'അന്നത്തെ യാത്രയിൽ അമ്മയ്ക്കും ഞങ്ങൾക്കും കുഞ്ഞനിയത്തിയെ നഷ്ടമായി, ബോംബ് വീണ സംഭവം ഓർമയുണ്ട്'; ഹെലൻ!
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ഹെലന്‍. ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ ഡാന്‍സ് നമ്പറുകളില്‍ മിക്കതിലും ചുവടുവച്ചത് ഹെലന്‍ ആയിരുന്നു.
പിന്നീട് ഈ മേഖലയില്‍ മികവ് കാണിച്ച മലൈക അറോറ മുതല്‍ നോറ ഫത്തേഹി വരെയുള്ളവര്‍ക്ക് വേണ്ടി വഴിയൊരുക്കിയത് സത്യത്തില്‍ ഹെലന്‍. ഇപ്പോഴിതാ തന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ഹെലന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

തന്റെ ദാരിദ്രം നിറഞ്ഞ ബാല്യകാലത്തെക്കുറിച്ചും ഒമ്പത് മാസം ട്രെക്കിംഗ് ചെയ്ത് ഇന്ത്യയിലെത്തിയതിനെക്കുറിച്ചുമൊക്കെയാണ് ഹെലന്‍ മനസ് തുറന്നിരിക്കുന്നത്.
ഇന്നത്തെ മ്യാന്മറായ അന്നത്തെ ബര്‍മയില്‍ നിന്നുമാണ് ഹെലനും കുടുംബവും ഇന്ത്യയിലെത്തുന്നത്. തന്റെ സഹോദരിയുടെ ജീവനെടുത്ത യാത്രയായിരുന്നു ഇതെന്നാണ് ഹെലന്‍ പറയുന്നത്.
അര്‍ബാസ് ഖാന്‍ അവതാരകനായി എത്തുന്ന ചാറ്റ് ഷോയില്‍ വച്ചായിരുന്നു ഹെലന്‍ മനസ് തുറന്നത്. "അര്‍ബാസ്, ഇതിന്റെ എല്ലാ ക്രെഡിറ്റും നല്‍കേണ്ടത് എന്റെ അമ്മയ്ക്കാണ്. എനിക്ക് വ്യക്തമായ ഓര്‍മ്മയില്ല."
"ചില സംഭവങ്ങളും പിന്നെ അവിടുന്നും ഇവിടുന്നും കുറച്ച് കാര്യങ്ങളുമാണ് എനിക്ക് ഓര്‍മ്മയുള്ളത്. ജപ്പാന്‍ അധിനിവേശ സമയത്തായിരുന്നു അത്. 350 ഓളം പേരാണ് അന്ന് കുടിയേറിയത്'' ഹെലന്‍ പറയുന്നു. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''എന്റെ കുടുംബത്തില്‍ ഞാനും അമ്മയും എന്റെ അനിയനുമായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങള്‍ രണ്ടു പേരും നന്നേ ചെറുതായിരുന്നു. എന്റെ അമ്മ അന്ന് ഗര്‍ഭിണിയുമായിരുന്നു. അവിടെ വച്ചാണ് അമ്മയ്ക്ക് എന്റെ കുഞ്ഞനുജത്തിയെ നഷ്ടമായത്. അവസാനത്തെ വിമാനത്തില്‍ കയറാനായി ഞങ്ങള്‍ ബര്‍മ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. എന്നാല്‍ വിമാനത്താവളം ജപ്പാന്‍ ബോംബിട്ട് തകര്‍ത്തു'' ഹെലന്‍ പറയുന്നു.
''ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നുണ്ട്. ജപ്പാന്‍ വിമാനത്താവളത്തില്‍ ബോംബിട്ടപ്പോള്‍ ഞങ്ങളുടെ മേല്‍ ഒരു കവചം തീര്‍ക്കുകയായിരുന്നു അമ്മ. അന്ന് നടന്നത് എന്തെന്ന് എന്നതിനെക്കുറിച്ച് അവ്യക്തമായൊരു ഓര്‍മ്മയേ എനിക്കുള്ളൂ. അമ്മ പറഞ്ഞത് ഞങ്ങള്‍ ഒരുമിച്ച് നടക്കാന്‍ തുടങ്ങിയെന്നാണ്. ബര്‍മയില്‍ നിന്നും പുറത്തേക്കായിരുന്നു നടന്നത്'' ആ നടത്തം ഒമ്പത് മാസം നീണ്ടു നിന്നുവെന്നാണ് ഹെലന്‍ പറയുന്നത്.
താനൊരു മത വിശ്വാസിയല്ലെങ്കിലും തനിക്ക് ആത്മീയതില്‍ വിശ്വാസമുണ്ടെന്നാണ് ഹെലന്‍ പറയുന്നത്. ബര്‍മയുടെ അതിര്‍ത്തി കടന്ന ഹെലനും കുടുംബവും അസമിലാണ് എത്തുന്നത്. അവിടെ നിന്നും അവര്‍ കല്‍ക്കട്ടയിലേക്ക് പോവുകയായിരുന്നു. സിനിമയില്‍ ഹെലന്റെ തുടക്കം ബാക്ക്ഗ്രൗണ്ട് ഡാന്‍സര്‍ ആയിട്ടായിരുന്നു. പിന്നീട് സിനിമയില്‍ പതിയെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു.

തുടര്‍ന്ന് ബോളിവുഡിലെ അറിയപ്പെടുന്ന ഡാന്‍സറായി മാറിയ ഹെലന്‍ ഡാന്‍സ് നമ്പറുകളിലൂടെ താരമായി മാറുകയായിരുന്നു. അക്കാലത്തെ മുന്‍നിര നായികമാരെ പോലും പിന്നിലാക്കുന്നതായിരുന്നു അന്ന് ഹെലനുണ്ടായിരുന്ന ആരാധകവൃന്ദവും താരപദവിയും.
പലപ്പോഴും നടിമാര്‍ തന്നോട് അസൂയയോട് പെരുമാറിയിട്ടുണ്ടെന്നും ഹെലന്‍ പറയുന്നുണ്ട്. തന്നോട് അസൂയ തോന്നിയ നടിമാര്‍ തന്നെ അനുകരിച്ചു കൊണ്ട് താന്‍ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുമായിരുന്നുവെന്നും ഹെലന്‍ പറയുന്നു.
ഇക്കാലത്താണ് ഹെലന്‍ തിരക്കഥാകൃത്തായ സലീം ഖാനെ പരിജയപ്പെടുന്നത്. ഷോലെ അടക്കമുള്ള ഐക്കോണിക് സിനിമകള്‍ എഴുതിയ സലീം-ജാവേദ് തിരക്കഥാകൃത്ത് ജോഡിയുടെ ഭാഗമായിരുന്നു സലീം ഖാന്‍.
സൂപ്പര്‍ താരമായ സല്‍മാന്‍ ഖാന്റെ പിതാവുമാണ് സലീം ഖാന്‍. നേരത്തെ തന്നെ വിവാഹിതനും അച്ഛനുമായിരുന്നു സലീം ഖാന്‍. എന്നാല്‍ സലീമും ഹെലനും പ്രണയത്തിലാവുകയായിരുന്നു.
പ്രണയത്തിലായിരുന്നുവെങ്കിലും തന്റെ ആദ്യ ഭാര്യയെ ഉപേക്ഷിക്കാന്‍ സലീം ഖാന്‍ ഒരുക്കമായിരുന്നില്ല. തുടര്‍ന്ന് സലീം ഹെലനേയും വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷം സലീമിനും ആദ്യ ഭാര്യയ്ക്കുമൊപ്പമാണ് ഹെലന്‍ താമസിച്ചത്.
ഇന്നും സലീമും രണ്ട് ഭാര്യമാരും കുടുംബസമേതമാണ് താമസിക്കുന്നത്. സലീമിന്റെ ആദ്യ വിവാഹത്തിലെ മക്കളും ഹെലനെ തങ്ങളുടെ അമ്മയുടെ സ്ഥാനത്താണ് കാണുന്നത്. സല്‍മാനും സഹോദരന്മാരായ അര്‍ബാസ് ഖാനും സൊഹെയ്ല്‍ ഖാനുമെല്ലാം വളരെ സ്‌നേഹത്തോടെയാണ് ഹെലനോട് പെരുമാറുന്നത്.


Click it and Unblock the Notifications











