ഞങ്ങള്‍ പ്രണയത്തിലാണ്; കുടുംബം തകര്‍ത്തത് ലേഖയുമായുള്ള ബന്ധമോ? തുറന്ന് പറഞ്ഞ് ഇമ്രാന്‍ ഖാന്‍
ഒരിക്കല്‍ ബോളിവുഡിലെ മിന്നും താരമായിരുന്നു ഇമ്രാന്‍ ഖാന്‍. ഭാവിയില്‍ ബോളിവുഡിലെ സൂപ്പര്‍ താരമാകുമെന്ന് എല്ലാവും വിലയിരുത്തിയ താരം. എന്നാല്‍ 2015 ന് ശേഷം സിനിമാ ലോകത്തു നിന്നും ഇമ്രാന്‍ ഖാന്‍ വിട്ടു നില്‍ക്കുകയായിരുന്നു. സിനിമയില്‍ നിന്ന് മാത്രമല്ല, ബോളിവുഡിന്റെ സകല വെള്ളിവെളിച്ചത്തില്‍ നിന്നും ഇമ്രാന്‍ വിട്ടു നിന്നു. അങ്ങനെയൊരാള്‍ ഉണ്ടായിരുന്നുവെന്ന് പോലും പലരും മറന്ന അവസ്ഥ.
എന്നാല്‍ സോഷ്യല്‍ മീഡിയ ഇമ്രാനെ വീണ്ടും ഓര്‍ത്തു. അദ്ദേഹത്തിന്റെ സിനിമകള്‍ വീണ്ടും കണ്ടു. തിരിച്ചുവരാന്‍ ഇമ്രാനോട് അവര്‍ ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. ഒടുവില്‍ തന്റെ അഞ്ജാത വാസം അവസാനിപ്പിച്ച് ഇമ്രാന്‍ സോഷ്യല്‍ മീഡിയയിലേക്ക് തിരികെ എത്തി. അധികം വൈകാതെ തന്നെ ബിഗ് സ്‌ക്രീനിലേക്കും ഇമ്രാന്‍ ഖാന്‍ തിരികെ എത്തുമെന്നാണ് കരുതപ്പെടുന്നത്. അതിനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോള്‍.

ഇക്കാലത്തിനിടയില്‍ ഇമ്രാന്റെ ജീവിതത്തില്‍ പലതും സംഭവിച്ചു. 2019 ല്‍ അവന്തിക മാലിക്കുമായുള്ള വിവാഹ ബന്ധം ഇമ്രാന്‍ ഉപേക്ഷിച്ചു. പിന്നാലെ താരം നടി ലേഖ വാഷിങ്ടണുമായി പ്രണയത്തിലായി. ഇപ്പോഴിതാ ലേഖയുമായുള്ള പ്രണയ വാര്‍ത്തകളോട് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചിരിക്കുകയാണ്. താനും ലേഖയും പ്രണയത്തിലാണെന്ന് സമ്മതിച്ച ഇമ്രാന്‍ ഖാന്‍ തന്റെ വിവാഹമോചനത്തിന് കാരണം ഈ ബന്ധമാണോ എന്ന ചോദ്യത്തിനും മറുപടി നല്‍കുന്നുണ്ട്.
''ലേഖ വാഷിങ്ടണുമായി ഞാന്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശരിയാണ്. ഞാന്‍ വിവാഹ മോചിതനാണ്. 2019 മുതല്‍ പിരിഞ്ഞാണ് കഴിയുന്നത്'' എന്നാണ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറയുന്നത്. അതേസമയം താനും ലേഖയും അടുപ്പത്തിലാകുന്നത് അവന്തികയുമായി പിരിഞ്ഞ ശേഷമാണെന്നാണ് ഇമ്രാന്‍ പറയുന്നത്.
'' ലേഖയും ഞാനും അടുക്കുന്നത് ലോക്ക്ഡൗണിനിടെയാണ്. അവന്തികയുമായി പിരിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷം. അവള്‍ തന്റെ മുന്‍ പങ്കാളിയുമായി പിരിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം, റിപ്പോര്‍ട്ടുകള്‍ പറയുന്നതു പോലെ ഭര്‍ത്താവല്ല'' എന്നാണ് ഇമ്രാന്‍ പറഞ്ഞത്. തന്റെ കുടുംബം തകര്‍ത്തത് ലേഖ ആണെന്ന റിപ്പോര്‍ട്ടുകളേയും അദ്ദേഹം തള്ളിപ്പറയുന്നുണ്ട്.
?'ലേഖയെ കുടുംബം കലക്കിയാക്കുന്നൊരു നരേറ്റീവുണ്ട്. അത് എന്നെ ദേഷ്യം പിടിപ്പിക്കുന്നതാണ്. അത് സ്ത്രീവിരുദ്ധമാണെന്ന് മാത്രമല്ല, ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ ഏജന്‍സിയെ റദ്ദ് ചെയ്യുന്നതുമാണ്'' എന്നാണ് ഇമ്രാന്‍ പറഞ്ഞത്. അഭിനേത്രിയായ ലേഖ തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന കാലത്ത് തന്റെ വിവാഹ മോചനത്തേയും പ്രണയത്തേയും കുറിച്ചുള്ള റിപ്പോര്‍ട്ടുകളോടൊന്നും താരം പ്രതികരിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. എന്നാല്‍ പോയ വര്‍ഷം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ തിരികെ എത്തുകയായിരുന്നു. ഡിപ്രഷനെക്കുറിച്ചും തന്റെ പഴയ സിനിമകളുടെ ചിത്രീകരണ ഓര്‍മ്മകളുമൊക്കെ അദ്ദേഹം തുറന്നെഴുതിയിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അധികം വൈകാതെ തന്നെ ഇമ്രാന്‍ ഖാന്‍ തിരികെയെത്തും. എന്നാല്‍ താരത്തിന്റെ തിരിച്ചുവരവ് സിനിമയെക്കുറിച്ച് വ്യക്തമായ അറിവുകളൊന്നും ലഭ്യമായിട്ടില്ല. ഇമ്രാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











