മകനെ കാണാന്‍ യാചിച്ച അച്ഛന്‍; ശിഖര്‍ ധവാന്‍ വീണ്ടും പ്രണയത്തില്‍; ധവാന്റെ കാമുകി സോഫി ഷൈന്‍ ആരാണ്?
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് ശിഖര്‍ ധവാന്‍. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാള്‍. രോഹിത് ശര്‍മയ്‌ക്കൊപ്പം ധവാന്‍ പടുത്തുയര്‍ത്തിയ റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ടുകള്‍ നിരവധിയാണ്. ആരാധകരും സഹാതരങ്ങളും സ്‌നേഹത്തോടെ ഗബ്ബര്‍ എന്ന് വിളിക്കുന്ന ശിഖര്‍ ധവാന്‍ തന്റെ ബാറ്റിംഗ് മികവു കൊണ്ടെന്നത് പോലെ തന്നെ, വെല്ലുവിളികളെ നേരിടാനുള്ള ധീരതയിലൂടേയും ആരാധകരെ നേടിയിട്ടുണ്ട്. തുടയില്‍ അടിച്ച് കെെ ആകാശത്തേക്ക് ചൂണ്ടിയുള്ള ആ ആഘോഷം ആരെങ്കിലും മറക്കുമോ?
കളിക്കളത്തില്‍ എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമാണ് ശിഖര്‍ ധവാനെ കാണാന്‍ സാധിച്ചിട്ടുള്ളത്. എന്നാല്‍ ശിഖര്‍ ധവാന്റെ ജീവിതം എല്ലായിപ്പോഴും സന്തോഷം മാത്രം നിറഞ്ഞതായിരുന്നില്ല. 2023 ല്‍ ക്രിക്കറ്റിനോട് വിട പറഞ്ഞ ധവാന് കരിയറിന്റെ അവസാന കാലത്ത് ദാമ്പത്യ ജീവിതത്തിലും കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു. വിവാഹ മോചനവും മകന്റെ കസ്റ്റഡിയ്ക്കായുള്ള നിയമ പോരാട്ടവുമെല്ലാം ധവാനെ തകര്‍ത്തു.

എന്നാല്‍ ഇപ്പോഴിതാ ധവാന്‍ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയെങ്കില്‍ ധവാന്റെ ജീവിതത്തിലേക്ക് വീണ്ടും പ്രണയം കടന്നു വന്നിരിക്കുകയാണ്. ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാന്‍ ഒരു യുവതിയ്‌ക്കൊപ്പം ധവാന്‍ എത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഈ യുവതി ശിഖര്‍ ധവാന്റെ കാമുകിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളോട് ധവാന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.
അയര്‍ലന്‍ഡുകാരിയായ സോഫി ഷൈന്‍ ആണ് ധവാനൊപ്പം വൈറലായ പെണ്‍കുട്ടി. എന്നാല്‍ വാര്‍ത്തകളോട് ഇതുവരേയും ധവാനും സോഫിയും പ്രതികരിച്ചിരുന്നില്ല. പക്ഷെ കഴിഞ്ഞ ദിവസം നടന്ന ടൈംസ് സമ്മിറ്റ് 2025ല്‍ ശിഖര്‍ ധവാന്‍ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഈ സമയത്താണ് ധവാന്‍ പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. താന്‍ ജീവിതത്തില്‍ മൂവ് ഓണ്‍ ചെയ്തുവെന്നാണ് ശിഖര്‍ ധവാന്‍ പറയുന്നത്.
''ഞാന്‍ മൂവ് ഓണ്‍ ചെയ്തു. പക്ഷെ ഞാന്‍ പ്രണയത്തില്‍ നിര്‍ഭാഗ്യവാനായിരുന്നു എന്നു പറയില്ല. അനുഭവക്കുറവില്‍ നിന്നുള്ള തീരുമാനങ്ങളായിരുന്നു. പക്ഷെ ഇപ്പോള്‍ എനിക്ക് അനുഭവമുണ്ട്. അത് ഗുണം ചെയ്യും. എനിക്ക് അതൊരു പഠനകാലമായിരുന്നു'' എന്നാണ് വിവാഹ മോചനത്തെക്കുറിച്ചുള്ള ശിഖര്‍ ധവാന്റെ വാക്കുകള്‍. പിന്നാലെയാണ് താരത്തോട് വീണ്ടും പ്രണയിക്കുന്നതിനെക്കുറിച്ച് ചോദിക്കുന്നത്.
''ക്രിക്കറ്റില്‍ എങ്ങനെയാണ് ബൗണ്‍സറുകളില്‍ നിന്നും ഒഴിഞ്ഞു മാറേണ്ടത് എന്ന് എനിക്കറിയാം. ഇപ്പോള്‍ നിങ്ങള്‍ എനിക്ക് നേരെ ഒരെണ്ണം എറിയുകയാണെന്നും എനിക്കറിയാം. ഞാന്‍ പേര് പറയില്ല.പക്ഷെ ഈ റൂമിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്റെ കാമുകിയാണ്. ഇനി നിങ്ങള്‍ കണ്ടെത്തിക്കോളൂ'' എന്നായിരുന്നു ശിഖര്‍ ധവാന്‍ പറഞ്ഞത്. ഇതോടെ നിരവധി പേരാണ് താരം പ്രണയത്തിലായെന്ന കാര്യം തറപ്പിച്ചു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
ഐറിഷ് സുന്ദരിയായ സോഫി ഒരു പ്രൊഡക്ട് കണ്‍സള്‍ട്ടന്റ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സോഫി. നേരത്തെ സോഫിയുടെ വിരലിലെ മോതിരം ആരാധകരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ശിഖര്‍ ധവാനും സോഫിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവോ എന്നായിരുന്നു പലരും ചോദിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സോഫിയേയും ധവാനേയും പലയിടത്തും ഒരുമിച്ച് കണ്ടിട്ടുണ്ട്. പോയ വര്‍ഷം നവംബറില്‍ ഇരുവരും ഒരുമിച്ച് വിമാനത്താവളത്തിലും കാണപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ശിഖര്‍ ധവാനും സോഫിയും പരസ്പരം ഫോളോ ചെയ്യുന്നുണ്ട്. സോഫിയ്ക്ക് 55,000ത്തോളം ഫോളോവേഴ്‌സാണുള്ളത്. ഫിറ്റ്‌നസില്‍ അതീവ താല്‍പര്യമുള്ളയാളാണ് സോഫിയെന്നുമാണ് ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും മനസിലാകുന്നത്. യാത്രയേയും ഇഷ്ടപ്പെടുന്ന സോഫി നാനൂറിനടുത്ത് ആളുകളെ മാത്രമേ ഫോളോ ചെയ്യുന്നുള്ളൂവെന്നതും അതില്‍ ശിഖര്‍ ധവാന്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സോഫിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത് എങ്ങനെയാണെന്നോ അറിവില്ല.
മെല്‍ബണ്‍ സ്വദേശിയാണ് ശിഖര്‍ ധവാന്റെ മുന്‍ ഭാര്യ ആയിഷ മുഖര്‍ജി. കിക്ക് ബോക്‌സറും ഫിറ്റ്‌നസ് ട്രെയ്‌നറുമാണ് ആയിഷ. 2008 ലാണ് ഇരുവരും പരിചയപ്പെടുന്നത്. അധികം വൈകാതെ പ്രണയത്തിലായി. 2012 ലാണ് ധവാനും ആയിഷയും വിവാഹം കഴിക്കുന്നത്. ധവാനേക്കാള്‍ 12 വയസ് മൂത്തതായിരുന്നു ആയിഷ. രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായിരുന്നു ആയിഷ. ധവാനും ആയിഷയ്ക്കും ഒരു മകനാണുള്ളത്. 2014ലാണ് മകന്‍ ജനിക്കുന്നത്. ധവാന്റെ ആരാധകര്‍ക്ക് സുപരിചിതനാണ് മകന്‍ സൊരാവര്‍.
ആയിഷയുടെ മക്കളുമായും വളരെ അടുത്ത ബന്ധമായിരുന്നു ധവാനുണ്ടായിരുന്നത്. ക്രിക്കറ്റ് മത്സരങ്ങളില്ലാത്തപ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും അരികിലിരിക്കാനായി ഓസ്‌ട്രേലിയയിലേക്ക് ഓടുന്ന ധവാന്‍ ഒരു പതിവ് കാഴ്ചയായിരുന്നു. എന്നാല്‍ 2021 ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. 2023 ഒക്ടബോര്‍ അഞ്ചിനാണ് ഔദ്യോഗികമായി വിവാഹമോചിതരാകുന്നത്. പിന്നീട് മകന്റെ കസ്റ്റഡിയ്ക്കായി വലിയൊരു നിയമപോരാട്ടം തന്നെ ഇരുവര്‍ക്കുമിടയിലുണ്ടായി. കേസില്‍ ധവാന്‍ പരാജയപ്പെട്ടു. മകനെ വീഡിയോ കോളിലൂടെ കാണാനുള്ള അനുമതി മാത്രമാണ് ധവാന് ലഭിച്ചത്.
ആയിഷയും ധവാനും തമ്മിലുള്ള നിയമപോരാട്ടം വലിയ വാര്‍ത്തയായിരുന്നു. ധവാന്‍ ഓസ്‌ട്രേലിയയില്‍ വാങ്ങിയിട്ടുള്ള മൂന്ന് പ്രോപ്പര്‍ട്ടികളുടെ 99 ശതമാനം ഉടമസ്ഥാവകാശം തനിക്ക് വേണമെന്നാണ് ആയിഷ ആവശ്യപ്പെട്ടത്. ധവാന്റെ സ്വത്തുകളിലെല്ലാം ആയിഷ ഉടമസ്ഥാവകാശം ചോദിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മകന്‍ സൊരാവറിനെ കാണിക്കാന്‍ ആയിഷ കൂട്ടാക്കാതിരുന്നത് ശിഖറിനെ സാരമായി തളര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മകനില്‍ നിന്നും അകന്ന് കഴിയേണ്ടി വരുന്നതിന്റെ വേദന ധവാന്‍ പങ്കുവച്ചിരുന്നു.
''അവന്‍ എവിടെയാണെങ്കിലും സന്തോഷമായിരിക്കട്ടെ. ഒരുനാള്‍ അവന്‍ വന്ന് എന്നെ കാണും. എനിക്ക് അവനോട് അതിയായ സ്‌നേഹമുണ്ട്. പക്ഷെ ഞാന്‍ അവനില്‍ നിന്നും അകറ്റപ്പെട്ടു. അവനെ ഞാന്‍ നിര്‍ബന്ധിക്കില്ല. എല്ലാ ദിവസവും അവനുള്ള സന്ദേശം ഞാന്‍ അയക്കാറുണ്ട്. അവനത് കിട്ടുന്നുണ്ടോ എന്നറിയില്ല. എനിക്ക് ഒരു പ്രതീക്ഷയുമില്ല. ഞാനത് അംഗീകരിച്ചു കഴിഞ്ഞു. അച്ഛനെന്ന നിലയില്‍ എന്റെ കടമ ചെയ്യുന്നു. എനിക്ക് അവനെ മിസ് ചെയ്യുന്നുണ്ട്. സങ്കടമുണ്ട്. പക്ഷെ ഞാനതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു'' എന്നാണ് ഒരിക്കല്‍ ശിഖര്‍ ധവാന്‍ പറഞ്ഞത്.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ശിഖര്‍ ധവാന്‍. ഐസിസി ടൂര്‍ണമെന്റുകളില്‍ എന്നും സ്ഥിരതയോടെ കളിച്ചിരുന്ന താരമായിരുന്നു ശിഖര്‍ ധവാന്‍. 2010 ഓസ്‌ട്രേലിയ്‌ക്കെതിരെയായിരുന്നു ശിഖര്‍ ധവാന്റെ ഏകദിന അരങ്ങേറ്റം. പിന്നീട് 2013 ഓസ്‌ട്രേലിയ്‌ക്കെതിരെ തന്നെ കളിച്ചു കൊണ്ട് ടെസ്റ്റിലും അരങ്ങേറി. അരങ്ങേറ്റ ടെസ്റ്റില്‍ 85 പന്തില്‍ സെഞ്ചുറി നേടി ധവാന്‍ ചരിത്രം കുറിച്ചിരുന്നു. 2024 ഓഗസ്റ്റ് 24 നാണ് ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്.
ഐപിഎല്ലിലും മിന്നും താരമായിരുന്നു ശിഖര്‍ ധവാന്‍. 2008 ലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായിരുന്നു ധവാന്‍. പിന്നീട് മുംബൈ ഇന്ത്യയിലേക്കും അവിടെ നിന്നും ഡെക്കാന്‍ ചാര്‍ജേഴ്‌സിലുമെത്തി. 2013-14 സീസണിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാകുന്നത്. 2019 ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് എത്തി. 2022 ല്‍ പഞ്ചാബ് കംഗ്‌സിലേക്ക് എത്തി. 2024 പഞ്ചാബ് കിംഗ്‌സിനൊപ്പമാണ് ധവാന്‍ അവസാനമായി ഐപിഎല്‍ കളിക്കുന്നത്. വിരമിച്ചതിന് ശേഷം നേപ്പാള്‍ പ്രീമിയര്‍ ലീഗിലും ശിഖര്‍ ധവാന്‍ കളിച്ചിരുന്നു. ഏകദിനത്തില്‍ 17 ഉം ടെസ്റ്റില്‍ ഏഴും സെഞ്ചുറികള്‍ നേടിയിട്ടുണ്ട് ശിഖര്‍ ധവാന്‍.


Click it and Unblock the Notifications











