അമ്മയുമായി അകന്നു, ഒരു സഹായവും വേണ്ട എന്റെ സെറ്റില്‍ വരരുതെന്ന് പറഞ്ഞു! വെളിപ്പെടുത്തി ജാന്‍വി
ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് ജാന്‍വി കപൂര്‍. ഇന്ത്യന്‍ സിനിമയുടെ ഐക്കോണിക് നായിക ശ്രീദേവിയുടെ മകളാണ് ജാന്‍വി കപൂര്‍. അമ്മയുടെ പാതയിലൂടെ ജാന്‍വിയും സിനിമയിലെത്തുകയായിരുന്നു. ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ജാന്‍വിയ്ക്ക് സാധിച്ചിട്ടുണ്ട്. ഭാവിയിലെ സൂപ്പര്‍ നായികയായിട്ടാണ് സിനിമാ ലോകം ജാന്‍വിയെ കണക്കാക്കുന്നത്.
2018 ല്‍ പുറത്തിറങ്ങിയ ദഡക്ക് എന്ന സിനിമയിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. മകളെ അരങ്ങേറ്റത്തിനായി തയ്യാറാക്കിയതെല്ലാം അമ്മ തന്നെയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ മകള്‍ തന്നെപ്പോലൊരു നടിയാകുന്നതില്‍ ശ്രീദേവിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല എന്നതും വസ്തുതയാണ്. താന്‍ അനുഭവിച്ച സമ്മര്‍ദ്ധങ്ങളിലൂടെ മകള്‍ കടന്നു പോകുന്നത് കാണാന്‍ ശ്രീദേവി താല്‍പര്യപ്പെട്ടിരുന്നില്ല. മകളെ അവര്‍ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

പക്ഷെ അഭിനേത്രിയാകണമെന്ന ആഗ്രഹത്തില്‍ ജാന്‍വി ഉറച്ചു നിന്നതോടെ ശ്രീദേവി പിന്തുണ നല്‍കുകയായിരുന്നു. അതേസമയം ശ്രീദേവിയുടെ മക്കള്‍ എന്ന നിലയിലുള്ള സമ്മര്‍ദ്ധവും ബാധ്യതകളും താനും സഹോദരി ഖുഷി കപൂറും അനുഭവിക്കുന്നുണ്ടെന്നാണ് ജാന്‍വി പറയുന്നത്. അതിനാല്‍ അമ്മയില്‍ നിന്നും ഡിറ്റാച്ച്ഡ് ആകാന്‍ ശ്രമിക്കാറുണ്ടെന്നും ജാന്‍വി പറയുന്നു.
അമ്മ വളരെ വേഴ്‌സസ്റ്റൈല്‍ ആയ അഭിനേത്രിയായിരുന്നു. എന്നാല്‍ അമ്മ ചെയ്ത് വച്ചിട്ടുള്ള കഥാപാത്രങ്ങള്‍ തങ്ങള്‍ക്കൊരു ഭാരമായി മാറിയിട്ടുണ്ടെന്നാണ് ജാന്‍വി പറയുന്നത്. ''അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്, നിന്റെ ആദ്യത്തെ സിനിമയെ എന്റെ ആദ്യത്തെ സിനിമയടല്ല താരതമ്യം ചെയ്യുക മറിച്ച് എന്റെ അവസാന സിനിമയുമായിട്ടായിരിക്കും. ആ സമ്മര്‍ദ്ധം എന്റെ ശത്രുക്കള്‍ക്ക് പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന്. '' ജാന്‍വി പറയുന്നു.
''ഞാനും എന്റെ സഹോദരിയും തുടക്കത്തില്‍ വല്ലാതെ ആശങ്കപ്പെടുമായിരുന്നു. ഞങ്ങള്‍ അതോടെ ഭയപ്പെടുകയും അതൊരു ഭാരമായി മാറുകയും ചെയ്യുമായിരുന്നു'' എന്നാണ് ജാന്‍വി പറയുന്നത്. ''പക്ഷെ പിന്നീട് അമ്മയുമായി താരതമ്യം ചെയ്യപ്പെടുക എന്നതൊരു നിലവാരമായി കാണാന്‍ തുടങ്ങി. അത് എന്നെ കൂടുതല്‍ മെച്ചപ്പെടാന്‍ പ്രചോദിപ്പിച്ചു'' എന്നും ജാന്‍വി പറുയന്നുണ്ട്. പിന്നാലെ തന്റെ ആദ്യ സിനിമയുടെ ചിത്രീകരണ ഓര്‍മ്മകളും ജാന്‍വി പങ്കുവെക്കുന്നുണ്ട്.

''ആദ്യ സിനിമയുടെ സമയത്ത് ഞാന്‍ കരുതലോടെയാണ് നീങ്ങിയത്. അമ്മയില്‍ നിന്നും പൂര്‍ണമായും അകലം പാലിച്ചു. ശ്രീദേവിയുടെ മകള്‍ ആയതിനാലാണ് അവസരം കിട്ടിയതെന്ന് എന്തായാലും ആളുകള്‍ കരുതും. എന്താണ് എനിക്ക് പറ്റിയതെന്ന് അറിയില്ല, അമ്മയുടെ ഒരു സഹായവും വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അമ്മയുടെ സ്റ്റൈലില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കണം എന്റെ രീതിയെന്ന് തീരുമാനിച്ചു. അമ്മയോട് സെറ്റില്‍ വരരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു'' ജാന്‍വി പറയുന്നു.
''എനിക്ക് അന്യായമായ എന്തോ കിട്ടിയത് പോലൊരു തോന്നലായിരുന്നു എനിക്ക്. പക്ഷെ ഇന്ന് ഞാന്‍ മനസിലാക്കുന്നുണ്ട് അതൊക്കെ വിഡ്ഢിത്തമായിരുന്നു എന്ന്. ഞാന്‍ അവരുടെ മകളാണ്. ആ സത്യത്തില്‍ നിന്നും എനിക്കൊരിക്കലും ഓടിയൊളിക്കാനാകില്ല. അമ്മ ഇന്ന് ഇവിടെയില്ല. അതിനാല്‍ അതൊരു കുറ്റബോധമായി മനസില്‍ ഇപ്പോഴുമുണ്ട്'' എന്നും ജാന്‍വി പറയുന്നുണ്ട്. മകളുടെ അരങ്ങേറ്റ സിനിമ പുറത്തിറങ്ങും മുമ്പായിരുന്നു ശ്രീദേവിയുടെ മരണം. അതേസമയം ഈയ്യടുത്താണ് ജാന്‍വിയുടെ സഹോദരി ഖുഷി കപൂറും അരങ്ങേറിയത്.


Click it and Unblock the Notifications











