മദ്യപിച്ച് പലതും മറന്നു,രക്ഷിക്കണമെന്ന് വീട്ടുകാരോട് യാചിച്ചു; ഡിഅഡിക്ഷന്‍ സെന്ററിലെത്തി ഹൃത്വിക്കിന്റെ സഹോദരി
മദ്യപിച്ച് പലതും മറന്നു,രക്ഷിക്കണമെന്ന് വീട്ടുകാരോട് യാചിച്ചു; ഡിഅഡിക്ഷന്‍ സെന്ററിലെത്തി ഹൃത്വിക്കിന്റെ സഹോദരി
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. അച്ഛന്‍ രാകേഷ് റോഷനും മുത്തച്ഛനുമൊക്കെ തുറന്ന് നല്‍കിയ പാതയിലൂടെയാണ് ഹൃത്വിക് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. താരകുടുംബമാണ് ഹൃത്വിക്കിന്റേത്. റോഷന്‍ കുടുംബത്തിന്റെ ചരിത്രം പറയുന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി ദ റോഷന്‍സ് ഈയ്യടുത്താണ് പുറത്ത് വന്നത്. എന്നാല്‍ വീട്ടിലെ പതിവ് തെറ്റിച്ച ആളാണ് ഹൃത്വിക്കിന്റെ സഹോദരി സുനൈന റോഷന്‍.
ക്യാമറയ്ക്ക് മുന്നിലേക്ക് വരാന്‍ സുനൈന ഒരുക്കമായിരുന്നില്ല. ഈയ്യടുത്താണ് താരപുത്രി സിനിമയുടെ പിന്നണിയിലേക്ക് പോലും വരുന്നത്. തന്റെ ജീവിതത്തില്‍ പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് സുനൈനയ്ക്ക്. ദാമ്പത്യ ജീവിതത്തിലും വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. കുടുംബവുമായും പിണങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മദ്യപാനത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സുനൈന.

സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് സുനൈന മനസ് തുറന്നത്. താന്‍ 28 ദിവസം ഡിഅഡിക്ഷന്‍ സെന്ററിലായിരുന്നുവെന്നാണ് സുനൈനയുടെ വെളിപ്പെടുത്തല്‍. ജീവിതത്തിലെ മോശം സമയത്ത് താന്‍ മദ്യത്തില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്നാണ് സുനൈന പറയുന്നത്.
''മദ്യം മോശം കാര്യമല്ല. പക്ഷെ, മദ്യത്തിന് മേല്‍ നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥ പ്രശ്‌നമാണ്. ഞാന്‍ വളരെ മോശം സമയത്തിലൂടെ കടന്നു പോവുകയായിരുന്നു. വൈകാരികമായി തകര്‍ന്ന അവസ്ഥ. എന്റെ വികാരങ്ങളെ മരവിപ്പിക്കാന്‍ ഞാന്‍ മദ്യപിച്ചു. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലമെന്ന് എനിക്ക് അറിയാം'' എന്നാണ് സുനൈന പറയുന്നത്.
അങ്ങനെ തുടങ്ങിയ മദ്യപാനം പിന്നീട് ശീലമായി മാറി. പതിയെ തന്റെ ജീവിതത്തിന്റെ നിയന്ത്രണം മദ്യം ഏറ്റെടുത്തുവെന്നാണ് സുനൈന പറയുന്നത്. അതോടെ ദിവസവും മദ്യപിക്കാന്‍ തുടങ്ങി. മദ്യപാനം തന്റെ ശീരരത്തേയും മനസിനേയുമെല്ലാം ഒരുപോലെ ബാധിക്കാന്‍ തുടങ്ങിയെന്നും ജീവിതത്തിലെ പലതും താന്‍ മറന്നു പോയെന്നും താരപുത്രി പറയുന്നു.
''ഞാന്‍ കട്ടിലില്‍ നിന്നും വീണിട്ടുണ്ട്. പരുക്ക് പറ്റുന്നത് പതിവായി. കസേരയില്‍ നിന്നും വീണിട്ടുണ്ട്. വളരെ വളരെ മോശം ഘട്ടമായിരുന്നു അത്. ഒരുപാട് കുടിക്കും. അതോടെ ബുദ്ധി മരവിക്കും. അടുത്ത ദിവസം പാനിക് അറ്റാക്കും ഡിഹൈഡ്രേഷനും ആംഗ്‌സൈറ്റിയും കൂടും. ഒന്നും ചെയ്യാനുള്ള ഉര്‍ജ്ജമുണ്ടാകില്ല. അതോടെ വീണ്ടും കുടിക്കാന്‍ തുടങ്ങും'' എന്നാണ് തന്റെ അന്നത്തെ അവസ്ഥയെ ഓര്‍ത്തെടുത്ത് സുനൈന പറയുന്നത്.
തന്റെ അവസ്ഥ കണ്ട് അച്ഛന്‍ രാകേഷ് റോഷനും അമ്മ പിങ്കി റോഷനും സഹായിക്കാന്‍ മുന്നോട്ട് വന്നുവെന്നാണ് സുനൈന പറയുന്നത്. അതിന്റെ ഭാഗമായി അവര്‍ തന്റെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. എല്ലാവിധ സാമ്പത്തിക സഹായങ്ങളും നിരസിച്ചു. താന്‍ പണം മുഴുവന്‍ ചെലവാക്കിയിരുന്നത് മദ്യപാനത്തിന് വേണ്ടിയാണെന്നും സുനൈന ഓര്‍ക്കുന്നുണ്ട്. അതിനാലാണ് അച്ഛനും അമ്മയും അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.

അതേസമയം മദ്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടണമെന്ന തോന്നല്‍ തനിക്ക് സ്വയം ഉണ്ടായതാണെന്നാണ് സുനൈന പറയുന്നത്. ഒറ്റയ്ക്ക് പൊരുതി മടുത്ത് ഒരു ദിവസം അച്ഛനേയും അമ്മയേയും പിടിച്ചിരുത്തി തന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് താന്‍ തന്നെ സ്വന്തമായി ഒരു റിഹാബ് സെന്റര്‍ കണ്ടെത്തിയെന്നും സുനൈന പറയുന്നുണ്ട്. ''ഞാന്‍ അച്ഛനേയും അമ്മയേയും വിളിച്ചിരുത്തി, എനിക്ക് ഇതില്‍ നിന്നും പുറത്ത് കടക്കണം എന്നു പറഞ്ഞു. അവര്‍ റിഹാബ് നിര്‍ദ്ദേശിച്ചുവെങ്കിലും ഞാന്‍ തന്നെയാണ് എനിക്ക് വേണ്ട റിഹാബിലിറ്റേഷന്‍ സെന്റര്‍ കണ്ടെത്തുന്നത്'' സുനൈന പറയുന്നു.
അങ്ങനെ താന്‍ 28 ദിവസം ഡിഅഡക്ഷന്‍ സെന്ററില്‍ ചെലവിട്ടുവെന്നാണ് സുനൈന പറയുന്നത്. തിരികെ വന്ന താന്‍ പുതിയൊരു വ്യക്തിയായി മാറിയിരുന്നുവെന്നും സുനൈന പറയുന്നു. മദ്യത്തില്‍ നിന്നും പുറത്ത് വന്നതോടെ താന്‍ വീട്ടുകാരുമായി കൂടുതല്‍ അടുത്തുവെന്നാണ് സുനൈന പറയുന്നത്. ഇന്ന് തന്റെ സഹോദരനടക്കം തന്നെ അഭിമാനത്തോടെയാണ് നോക്കുന്നതെന്നും സുനൈന പറയുന്നുണ്ട്.


Click it and Unblock the Notifications











