'എന്ത് ചെയ്യാനും റെഡിയല്ലേ? അയാള്‍ ചോദിച്ചു'; കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തി ദംഗല്‍ നായിക ഫാത്തിമ സന
ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഫാത്തിമ സന ഷെയ്ഖ്. ആമിര്‍ ഖാന്‍ നായകനായ ദംഗലിലൂടെയായിരുന്നു സനയുടെ അരങ്ങേറ്റം. ദംഗല്‍ വലിയ വിജയമാവുകയും സന താരമായി മാറുകയും ചെയ്തു. തുടര്‍ന്ന് നിരവധി സിനിമകളാണ് സനയെ തേടിയെത്തിയത്. ഇപ്പോഴിതാ വാര്‍ത്തകളില്‍ നിറയുകയാണ് സന ഫാത്തിമ ഷെയ്ഖ്. തെന്നിന്ത്യന്‍ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സന നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്.
സൗത്ത് ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ ദുരനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. വേഷം ലഭിക്കാന്‍ എന്ത് ചെയ്യാനും തയ്യാറാകണമെന്ന് തന്നോട് പറഞ്ഞുവെന്നാണ് സന പറയുന്നത്. താന്‍ അവഗണിച്ചിട്ടും അയാള്‍ തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നുവെന്നും സന പറയുന്നു.

''നീ എന്ത് ചെയ്യാനും തയ്യാറായിരിക്കില്ലേ എന്ന് അയാള്‍ എന്നോട് ചോദിച്ചു. ഞാന്‍ കഠിനാധ്വാനം ചെയ്യുമെന്നും വേഷത്തിനായി ചെയ്യാനാകുന്നതൊക്കെ ചെയ്യുമെന്നും ഞാന്‍ പറഞ്ഞു. അയാള്‍ എവിടെ വരെ പോകുമെന്ന് അറിയാന്‍ ഞാന്‍ മണ്ടിയെ പോലെ നിന്നു''എന്നാണ് ഫാത്തിമ സന ഷെയ്ഖ് പറയുന്നത്. തുടക്കക്കാരിയെന്ന നിലയില്‍ തെന്നിന്ത്യന്‍ സിനിമയില്‍ നല്ല വേഷം ചെയ്താല്‍ ബോളിവുഡിലേക്ക് എത്താന്‍ എളുപ്പമാകുമെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നാണ് സന പറയുന്നത്.
അതേസമയം കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിര്‍മ്മാതാക്കള്‍ നേരിട്ട് പറയില്ലെന്നും പകരും ചിലരെ കാണേണ്ടി വരും, ഇത് ചെയ്യേണ്ടി വരും അത് ചെയ്യേണ്ടി വരും എന്നൊക്കെയാകും പറയുകയെന്നും താരം പറയുന്നു. അതേസമയം ബോളിവുഡില്‍ തുടക്കക്കാരുടെ പ്രതിഫലത്തില്‍ നിന്നും വലിയൊരു പങ്ക് കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ തട്ടിയെടുക്കുന്നുണ്ടെന്നും ഫാത്തിമ പറയുന്നു. താരത്തിന്റെ തുറന്നു പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

തന്നോട് മോശമായി പെരുമാറിയ വ്യക്തിയുടെ പേര് ഫാത്തിമ വെളിപ്പെടുത്തിയിട്ടില്ല. അതിനാല്‍ ആ വ്യക്തി ആരെന്ന് വെളിപ്പെടുത്തണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇരകളുടെ ഭയം വേട്ടക്കാരെ ശക്തരാക്കുകയാണ് ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇത്തരക്കാരുടെ പേര് വെളിപ്പെടുത്തി അവരെ സമൂഹത്തില്‍ നാണംകെടുത്തണമെന്നും അവര്‍ പറയുന്നു. കുടുംബവേരുകളില്ലാതെ കടന്നു വരുന്ന പലര്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.


Click it and Unblock the Notifications