മികച്ച നടിയായി 'നെപ്പോ കിഡും' 'ഔട്ട് സൈഡറും'; കൃതിയും ആലിയയും പുരസ്‌കാരം പങ്കിടുമ്പോള്‍
മികച്ച നടിക്കുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇത്തവണ രണ്ട് പേര്‍ പങ്കിടും. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരുടേയും ആദ്യത്തെ പുരസ്‌കാരമാണിത്. അമ്പതിനായിരം രൂപയും രജത് കമലവും അടങ്ങുന്നതാണ് പുരസ്‌കാരം. ആലിയയുടേയും കൃതിയുടേയും പുരസ്‌കാര നേട്ടം ബോളിവുഡിലെ രണ്ട് തട്ടുകളുടെ രസകരമായ സംഗമം കൂടിയാണ്.
സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഗംഗുബായ് കത്ത്യാവാഡിയിലൂടെയാണ് ആലിയ ഭട്ട് മികച്ച നടിയാകുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ സ്വപ്‌ന ചിത്രമായിരുന്നു ഗംഗുബായ് കത്ത്യാവാഡി. കൊറോണക്കാലത്തായിരുന്നിട്ട് കൂടി വന്‍ വിജയം നേടിയ ചിത്രമാണിത്. ചിത്രത്തിലെ ആലിയയുടെ പ്രകടനം അന്ന് തന്നെ കയ്യടി നേടിയിരുന്നു. ആലിയയെ തേടി ദേശിയ പുരസ്‌കാരമെത്താന്‍ അധികം കാലം കാത്തിരിക്കേണ്ടി വരില്ലെന്നും വിലയിരുത്തപ്പെട്ടിരുന്നു.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കിയ ചിത്രമായിരുന്നു ഗംഗുബായ് കത്ത്യാവാഡി. ലൈംഗിക തൊഴിലാളിയില്‍ നിന്നുമുള്ള ഗംഗുബായിയുടെ വളര്‍ച്ചയുടെ കഥ പറയുന്ന സിനിമയില്‍ അജയ് ദേവ്ഗണ്‍, ശാന്തനു മഹേശ്വരി, സീമ പാഹ്വ, വിജയ് റാസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
മിമി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് കൃതി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നത്. ചിത്രത്തിലെ കൃതിയുടെ പ്രകടനം നേരത്തെ തന്നെ കയ്യടികളും പുരസ്‌കാരങ്ങളും നേടിയിരുന്നു. ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് കൃതി സനോണ്‍. ലക്ഷ്മണ്‍ ഉത്തേക്കര്‍ സംവിധാനം ചെയ്ത ചിത്രാണ് മിമി. വാടകഗര്‍ഭ ധാരണത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയായിരുന്നു മിമി.
ബോളിവുഡിലെ നെപ്പോ കിഡ് ആയ ആലിയ മികച്ച നടിയാകുമ്പോള്‍ കൂടെ പുരസ്‌കാരം പങ്കിടുന്നത് ഔട്ട് സൈഡറായി കൃതി സനോണ്‍ ആണെന്നതും രസകരമായൊരു വസ്തുതയാണ്. ബോളിവുഡിലെ താരുകുടംബങ്ങളുടെ വേരുകളോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് കൃതി സനോണ്‍ കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. മോഡലിംഗിലൂടെ സിനിമയിലെത്തിയ കൃതിയുടെ തുടക്കം തെന്നിന്ത്യന്‍ സിനിമയിലൂടെയായിരുന്നു. പിന്നീടാണ് ബോളിവുഡിലെത്തുന്നത്.
മഹേഷ് ബാബു നായകനായ 1 നെനക്കണ്ടിനെ ആയിരുന്നു കൃതിയുടെ ആദ്യത്തെ സിനിമ. പിന്നീട് ഹീറോപന്തിയിലൂടെ ബോളിവുഡിലെത്തി. ദില്‍വാലെ, രാബ്ത്ത, ബറേലി കി ബര്‍ഫി, ലുക്കാ ചുപ്പി, പതി പത്‌നി ഓര്‍ വോ, ഭേഡിയ തുടങ്ങി നിരവധി സിനിമകളില്‍ കൃതി അഭിനയിച്ചിട്ടുണ്ട്. ആദിപുരുഷ് ആണ് കൃതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗണ്‍പത് ആണ് കൃതിയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ദ ക്രൂ, ദോ പത്തി തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.
മിമിയില്‍ കൃതിയ്‌ക്കൊപ്പം പങ്കജ് തൃപാഠി, സായ് തമാങ്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. എആര്‍ റഹ്‌മാന്റേതായിരുന്നു സംഗീതം. അതേസമയം മിമിയ്ക്ക് മറ്റൊരു സന്തോഷം കൂടിയുണ്ട് ഈ ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍. ചിത്രത്തിലെ പ്രകടനത്തിലൂടെ പങ്കജ് തൃപാഠിയെ തേടി മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവുമെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ കൃതി അവതരിപ്പിച്ച മിമിയുടെ അച്ഛന്റെ വേഷത്തിലാണ് പങ്കജ് എത്തിയത്.

റോക്കട്രിയാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയത്. നടന്‍ മാധവന്‍ ആണ് സിനിമയുടെ സംവിധായകനും പ്രധാന നടനും. മറാത്തി ചിത്രം ഗോദാവരിയിലൂടെ നിഖില്‍ മഹാജന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും നേടി. പുഷ്പയിലെ പ്രകടനത്തിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയെടുത്തു. കശ്മീര്‍ ഫയല്‍സിലെ അഭിനയത്തിന് പല്ലവി ജോഷിയ്ക്കാണ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം. ദേവി ശ്രീ പ്രസാദാണ് മികച്ച സംഗീത സംവിധായകന്‍.
മലയാളത്തിലും ഇത്തവണ അഭിമാനിക്കാവുന്ന നേട്ടങ്ങളുണ്ട്. ഹോമിലെ പ്രകടനത്തിലൂടെ ഇന്ദ്രന്‍സിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം. ലഭിച്ചു. പുതുമുഖ സംവിധായകന്റെ മികച്ച സിനിമയ്ക്കുള്ള ഇന്ദ്രിരാഗാന്ധി പുരസ്‌കാരവും മലയാളത്തിനാണ്. മേപ്പടിയാന്‍ സിനിമയ്ക്കാണ് പുരസ്‌കാരം. വിഷ്ണു മോഹന്‍ ആണ് സിനിമയുടെ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രമാണ് മേപ്പടിയാന്‍. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും മലയാളത്തിനാണ്. നായാട്ടിലൂടെ ഷാഹി കബീര്‍ ആണ് ഈ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം നേടി.


Click it and Unblock the Notifications











