എനിക്ക് അക്ഷയ് കുമാറിന്റെ അത്ര തന്നെ പ്രതിഫലം വേണം! വേദിയില്‍ നടനോട് വാദിച്ച് കരീന
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റ് സിനിമകളും പ്രകടനങ്ങളും കരീന കപൂര്‍ സമ്മാനിച്ചിട്ടുണ്ട്. വിവാഹ ശേഷം നടിമാര്‍ സിനിമയില്‍ നിന്നും പിന്മാറുന്ന കാലത്ത് വിവാഹ ശേഷവും അമ്മയായ ശേഷവും നായികയായി തുടരുകയാണ് കരീന കപൂര്‍. ഇന്നും കരീനയുടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല. ബിഗ് സ്‌ക്രീനിലേക്കുള്ള കരീനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം തന്റെ മനസിലുള്ളത് വെട്ടി തുറന്ന് പറയുന്ന ശീലക്കാരിയാണ് കരീന. സിനിമാ മേഖലയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന ഭിന്നതക്കെതിരെ പലരും സംസാരിച്ചിട്ടുണ്ട്. ഒരിക്കല്‍ കരീനയും ഇതേക്കുറിച്ച് തുറന്നടിച്ചിരുന്നു. തന്റെ ചിത്രത്തിലെ നായകനായ അക്ഷയ് കുമാറിനോട് പരസ്യമായൊരു വേദിയില്‍ വച്ചായിരുന്ന കരീന ഇതേക്കുറിച്ച് സംസാരിച്ചത്. 2019 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഗുഡ് ന്യൂസ്. കരീനയും അക്ഷയ് കുമാറുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് വേദയില്‍ വച്ച് പ്രതിഫലത്തിലെ ഭിന്നതയെക്കുറിച്ച് കരീന തുറന്നടിച്ചത്.

രാജ് മെഹ്തയായിരുന്നു ഗുഡ് ന്യൂസ് സംവിധാനം ചെയ്തത്. ദില്‍ജീത്ത് ദൊസാഞ്ജും കിയാര അദ്വാനിയുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും സീ സ്റ്റുഡിയോസും കേപ്പ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നുമായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ വച്ചായിരുന്നു പ്രതിഫലത്തിലെ വ്യത്യാസത്തെക്കുറിച്ച് കരീന സംസാരിച്ചത്.
പേ ചെക്കിന്റെ കാര്യത്തില്‍ എനിക്ക് പറയാനുളളത്, അക്ഷയ് കുമാറിന് കിട്ടുന്ന അത്ര തന്നെ പ്രതിഫലം എനിക്കും കിട്ടണമെന്നായിരുന്നു കരീന പറഞ്ഞത്. ഈ സമയം വേദിയില്‍ അക്ഷയ് കുമാറും ഇരിക്കുന്നുണ്ടായിരുന്നു. കരീനയുടെ വാക്കുകള്‍ കേട്ടതും അക്ഷയ് കുമാര്‍ പ്രതിരോധത്തിലാവുകയായിരുന്നു. ഗുഡ് ന്യൂസില്‍ ഞാനും കരണും പങ്കാളികളാണ്. ഞാന്‍ തയ്യാറാണ്. അവള്‍ ഹീറോയുടെ റോള്‍ ചെയ്യുകയും 50-50 ലാഭ വിഹിതം മതിയെന്ന് പറയുകയാണെന്ന് പറയുകയും ചെയ്താല്‍ ഞാന്‍ റെഡിയാണ്. അതിന് സമ്മതമാണോ എന്നായിരുന്നു അക്ഷയ് കുമാറിന്റെ ചോദ്യം.
തന്റെ വാക്കുകളില്‍ ഉറച്ചു നിന്ന കരീന ഗുഡ് ന്യൂസില്‍ യഥാര്‍ത്ഥത്തില്‍ നായിക തന്നെയാണ് ചിത്രത്തിലെ ഹീറോ എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പ്രതിഫലം വാങ്ങുന്നതിന് പകരം ലാഭത്തിന്റെ വിഹിതം വാങ്ങുന്ന കരാറിന് തയ്യാറാണോ എന്ന് ചോദിച്ചപ്പോഴും, ഗര്‍ഭകാലത്തെക്കുറിച്ച് പറയുന്ന സിനിമയില്‍ നായികമാര്‍ക്ക് തന്നെയാണ് കൂടുതല്‍ പ്രാധാന്യമെന്ന് തന്നെ ആവര്‍ത്തിക്കുകയായിരുന്നു കരീന ചെയ്തത്. താരത്തിന്റെ വാക്കുകള്‍ ഏറെ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.


Click it and Unblock the Notifications