പറ്റിപോയി, ഇപ്പോൾ അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നു; കോഫി വിത്ത് കരണിൽ സംഭവിച്ച അബദ്ധം പറഞ്ഞ് ജാൻവി
ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ജാന്‍വി കപൂർ. ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്ന ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളായ ജാന്‍വിയ്ക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ 'ധടക്'എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം.
കഴിഞ്ഞ മാസം അവസാനമാണ് ജാൻവിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഗുഡ് ലക്ക് ജെറി' റിലീസ് ചെയ്‌തത്. സിദ്ധാർഥ് സെൻ ഗുപ്ത സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. നയൻതാര നായികയായി അഭിനയിച്ച തമിഴ് ചിത്രം 'കൊലമാവ് കോകില'യുടെ ഹിന്ദി റീമേക്കാണ് 'ഗുഡ് ലക്ക് ജെറി'. ചിത്രത്തിലെ ജാൻവിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഒരുപാട് അഭിമുഖങ്ങളിൽ ജാൻവി പങ്കെടുത്തിരുന്നു. ബോളിവുഡിലെ മുൻനിര സംവിധായകനായ കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരണിലും ജാൻവി എത്തിയിരുന്നു. ഇപ്പോൾ തനിക്ക് ആ ഷോയിൽ സംഭവിച്ച ഒരു അബദ്ധവും അതുമൂലമുണ്ടായ ബുദ്ധിമുട്ടും തുറന്നു പറഞ്ഞിരിക്കുകയാണ് ജാൻവി.
സാറ അലി ഖാനൊപ്പമായിരുന്നു ജാൻവി ഷോയിലെത്തിയത്. ഷോയിൽ വച്ച് ജാൻവി തനിക്ക് ഫേക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടെന്നും അതിന്റെ പേര് ഉൾപ്പെടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അത് തനിക്ക് പറ്റിയ അബദ്ധമായിരുന്നു എന്ന് പറയുകയാണ് ജാൻവി. ജാനിസ് സെക്വീറയുമായുള്ള അഭിമുഖത്തിലാണ് ജാൻവി ഇക്കാര്യം പറഞ്ഞത്.
താൻ ഒരു ആകാംഷയുടെ പുറത്ത് പറഞ്ഞു പോയതാണെന്നും എഡിറ്റ് ചെയ്യണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു എന്നാൽ അത് സംഭവിച്ചില്ലെന്നും ജാൻവി പറഞ്ഞു. ഇപ്പോൾ ആളുകൾ ആളുകൾ അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നതായി തനിക്ക് വാണിംഗ് ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
"കോഫി വിത്ത് കരണിൽ ഞാൻ ഒരു ആവേശത്തിന്റെ പുറത്ത് എന്റെ വ്യാജ ഐഡി വെളിപ്പെടുത്തിയതാണ്... ഇത് ഒട്ടും നല്ലതല്ല! എന്റെ ഐഡി ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നത് നിർത്തൂ... പറ്റിപോയതാണ് ഞാൻ അത് വെളിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല, ഞാൻ അവരോട് ദയവായി ആ ഭാഗം എഡിറ്റ് ചെയ്യാൻ പറഞ്ഞതാണ്." ജാൻവി പറഞ്ഞു.
അതേസമയം, തന്റെ ആദ്യ സഹനടനായിരുന്ന ഇഷാൻ ഖട്ടറുമായി തനിക്ക് ബന്ധമുണ്ടായിരുന്നു എന്ന് ജാൻവി കപൂർ സമ്മതിച്ചു. ചിത്രത്തിന് ശേഷം ജാൻവിയും ഇഷാനും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ, താനും ഇഷാനും ഇപ്പോഴും പരസ്പരം മെസേജുകള്‍ അയക്കാറുണ്ടെന്ന് ജാന്‍വി പറഞ്ഞിരുന്നു.
അതേസമയം, നിരവധി സിനിമകളാണ് ജാന്‍വിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. മലയാളത്തില്‍ അന്ന ബെന്‍ നായികയായ ഹെലന്റെ ഹിന്ദി റീമേക്ക്, ബവാല്‍, മിസ്റ്റര്‍ ആന്റ് മിസിസ് മാഹി എന്നിവയാണ് അണിയറയിലുള്ള സിനിമകള്‍. മിസ്റ്റര്‍ ആന്റ് മിസിസ് മാഹിയില്‍ ക്രിക്കറ്റ് താരമായിട്ടാണ് ജാന്‍വി അഭിനയിക്കുന്നത്. രാജ്കുമാര്‍ റാവുവിന് ഒപ്പമുള്ള ജാൻവിയുടെ രണ്ടാമത്തെ ചിത്രമാണ് മിസ്റ്റര്‍ ആന്റ് മിസിസ് മാഹി.


Click it and Unblock the Notifications