസമയം 2024 ലാണ് ഇഷ ഡിയോള്‍ വിവാഹ മോചനം നേടിയത്. 12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇഷയും ഭര്‍ത്താവ് ഭരത് തഖ്താനിയും പിരിയുന്നത്. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളാണുള്ളത്. മക്കളുടെ ഉത്തരവാദിത്തം പങ്കിടുകയാണ് ഇരുവരും.
''എന്‍ഡ് ഓഫ് ദ ഡേ, ഞങ്ങള്‍ ആ സുന്ദരിമാരായ മക്കളുടെ മാതാപിതാക്കളാണ്. നമ്മള്‍ അവര്‍ക്ക് ഏറ്റവും മികച്ചത് തന്നെ നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ മറ്റേയാള്‍ക്ക് അലിഞ്ഞേ പറ്റൂ. നമ്മള്‍ റോളുകള്‍ മാറ്റണം. കോപാരന്റിംഗ് ആകുമ്പോള്‍ ഒരു യൂണിറ്റ് ആയി പ്രവര്‍ത്തിക്കണം. ആ യൂണിറ്റിന് തകരാന്‍ പറ്റില്ല. മറ്റൊരു യൂണിറ്റ് തകര്‍ന്നിട്ടുണ്ടാകും. പക്ഷെ കുട്ടികള്‍ക്ക് വേണ്ടി ഒരു യൂണിറ്റായിരിക്കണം. പലര്‍ക്കും ബുദ്ധിമുട്ടാകും. പക്ഷെ ശ്രമം തുടരണം. തോറ്റ് പിന്മാറരുത്'' എന്നാണ് കോ-പാരന്റിംഗിനെക്കുറിച്ച് ഇഷ പറയുന്നത്.
ബോളിവുഡിലെ എക്കാലത്തേയും വലിയ താരകുടുംബങ്ങളില്‍ ഒന്നാണ് ഡിയോള്‍ കുടുംബം. ആ കുടുംബത്തില്‍ നിന്നുമാണ് ഇഷ ഡിയോളും സിനിമയിലെത്തുന്നത്. അച്ഛന്‍ ധര്‍മ്മേന്ദ്രയും അമ്മ ഹേമ മാലിനിയും ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളാണ്. ഇന്ത്യയുടെ കള്‍ച്ചറല്‍ ഐക്കണുകളാണ് ധര്‍മ്മേന്ദ്രയും ഹേമമാലിനിയും. ഇഷയുടെ അർധസഹോദരന്മാരായ സണ്ണി ഡിയോളും ബോബി ഡിയോളും ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ്. ഈ സാഹചര്യത്തില്‍ ബോളിവുഡ് എന്നത് ഇഷയ്ക്ക് സ്വാഭാവികമായൊരു തിരഞ്ഞെടുപ്പ് മാത്രമായിരുന്നു.
2002 ല്‍ പുറത്തിറങ്ങിയ കോയ് മേരെ ദില്‍ സേ പൂച്ഛേ ആയിരുന്നു ഇഷയുടെ അരങ്ങേറ്റ സിനിമ. പിന്നീട് ന തും ജാനേ ന ഹം, ക്യാ ദില്‍ നേ കഹാ, കുച്ഛ് തോ ഹേ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു ആയുത എഴുത്തിലൂടെയാണ് തെന്നിന്ത്യയിലേക്ക് എത്തുന്നത്. ചിത്രം വലിയ വിജയം നേടുകയും ചെയ്തു. ഇന്നും ആരാധകര്‍ സംസാരിക്കുന്ന സിനിമയാണ് ആയുത എഴുത്ത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കായ യുവയിലും ഇഷ നായികയായി. ധൂം, ദസ്, കാല്‍, നോ എന്‍ട്രി എന്നീ ചിത്രങ്ങളിലും ഇഷ അഭിനയിച്ചു.
എന്നാല്‍ പിന്നീട് താരത്തിന് തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്നു. ഇതോടെയാണ് ഇഷ ഡിയോള്‍ വിവാഹം കഴിക്കുന്നതും സിനിമാ ജീവിതത്തില്‍ നിന്നും ഇടവേളയെടുക്കുന്നതും. അഭിനയത്തിലേക്ക് ഇഷ തിരികെ വരുന്നത് 2022 ല്‍ മാത്രമാണ്. സീരീസായ രുദ്രയിലൂടെയായിരുന്നു തിരിച്ചുവരവ്. പിന്നീട് 2023 ല്‍ ഹണ്ടര്‍ ടൂട്ടേഗ നഹി തോഡേഗ എന്ന സീരീസിലും അഭിനയിച്ചു. ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവാണ് തുംകോ മേരി കസം. അദ ഷർമ, അനുപം ഖേർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
2012 ലാണ് ഇഷ ഡിയോള്‍ ഭരത്തിനെ വിവാഹം കഴിക്കുന്നത്. 2017 ലാണ് ദമ്പതിമാര്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. 2019 ല്‍ രണ്ടാമത്തെ കുഞ്ഞും പിറന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ഇഷ പിന്നീട് ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ബിഗ് സ്‌ക്രീനിനോട് അകലം പാലിച്ചു. ഇതിനിടെ റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താവായുമെത്തി. പിന്നീടാണ് ഒടിടിയിലൂടെ തിരിച്ചുവരവ്. താരത്തിന്റെ ബിഗ് സ്ക്രീന്‍ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അതേസമയം ബോളിവുഡിലെ സൂപ്പര്‍ താരമാണ് അജയ് ദേവ്ഗണ്‍. ഇഷയെ പോലെ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് അജയ് ദേവ്ഗണ്‍ സിനിമയിലെത്തുന്നത്. ആക്ഷനും കോമഡിയുമെല്ലാം ഒരുപോലെ ചെയ്ത് കയ്യടി നേടിയിട്ടുള്ള നടനാണ് അജയ് ദേവ്ഗണ്‍. തന്റെ കരിയറില്‍ പല നടിമാരുടെ പേരിനൊപ്പം അജയ് ദേവ്ഗണിന്റെ പേര് ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ 1999 ല്‍ നടി കജോളിനെ അജയ് ദേവ്ഗണ്‍ വിവാഹം കഴിച്ചു. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അജയ് ദേവ്ഗണും കജോളും. രണ്ട് മക്കളാണ് ദമ്പതിമാർക്കുള്ളത്.
സിംഗം എഗെയ്ന്‍ ആണ് അജയ് ദേവ്ഗണിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. പക്ഷെ സിനിമ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. ഇതിനിടെ ആസാദില്‍ അതിഥി വേഷത്തിലെത്തിയിരുന്നു. റെയ്ഡ് 2, സണ്‍ ഓഫ് സര്‍ദാര്‍ 2, ദേ ദേ പ്യാര്‍ ദേ 2 തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. സൂപ്പര്‍ ഹിറ്റായ ദൃശ്യം പരമ്പരയിലെ മൂന്നാമത്തെ ചിത്രവും അണിയറയിലുണ്ട്. മലയാളത്തില്‍ ദൃശ്യം 3 പുറത്തിറങ്ങും മുമ്പ് തന്നെ ഹിന്ദിയിലെ മൂന്നാം ഭാഗം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തുടർ പരാജയങ്ങളില്‍ നിന്നും ശക്തമായി തന്നെ അജയ് ദേവ്ഗണ്‍ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


Click it and Unblock the Notifications











