ഇഷയും കരീനയും അവസരങ്ങള്‍ തട്ടിയെടുത്തെന്ന് അമീഷ പട്ടേല്‍; മറുപടിയുമായി താരപുത്രി
ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ഇഷ ഡിയോള്‍. സൂപ്പര്‍ താരങ്ങളായ ധര്‍മ്മേന്ദ്രയുടേയും ഹേമ മാലിനിയുടേയും മകള്‍. അച്ഛനേയും അമ്മയേയും പോലെ തന്നെ ഇഷയും സിനിമയിലെത്തി. എന്നാല്‍ തന്റെ അച്ഛനേയും അമ്മയേയും പോലെ വലിയ താരമായി മാറാന്‍ ഇഷയ്ക്ക് സാധിച്ചില്ല. പക്ഷെ തന്നെ അടയാളപ്പെടുത്തുന്ന സിനിമകള്‍ ചെയ്യാനും സ്വന്തമായൊരു ഇടം കണ്ടെത്താനും ഇഷയ്ക്ക് സാധിച്ചിട്ടുണ്ട്.
രണ്ടായിരങ്ങളില്‍ ബോളിവുഡില്‍ നിറഞ്ഞു നിന്ന നടിയാണ് ഇഷ. പ്രിയങ്ക ചോപ്ര, കരീന കപൂര്‍, അമീഷ പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് ഇഷ ഡിയോളും അരങ്ങേറുന്നത്. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ എക്കാലത്തും ഇവര്‍ക്കിടയില്‍ ഒരു തരം മത്സരമുള്ളതായാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെയാണ് പോയ വര്‍ഷം അമീഷ പട്ടേല്‍ തന്റെ അവസരങ്ങള്‍ താരപുത്രിമാര്‍ തട്ടിയെടുത്തുവെന്ന് ആരോപിക്കുന്നത്.

ഇപ്പോഴിതാ അമീഷയുടെ ആരോപണത്തിന് മറുപടിയുമായി ഇഷ എത്തിയിരിക്കുകയാണ്. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇഷ മനസ് തുറന്നത്. തനിക്ക് എല്ലവാരുമായി നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നതെന്നും ആരും ആരുടേയും വേഷങ്ങള്‍ തട്ടിയെടുത്തിട്ടില്ലെന്നുമാണ് ഇഷ പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരാന്‍ ശ്രമിക്കുകയാണ് ഇഷ ഡിയോള്‍.
''അവള്‍ അങ്ങനെ പറഞ്ഞുവോ? എന്റെ ചിന്ത മറ്റൊന്നാണ്. ഞങ്ങളെല്ലാവരും അവരവരുടെ ജോലികളുമായി തിരക്കിലായിരുന്നു. അന്നത്തെ പെണ്‍കുട്ടികള്‍ക്കിടയില്‍ നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. ആരും ആരുടേയും വേഷങ്ങള്‍ തട്ടിയെടുത്തതായി എനിക്ക് തോന്നുന്നില്ല'' എന്നാണ് ഇഷ പറഞ്ഞത്. എല്ലാവരും തങ്ങളുടെ ജോലിയുടെ തിരക്കുകൡലായിരുന്നുവെന്നാണ് ഇഷ പറയുന്നത്. എല്ലാവരും തമ്മില്‍ നല്ല സൗഹൃദമായിരുന്നുവെന്നും താരം പറയുന്നുണ്ട്.
അതേസമയം ഇഷയുടെ കരിയറില്‍ ഇത്തരം ആരോപണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. ഒരിക്കല്‍ നടി അമൃത റാവുവിനെ ഇഷ കരണത്തടിച്ചത് വലിയ വിവാദമായി മാറിയിരുന്നു. ഇരുവരും നായികമാരായി അഭിനയിച്ചിരുന്ന പ്യാരേ മോഹന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. വഴക്കിനിടെ ഇഷ അമൃതയുടെ കരണത്തടിക്കുകയും ചെയ്തു. പിന്നീട് അമൃതയും ഇഷയും സംസാരിച്ച് ഈ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

വിവാഹത്തോടെയാണ് ഇഷ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. തന്റെ ബാല്യ കാല സുഹൃത്തായ ഭരത് തഖ്താനിയെയാണ് ഇഷ വിവാഹം കഴിച്ചത്. എന്നാല്‍ ഈയ്യടുത്ത് ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു. പത്രക്കുറിപ്പിലൂടെയാണ് ഇഷയും ഭരതും ഇക്കാര്യം അറിയിച്ചത്. രധ്യ, മിറായ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട് ഇരുവര്‍ക്കും.
കോയ് മേരെ ദില്‍ സേ പൂച്ഛേ എന്ന സിനിമയിലൂടയായിരുന്നു ഇഷയുടെ അരങ്ങേറ്റം. പിന്നീട് കുച്ഛ് തോ ഹേ, എല്‍ഒസി കാര്‍ഗില്‍, ആയുധ എഴുത്ത്, ധൂം, യുവ, കാല്‍, ദസ്, നോ എന്‍ട്രി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ടെല്‍ മി ഓ ഖുദ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റോഡീസിലൂടെ ടെലിവിഷനില്‍ സാന്നിധ്യം അറിയിച്ച ഇഷ, രുദ്രയിലൂടെ സീരീസ് ലോകത്തും എത്തിയിരുന്നു. ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഇഷ ഇപ്പോള്‍.


Click it and Unblock the Notifications











