ആമിര്‍ ഖാനെ പോലെയാകാന്‍ നോക്കി; കിഡ്‌നി തകരാറിലായി ഫവാദ് ഖാന്‍ ആശുപത്രിയില്‍!
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന താരമാണ് ആമിര്‍ ഖാന്‍. തന്റെ കഥാപാത്രമായി മാറാന്‍ എന്തിനും ആമിര്‍ തയ്യാറാണ്. അവതരിപ്പിക്കുന്ന രംഗവും കഥാപാത്രവും കൃത്യമായിരിക്കാന്‍ ഏതറ്റം വരേയും പോകാന്‍ ആമിര്‍ തയ്യാറാകും. ദംഗല്‍ സിനിമയ്ക്കായി ആമിര്‍ നടത്തിയ മേക്കോവറൊക്കെ ഇത്തരത്തില്‍ വലിയ പ്രശംസ നേടിയതായിരുന്നു. താരകുടുംബത്തില്‍ നിന്നും വന്ന് ബോളിവുഡിന്റെ സൂപ്പര്‍ താരമായി മാറാന്‍ ആമിറിനെ സഹായിച്ചത് ഈ കമ്മിറ്റ്‌മെന്റാണ്.
തന്റെ പ്രകടനം കൊണ്ടും സിനിമയോടുള്ള അഭിനിവേശം കൊണ്ടുമൊക്കെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് ആമിര്‍ ഖാന്‍. കഥാപാത്രമായി ശാരീരികമായി മാറാന്‍ പലര്‍ക്കും ആമിര്‍ ഖാന്‍ ഒരു പ്രചോദനമാണ്. എന്നാല്‍ കരുതുന്നത് പോലെ അത്ര എളുപ്പമല്ല അത് എന്നതാണ് സത്യം. പല നടന്മാരേയും പോലെ ശാരീരിക മാറ്റം വരുത്താന്‍ ശ്രമിച്ച് പണി കിട്ടിയിരിക്കുകയാണ് നടന്‍ ഫവാദ് ഖാന്. വിശദമായി വായിക്കാം.

പാക് താരമാണ് ഫവാദ് ഖാന്‍. പരമ്പരകളിലൂടേയും സിനിമകളിലൂടേയും ഇന്ത്യന്‍ ആരാധകര്‍ക്കും ഫവാദിനെ നല്ല പരിചയമാണ്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് ദ ലെജന്റ് ഓഫ് മൗല. ഈ ചിത്രത്തിനായി ഫവാദ് നടത്തിയ മേക്കോവര്‍ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വീണ്ടും ഇത്തരത്തിലൊരു മേക്കവറിന് തയ്യാറാകുമോ എന്ന ചോദ്യത്തിന് ഫവാദ് നല്‍കുന്ന മറുപടി ഇല്ല എന്നതാണ്. ഇതിനുള്ള കാരണവും താരം വ്യക്തമാക്കുന്നുണ്ട്.
ശാരീരികമായ മാറ്റം വരുത്താനായി നടത്തിയ ശ്രമം വലിയ തെറ്റായിപ്പോയെന്നാണ് ഫവാദ് പറയുന്നത്. തന്റെ ശരീരത്തെ അത് നെഗറ്റീവായാണ് ബാധിച്ചതെന്നും ഫവാദ് പറയുന്നുണ്ട്. ''ഞാന്‍ എന്നോട് ചെയ്ത നല്ല കാര്യമല്ലത്. ഞാനൊരിക്കലും ഇതിനി ആവര്‍ത്തിക്കില്ല. ഞാന്‍ ചില തെറ്റായ തീരുമാനങ്ങളെടുക്കുകയും അത് എന്നെ നെഗറ്റീവായി ബാധിക്കുകയും ചെയ്തു'' എന്നാണ് താരം പറയുന്നത്. തന്റെ കിഡ്‌നികളുടെ പ്രവര്‍ത്തനം തകരാറിലായെന്നും ഇതോടെ ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നുവെന്നും ഫവാദ് പറയുന്നുണ്ട്.

ചെറുപ്പം മുതല്‍ തന്നെ പ്രമേഹ രോഗിയാണ് ഫവാദ്. 70-75 കിലോ ഭാരമുണ്ടായിരുന്ന ഫവാദ് ചിത്രത്തിനായി നൂറ് കിലോയോളം ഭാരം കൂട്ടുകയായിരുന്നു. '''ശാരീരികമായ ഈ മാറ്റത്തിനൊരു ഇരുണ്ട വശം കൂടെയുണ്ടെന്ന് ആളുകള്‍ മനസിലാക്കണം. ഇത്തരം തീരുമാനങ്ങള്‍ നിങ്ങളുടെ ശരീരത്തെ സാരമായി ബാധിക്കും. അതാണ് സംഭവിച്ചത്. പത്ത് ദിവസത്തിനകം ഞാന്‍ ആശുപത്രിയിലെത്തി. എന്റെ കിഡ്‌നി തകരാറിലായി'' എന്നാണ് താരം പറഞ്ഞത്.

''മണിക്കൂറുകളോളം ഞാന്‍ ഇതിനായി മാറ്റി വെക്കുമായിരുന്നു. പക്ഷെ അത് ശരിയായ രീതിയായിരുന്നില്ല. എനിക്ക് സമയം കുറച്ചേ ഉണ്ടായിരുന്നുള്ളുവെന്നതിനാലായിരുന്നു അങ്ങനെ ചെയ്തത്. ഇത്തരം സാഹചര്യങ്ങള്‍ മൂലമാണത് സംഭവിച്ചത്. ഞാന്‍ ക്രിസ്ത്യന്‍ ബെയിലല്ല. പക്ഷെ അദ്ദേഹമോ ആമിര്‍ ഖാനോ ചെയ്തത് പോലെ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു' എന്നാണ് താരം പറഞ്ഞത്. നേരത്തെ ദംഗലിനായി ആമിര്‍ ഖാന്‍ ഭാരം കൂട്ടിയിരുന്നു. പിന്നീട് താരം ഭാരം കുറയ്ക്കുകയും ചെയ്തിരുന്നു.

പാക്ക് നടനും ഗായകനും തിരക്കഥാകൃത്തുമൊക്കെയാണ് ഫവാദ് ഖാന്‍. ടെലിവിഷനിലൂടെയായിരുന്നു താരം കരിയര്‍ ആരംഭിച്ചത്. ഖുബ്‌സൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്. പിന്നീട് കപൂര്‍ ആന്റ് സണ്‍സ്, യേ ദില്‍ഹേ മുഷ്‌കില്‍, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഇന്ത്യയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാനും ഫിലിം ഫെയര്‍ അവാര്‍ഡ് നേടാനുമൊക്കെ ഫവാദിന് സാധിച്ചിരുന്നു. ഈയ്യടുത്ത് ഡിസ്‌നി പ്ലസിന്റെ മാര്‍വല്‍ സീരീസായ മിസ് മാര്‍വലിലും ഫവാദ് അഭിനയിച്ചിരുന്നു. താരത്തിന്റെ പുതിയ സിനിമയാണ് ദ ലെജന്റ് ഓഫ് മൗല ജട്ട്.


Click it and Unblock the Notifications











