അച്ഛന്റെ പ്ലാനുകള്‍ അമ്മയ്ക്ക് തലവേദനയായി, ശാന്തത ആഗ്രഹിച്ച അമ്മയ്ക്ക് എപ്പോഴും ടെന്‍ഷന്‍: ജാന്‍വി
ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് ജാന്‍വി കപൂര്‍. ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മകളായ ജാന്‍വി അമ്മയുടെ പാതയിലൂടെ ക്യാമറയുടെ മുന്നിലെത്തുകയായിരുന്നു. 2018 ല്‍ പുറത്തിറങ്ങിയ ദഡക്ക് ആയിരുന്നു ജാന്‍വിയുടെ ആദ്യ സിനിമ. പിന്നീട് നിരവധി ഹിറ്റുകളില്‍ നായികയായി കയ്യടി നേടാന്‍ ജാന്‍വിയ്ക്ക് സാധിച്ചു. എന്നാല്‍ ജാന്‍വിയുടെ സിനിമാ ജീവിതം കാണാനായുള്ള ഭാഗ്യം ശ്രീദേവിയ്ക്കുണ്ടായിരുന്നില്ല.
മകളുടെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ ശ്രീദേവി മരണപ്പെടുകയായിരുന്നു. അമ്മയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ജാന്‍വി വാചാലയായി മാറാറുണ്ട്. അമ്മയോടൊപ്പമുള്ള ഓര്‍മ്മകള്‍ താരം പലപ്പോഴായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുംബം നടത്തിയൊരു യാത്രയെക്കുറിച്ച് സംസാരിക്കുകയാണ് ജാന്‍വി കപൂര്‍.

ഈയ്യടുത്താണ് ശ്രീദേവിയുടെ ചെന്നൈയിലെ കുടുംബവീട് എയര്‍എന്‍ബിയായി ലഭിക്കുമെന്ന കാര്യം ജാന്‍വി കപൂര്‍ അറിയിച്ചത്. ഒരു പരിപാടിയില്‍ വച്ചാണ് തങ്ങളുടെ ഫാമിലി വെക്കേഷന്‍ ഓര്‍മ്മകള്‍ ജാന്‍വി പങ്കുവച്ചത്. താനും സഹോദരി ഖുഷിയും ലോകത്തിന്റെ എല്ലാ കോണുകളും കണ്ടിരിക്കണം എന്നത് തങ്ങളുടെ അച്ഛന്‍ ബോണി കപൂറിന്റെ വലിയ ആഗ്രഹമാണെന്നാണ് ജാന്‍വി പറയുന്നത്.
അതേസമയം അച്ഛന്‍ തയ്യാറാക്കുന്ന യാത്ര പ്ലാനുകള്‍ കാരണം അമ്മയ്ക്ക് തലവേദനയെടുക്കുമായിരുന്നു എന്നാണ് ജാന്‍വി പറയുന്നത്. അമ്മയ്ക്ക് അത് വലിയ ആംഗ്‌സൈറ്റി നല്‍കിയിരുന്നു. യാത്രകള്‍ പോകുമ്പോള്‍ വിശ്രമിക്കാനായിരുന്നു അമ്മ ആഗ്രഹിച്ചിരുന്നത്. എന്നിരുന്നാലും ഒരുപാട് ആസ്വദിച്ചിരുന്നുവെന്നും ജാന്‍വി പറയുന്നുണ്ട്. ഒരിക്കല്‍ ഇറ്റലിയിലേക്ക് നടത്തിയ യാത്രയെക്കുറിച്ചും ജാന്‍വി ഓര്‍ക്കുന്നുണ്ട്.
തങ്ങള്‍ യാത്ര പോയത് വീട്ടിലെ ഓരോ അംഗത്തിന്റേയും സഹായിയേയും കുക്കിനേയും കൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇറ്റലിയിലും തങ്ങള്‍ കഴിച്ചിരുന്നത് ഇന്ത്യന്‍ ഭക്ഷണങ്ങളായിരുന്നുവെന്നാണ് ജാന്‍വി പറയുന്നത്. തങ്ങളുടെ കുക്ക് അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഇന്ത്യന്‍ ചില്ലിയുമായാണ് അച്ഛന്‍ എവിടേയും പോവുക. പുറം രാജ്യങ്ങളിലെ മുളകിന് എരിവ് പോരെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം എന്നും ജാന്‍വി പറയുന്നുണ്ട്.
''ഞങ്ങളുടേത് വലിയൊരു ഇന്ത്യന്‍ ഫാമിലിയാണ്. കുടുംബത്തെ മുഴുവന്‍ കൊള്ളാവുന്നത്ര വലിയൊരു വാനുമുണ്ടായിരുന്നു. ഞങ്ങളെന്ന് പറയുമ്പോള്‍ ഞങ്ങളുടെ കുക്ക് രാമുവും. അച്ഛന്റെ ആളാണ് രാമു. ഇന്ത്യയില്‍ നിന്നുള്ള മുളകും മാങ്ങയുമില്ലാതെ അച്ഛന്‍ എവിടേയും പോവില്ലായിരുന്നു. ഇന്ത്യയ്ക്ക് പുറമെയുള്ള മുളകിന് അത്ര എരിവ് പോരെന്നാണ് അദ്ദേഹം പറയുന്നത്'' എന്നാണ് ജാന്‍വി പറഞ്ഞത്.

അതേസമയം ജാന്‍വി കപൂറിന്റെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശിഖര്‍ പഹാരിയയാണ് ജാന്‍വിയുടെ കാമുകന്‍. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ജാന്‍വിയെത്തിയത് ശിഖു എന്നെഴുതിയ ലോക്കറ്റുള്ള മാലയും ധരിച്ചായിരുന്നു. ബാല്യകാല സുഹൃത്തുക്കളാണ് ജാന്‍വിയും ശിഖറും. ഇടക്കാലത്ത് പിരിഞ്ഞ ഇരുവരും ഈയ്യടുത്ത് വീണ്ടും ഒരുമിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
അതേസമയം ബവാല്‍ ആണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മിസ്റ്റര്‍ ആന്റ് മിസിസ് മാഹിയാണ് ജാന്‍വിയുടെ പുതിയ സിനിമ. ക്രിക്കറ്റ് പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണിത്. ഉലജ്, ദേവാര, സണ്ണി സന്‍സ്‌കാരി കി തുല്‍സി കുമാരി എന്നീ സിനിമകളാണ് ജാന്‍വിയുടേതായി പുറത്തിറങ്ങാനുള്ളത്.


Click it and Unblock the Notifications











