എന്നെ കണ്ടതും ഖുഷി കരച്ചില്‍ നിര്‍ത്തി, പിന്നൊരിക്കലും അവള്‍ കരഞ്ഞിട്ടില്ല; അമ്മയുടെ വാര്‍ത്ത അറിഞ്ഞ നിമിഷം!
ഇന്ത്യന്‍ സിനിമാ ലോകം ഇന്നും മറക്കാത്ത പേരാണ് ശ്രീദേവിയുടേത്. തന്റെ കരിയറില്‍ ശക്തമായൊരു തിരിച്ചുവരവ് നടത്തിയതിന് പിന്നാലെയായിരുന്നു ശ്രീദേവിയുടെ മരണം. ആ മരണ വാര്‍ത്ത കേട്ടവരില്‍ പലര്‍ക്കും അത് വിശ്വസിക്കാന്‍ പോലും സാധിച്ചിരുന്നില്ല. തന്റെ 54-ാം വയസിലാണ് ശ്രീദേവി മരണപ്പെടുന്നത്. ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത് റൂമില്‍ വീണായിരുന്നു താരത്തിന്റെ മരണം. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി മാറുകയായിരുന്നു ആ മരണം.
ശ്രീദേവിയുടെ പാതയിലൂടെ പിന്നാലെ മൂത്ത മകള്‍ ജാന്‍വി കപൂര്‍ സിനിമയിലെത്തി. ഇപ്പോഴിതാ ഇളയ മകള്‍ ഖുഷിയും അഭിനതയത്തല്‍ അരങ്ങേറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരണ്‍ ജോഹര്‍ അവതാരകനമായ കോഫി വിത്ത് കരണില്‍ അതിഥികളായി എത്തിയത് ജാന്‍വിയും കുഷിയുമായിരുന്നു. അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞതിനെക്കുറിച്ച് ഇരുവരും ഷോയില്‍ വച്ച് മനസ് തുറക്കുകയുണ്ടായി.

''കോള്‍ വരുമ്പോള്‍ ഞാന്‍ എന്റെ മുറിയിലായിരുന്നു. ഖുഷിയുടെ മുറിയില്‍ നിന്നും കരയുന്ന ശബ്ദം കേട്ടു. ഞാന്‍ കരഞ്ഞു കൊണ്ട് ഓടിച്ചെന്നു. പക്ഷെ ഞാന്‍ ഓര്‍ക്കുന്നുണ്ട്, അവള്‍ എന്നെ ഒന്ന് നോക്കി. എന്നെ നോക്കിയ അതേ നിമിഷം തന്നെ അവള്‍ കരച്ചില്‍ നിറുത്തി. അവള്‍ എന്റെ അടുത്തിരുന്ന് എന്നെ ആശ്വസിപ്പിക്കാന്‍ തുടങ്ങി. അതിന് ശേഷം ഒരിക്കല്‍ പോലും അവള്‍ കരയുന്നത് ഞാന്‍ കണ്ടിട്ടില്ല'' എന്നായിരുന്നു ജാന്‍വി കപൂര്‍ പറഞ്ഞത്.
അതേസമയം പ്രായം കൊണ്ട് താനാണ് ചെറുതെങ്കിലും വൈകാരികമായി താനാണ് കൂടുതല്‍ കരുത്ത എന്നാണ് ഖുഷി പറയുന്നത്. ''എല്ലാവരേയും ഞാന്‍ തന്നെ ചേര്‍ത്തുപിടിക്കണം എന്നെനിക്ക് തോന്നി. കാരണം ഞാന്‍ ഇളയതാണെങ്കില്‍ തമ്മില്‍ വൈകാരികമായി കരുത്തുള്ളത് എനിക്കാണ്'' എന്നാണ് ഖുഷി പറഞ്ഞത്. അതേസമയം ആ പ്രായത്തില്‍ തന്നെ സംബന്ധിച്ച് അത് വലിയ ഉത്തരവാദിത്തം തന്നെയായിരുന്നുവെന്നും ഖുഷി പറയുന്നുണ്ട്.
ശ്രീദേവി മരണപ്പെടുമ്പോള്‍ ഖുഷി കപൂറിന് 18 വയസ് മാത്രമായിരുന്നു പ്രായം. തങ്ങള്‍ പരസ്പരം സങ്കടങ്ങള്‍ കാണിക്കാറില്ലെന്നും ഖുഷിയും ജാന്‍വിയും പറയുന്നുണ്ട്. ''അന്നത് അംഗീകരിക്കാന്‍ കുറച്ച് സമയം വേണ്ടി വന്നു. എനിക്കൊന്നും മനസിലാകുന്നുണ്ടായിരുന്നില്ല. പക്ഷെ അച്ഛനും ജാന്‍വിയും എനിക്കൊപ്പം, എന്നെ സഹായിക്കാനുണ്ടായിരുന്നു'' എന്നാണ് ഖുഷി പറയുന്നത്.

അതേസമയം മുമ്പൊരു അഭിമുഖത്തില്‍ ജാന്‍വിയേക്കാള്‍ സിനിമയിലേക്ക് വരാനുള്ള മാനസിക കരുത്തുള്ളത് ഖുഷിയ്ക്കാണെന്ന് ശ്രീദേവി പറഞ്ഞത് കരണ്‍ ജോഹര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ''അമ്മ പോയതോടെ ഞങ്ങള്‍ക്കിടയിലെ ബന്ധത്തിലും മാറ്റം വന്നിട്ടുണ്ട്. ഇവള്‍ ഒരേസമയം എന്റെ കുഞ്ഞും അമ്മയുമാണ്. അതുപോലെ തന്നെ ഞാനും ഇവളുടെ അമ്മയും കുഞ്ഞുമാകും'' എന്നാണ് ജാന്‍വി കപൂര്‍ പറഞ്ഞത്.
ശ്രീദേവിയുടെ മരണ ശേഷമാണ് ജാന്‍വി കപൂര്‍ സിനിമയിലെത്തുന്നത്. ദഡക്ക് ആയിരുന്നു ജാന്‍വിയുടെ ആദ്യമിറങ്ങിയ സിനിമ. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറാന്‍ ജാന്‍വിയ്ക്ക് സാധിച്ചു. ബവാല്‍ ആണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തെലുങ്ക് ചിത്രം ദേവാര, മിസ്റ്റര്‍ ആന്റ് മിസിസ് മാഹി തുടങ്ങി നിരവധി സിനിമകള്‍ ജാന്‍വിയുടേതായി അണിയറയിലുണ്ട്. അതേസമയം നെറ്റ്ഫ്‌ളിക്‌സിന്റെ ആര്‍ച്ചീസിലൂടെയായിരുന്നു ഖുഷിയുടെ അഭിനയ അരങ്ങേറ്റം.


Click it and Unblock the Notifications











