ഗോവിന്ദയെ കല്യാണം കഴിക്കണമെന്ന് രവീണ ആഗ്രഹിച്ചിരുന്നു; നടനെ വെടിവച്ചത് ഭാര്യയോ? സുനിത പറയുന്നു
ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് ഗോവിന്ദ. തൊണ്ണൂറുകളില്‍ ഗോവിന്ദയ്ക്കുണ്ടായിരുന്ന സ്വീകാര്യത സമാനതകളില്ലാത്തതാണ്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലെ നായകനായിരുന്നു ഗോവിന്ദ. എന്റര്‍ടെയ്ന്‍മെന്റിന്റെ മറുവാക്കായിരുന്നു ഗോവിന്ദ. തുടര്‍ വിജയങ്ങളുമായി സാക്ഷാല്‍ ബച്ചനെ പോലും ബോക്‌സ് ഓഫീസില്‍ പിന്നിലാക്കിയിരുന്നു ഗോവിന്ദ. കോമഡി ചെയ്യാനുള്ള ഗോവിന്ദയുടെ മികവ് സമാനതകളില്ലാത്തതാണ്. മികച്ച ഡാന്‍സറുമാണ് അദ്ദേഹം.
സുനിത അഹൂജയാണ് ഗോവിന്ദയുടെ ഭാര്യ. തീര്‍ത്തും വ്യത്യസ്തരായ രണ്ടു പേരാണ് ഗോവിന്ദയും സുനിതയും. ഇപ്പോഴിതാ ഗോവിന്ദയെക്കുറിച്ചും താരത്തിന്റെ പെണ്‍സുഹൃത്തുക്കളെക്കുറിച്ചുമൊക്കെ സുനിത സംസാരിക്കുകയാണ്. രവീണ ടണ്ടനും ശില്‍പ ഷെട്ടിയും നടത്തിയ ചില പ്രസ്താവനകളോട് പ്രതികരിക്കുകയാണ് സുനിത.

ഗോവിന്ദയെ കല്യാണം കഴിക്കാന്‍ രവീണയ്ക്ക് ആഗ്രഹമുണ്ടായിരുന്നു എന്നാണ് സുനിത പറയുന്നത്. ''രവീണ ഇപ്പോഴും പറയാറുണ്ട്. ചിച്ചിയെ മുമ്പ് കണ്ടിരുന്നുവെങ്കില്‍ നിങ്ങളെ ഞാന്‍ വിവാഹം കഴിച്ചേനെ എന്ന്. ഞാന്‍ പറഞ്ഞു, കൊണ്ടു പൊക്കോ അപ്പോള്‍ നിനക്ക് മനസിലാകും എന്ന്'' എന്നായിരുന്നു സുനിത പറഞ്ഞത്. ഹിന്ദി റഷിന് നല്‍കിയ അഭിമുഖത്തിലാണ് സുനിത മനസ് തുറന്നത്.
ബോളിവുഡിലെ ഐക്കോണിക് ജോഡിയായിരുന്നു രവീണയും ഗോവിന്ദയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച മിക്ക സിനിമകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. സാന്റ് വിച്ച്, ദുല്‍ഹെ രാജ, ബഡേ മിയാന്‍ ഛോട്ടെ മിയാന്‍, ആന്റി നമ്പര്‍ 1, തുടങ്ങിയ ഹിറ്റുകള്‍ ഇന്നും ആരാധകരുടെ മനസിലുണ്ട്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഈയ്യടുത്ത് അപകടത്തില്‍ പരുക്കേറ്റ് ഗോവിന്ദ ആശുപത്രിയിലായപ്പോള്‍ രവീണ കാണാന്‍ എത്തിയിരുന്നു.
അബദ്ധത്തില്‍ സ്വന്തം തോക്കില്‍ നിന്നും വെടിയേല്‍ക്കുകയായിരുന്നു ഗോവിന്ദയ്ക്ക്. താരത്തെ കാണാന്‍ ആശുപത്രിയിലെത്തിയവരില്‍ രവീണ മാത്രമല്ല, ശില്‍പ ഷെട്ടിയും ഉണ്ടായിരുന്നു. ആശുപത്രിയില്‍ വച്ച് ശില്‍പ ഗോവിന്ദയോട് വെടിവച്ചത് ഭാര്യ സുനിതയാണോ എന്ന് ചോദിച്ചിരുന്നതായി ഗോവിന്ദ തന്നെ നേരത്തെ പറഞ്ഞിരുന്നു. അതിന് താന്‍ നല്‍കിയ മറുപടിയും സുനിത പങ്കുവെക്കുന്നുണ്ട്. ''ഞാന്‍ പറഞ്ഞു, ശില്‍പ ഞാനായിരുന്നു വെടി വച്ചിരുന്നതെങ്കില്‍ നെഞ്ചില്‍ വെടി വച്ചേനെ. അല്ലാതെ കാലിലായിരിക്കില്ല. ഒരു ജോലി ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് പൂര്‍ത്തിയാക്കണം'' എന്നാണ് സുനിത പറഞ്ഞത്.

സുനിതയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഈയ്യടുത്ത് ഗോവിന്ദ വാര്‍ത്തകളില്‍ നിറഞ്ഞത് അപകടത്തെ തുടര്‍ന്നായിരുന്നു. തന്റെ സ്വന്തം തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് താരത്തിന് കാലില്‍ വെടിയേല്‍ക്കുന്നത്. ഉടനെ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പരുക്ക് ഗുരുതരമായിരുന്നില്ലെങ്കിലും ആരാധകരില്‍ ആശങ്കയുണ്ടാക്കിയതായിരുന്നു.
അതേസമയം അഭിനയത്തില്‍ നിന്നും നാളുകളായി വിട്ടു നില്‍ക്കുകയാണ് ഗോവിന്ദ. ഒരുകാലത്ത് സൂപ്പര്‍ താരമായിരുന്ന ഗോവിന്ദ തുടര്‍ പരാജയങ്ങളോടെ പിന്‍വലിയുകയായിരുന്നു. ഇടക്കാലത്ത് തിരികെ വരാന്‍ ശ്രമിച്ചുവെങ്കിലും തന്റെ മുന്‍കാലത്തിന്റെ നിഴലിലേക്ക് പോലും എത്താന്‍ ഗോവിന്ദയ്ക്ക് സാധിച്ചില്ല. എന്നാല്‍ ബോളിവുഡ് ആരാധകര്‍ ഒരുകാലത്ത് മറക്കില്ല ഗോവിന്ദയുടെ ലെഗസിയെ. ഗോവിന്ദയുടെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications











