പ്രിയങ്കയെ മോഡലിംഗിന് വിടാന്‍ അച്ഛന്റെ വീട്ടുകാര്‍ സമ്മതിച്ചില്ല; അവര്‍ മുന്നോട്ട് വച്ച നിബന്ധന ഇങ്ങനെ
ബോളിവുഡും കടന്ന് ഹോളിവുഡില്‍ എത്തിയ താരമാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും ആരാധകരുള്ള നടി. ഇന്ന് പ്രിയങ്കയെ ഒരു നോക്ക് കാണാന്‍ ആരാധകര്‍ കൊതിക്കുന്നു. എന്നാല്‍ പ്രിയങ്ക സിനിമാ ജീവിതം ആരംഭിക്കുമ്പോള്‍ വീട്ടില്‍ നിന്നും നേരിടേണ്ടി വന്നത് കടുത്ത എതിര്‍പ്പുകളാണ്. പ്രത്യേകിച്ചും അച്ഛന്റെ കുടുംബത്തില്‍ നിന്നും. പ്രിയങ്കയുടെ അമ്മ മധു ചോപ്രയാണ് മകളുടെ തുടക്കകാലത്തെക്കുറിച്ച് മനസ് തുറന്നത്.
പ്രിയങ്കയുടെ അച്ഛന്‍ പരമ്പരാഗത ചിന്താഗതിക്കാരനായിരുന്നു എന്നാണ് അമ്മ ഓര്‍ക്കുന്നത്. ബോസ്റ്റണില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ വന്ന പ്രിയങ്ക ഒരു വര്‍ഷം ഇടവേള എടുത്തിരുന്നു. രണ്ട് രാജ്യങ്ങളിലേയും വിദ്യഭ്യാസ രീതി വ്യത്യസ്തമാണെന്നതാണ് കാരണം.

''ഏറ്റവും വലിയ മാറ്റമുണ്ടായത് പ്രിയങ്ക സൗന്ദര്യ മത്സരം ജയിച്ചതോടെയാണ്. അവള്‍ക്ക് മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോകണം. പക്ഷെ അവളുടെ അച്ഛന്റെ കുടുംബം അതിന് സമ്മതിച്ചില്ല. അവള്‍ പഠനത്തില്‍ മിടുക്കിയായിരുന്നു. അവളെ ഞാന്‍ ശല്യം ചെയ്യുന്നത് അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. അവളാണെങ്കില്‍ 12-ാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. വളരെ നിര്‍ണായകമായ സമയം'' മധു ചോപ്ര പറയുന്നു.
''അതുകൊണ്ട് അവള്‍ ഒരു വര്‍ഷം ഇടവേളയെടുത്തു. ഇന്ത്യയിലെ കുട്ടികളുടെ ഒപ്പമെത്താന്‍. അവള്‍ ആഗ്രഹിച്ചിരുന്ന സയന്‍സ് സബ്‌ജെക്ടിലെ കുട്ടികള്‍ അവളേക്കാള്‍ ഒരുപാട് മുന്നിലായിരുന്നു. ആ ഇടവേളയിലാണ് ഈ അവസരം വരുന്നത്. അവള്‍ മിസ് ഇന്ത്യ ആയി. പിന്നാലെ മിസ് വേള്‍ഡിന് തയ്യാറെടുക്കാന്‍ മുംബൈയിലേക്ക് പോകാന്‍ പറഞ്ഞു'' മധു പറയുന്നു.
എന്നാല്‍ പ്രിയങ്ക അപ്പോഴും കൗമാരക്കാരി ആയതിനാല്‍ കൂടെ മാതാപിതാക്കളില്‍ ഒരാള്‍ പോകണമായിരുന്നു. ഇതോടെ തന്റെ കരിയര്‍ വേണ്ടെന്ന് വച്ച് മധു ചോപ്ര മകളുടെ കൂടെ പോകാന്‍ തീരുമാനിച്ചു. ''അപ്പോള്‍ കുടുംബം ഒരു നിബന്ധന വച്ചു. മാതാപിതാക്കളില്‍ ഒരാള്‍ കൂടെ വേണം. ഞങ്ങള്‍ ഇരുന്ന് ചര്‍ച്ച ചെയ്തു. ശരി, ഞാന്‍ രണ്ട് പേരെ ജോലിയ്‌ക്കെടുക്കാം എന്ന് ഭര്‍ത്താവ് പറഞ്ഞു. എന്റെ മകളുടെ കൂടെ അവളുടെ അമ്മ ഉണ്ടാകുന്നതാണ് അവള്‍ക്ക് നല്ലതെന്ന് അദ്ദേഹം പറഞ്ഞു'' എന്നാണ് മധു ചോപ്ര പറയുന്നത്.

''അദ്ദേഹം വളരെ യാഥാസ്ഥിതികനായ അച്ഛനായിരുന്നു. പക്ഷെ അദ്ദേഹം ടിപ്പിക്കല്‍ പഞ്ചാബി അച്ഛനുമായിരുന്നു. ഞാന്‍ പോകുമെന്ന് തീരുമാനിച്ചു. ഞാന്‍ ഒരു രാത്രി കൊണ്ട് എന്റെ പ്രാക്ടീസ് വേണ്ടെന്ന് വച്ചു. അവളുടെ കൂടെ ബോംബെയ്ക്ക് പോയി. എന്നെ സംബന്ധിച്ചും ജീവിതം മാറ്റി മറിച്ച തീരുമാനമായിരുന്നു അത്'' എന്നും മധു ചോപ്ര പറയുന്നു. അതേസമയം തങ്ങളുടെ മകള്‍ വലിയ നേട്ടങ്ങള്‍ നേടാനുള്ളവളാണെന്ന് തനിക്കും അശോകിനും തോന്നിയെന്നും മധു ചോപ്ര പറയുന്നു.
''ഞാനും അവളുടെ അച്ഛനും മിസ് വേള്‍ഡ് ആയ ശേഷമുള്ള ആദ്യത്തെ പ്രസ് മീറ്റ് കാണുകയായിരുന്നു. ഇവളെ പിടിച്ചാല്‍ കിട്ടില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി. അവള്‍ തിരികെ പോയി സാധാരണക്കാരെ പോലെ ഡോക്ടറോ എഞ്ചിനീയറോ ആകേണ്ടവളല്ല. വലിയ കാര്യങ്ങള്‍ നേടാനുള്ളവളാണ്'' മധു ചോപ്ര പറയുന്നു. സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും ചെറുപ്പം പ്രിയങ്കയായിരുന്നു. മുമ്പ് ഹീലോ സാരിയോ ധരിച്ചിട്ടില്ല. മേക്കപ്പും ഇട്ടിട്ടില്ല. പരിശീലനത്തിലൂടയാണ് അവള്‍ ആത്മവിശ്വാസം നേടിയതെന്നും അമ്മ പറയുന്നു.


Click it and Unblock the Notifications