ഇത് വലിയ അവസരമാണ്, എനിക്ക് നിന്നെ അടുത്തറിയണം! കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തി കല്‍ക്കി
തന്റെ അഭിനയ മികവു കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ താരമാണ് കല്‍ക്കി കേക്ല. തെന്നിന്ത്യന്‍ സിനിമകളിലും കല്‍ക്കി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കല്‍ക്കിയെക്കുറിച്ച് പലര്‍ക്കുമുള്ള ധാരണയാണ് കല്‍ക്കി വിദേശിയാണെന്നത്. ആ ധാരണ പകുതി ശരിയാണ്. കല്‍ക്കിയുടെ അച്ഛനും അമ്മയും ഫ്രാന്‍സുകാരാണ്. പക്ഷെ കല്‍ക്കിയുടെ ജനനം പോണ്ടിച്ചേരിയിലായിരുന്നു. വളര്‍ന്നത് ഊട്ടിയിലും.
തന്റെ സ്വത്വം കല്‍ക്കിയ്ക്ക് പലപ്പോഴും പ്രതിസന്ധികള്‍ തീര്‍ത്തിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്ത് പ്രത്യേകിച്ചും. കുടുംബവാഴ്ച ശക്തമായ ഇന്ത്യന്‍ സിനിമാ ലോകത്ത് വിദേശത്തു വേരുകളുള്ള, കാഴ്ചയില്‍ ഇന്ത്യാക്കാരിയല്ലാത്തൊരു പെണ്‍കുട്ടിയെ സംബന്ധിച്ച് അവസരങ്ങള്‍ കിട്ടുക എന്നത് തന്നെ വലിയ പ്രതിസന്ധിയായിരുന്നു. ഇവിടെ നിന്നുമാണ് കല്‍ക്കി തന്റെ കഠിനാധ്വാനത്തിലൂടെ സംവിധായകരുടെ വിശ്വസതയായി മാറുന്നത്.

സിനിമയിലെത്തുന്നതിന് മുമ്പും കല്‍ക്കിയ്ക്ക് ധാരാളം പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. സ്‌കൂളില്‍ കുട്ടികള്‍ തന്നെ അകറ്റി നിര്‍ത്തിയിരുന്നുവെന്നാണ് കല്‍ക്കി പറയുന്നത്. വെള്ളക്കാരിയായതിനാല്‍ തന്നോട് കുട്ടികള്‍ മയക്കുമരുന്ന് ചോദിക്കുന്നതും പതിവായിരുന്നുവെന്നാണ് കല്‍ക്കി പറയുന്നത്. ഒരു അഭിമുഖത്തിലാണ് തന്റെ കൗമാരകാല ഓര്‍മ്മകള്‍ കല്‍ക്കി പങ്കുവച്ചത്.
''പോണ്ടിച്ചേരിയില്‍ ചെറുപ്പത്തില്‍ തന്നെ ആളുകള്‍ എന്നോട് മയക്കുമരുന്ന് ചോദിക്കുമായിരുന്നു. കൂട്ടത്തിലെ ഏക 'വെള്ളക്കാരി' ഞാനായിരുന്നു. വിദേശികളെക്കുറിച്ചുള്ള കാഴ്ചപ്പാട് അതായിരുന്നു. അവര്‍ ബേവാച്ച് കണ്ട് എല്ലാവരും അതുപോലെയാണെന്ന് കരുതി. ഞാന്‍ തമിഴില്‍ മറുപടി നല്‍കിയാല്‍ ഉടനെ അവര്‍ അക്കാ എന്ന് വിളിക്കും. എന്നെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഒറ്റയടിക്ക് മാറും. ഞാന്‍ അവരുടെ ഭാഷയില്‍ സംസാരിച്ചതിനാലാണ് അത്'' എന്നാണ് കല്‍ക്കി പറയുന്നത്.
ദേവ് ഡിയിലൂടെയാണ് കല്‍ക്കി താരമായി മാറുന്നത്. പിന്നീട് യേ ജവാനി ഹേ ദീവാനി, മാര്‍ഗരീറ്റ വിത്ത് എ സ്‌ട്രോ, ദ ഗേള്‍ ഇന്‍ ദി യെല്ലോ ബൂട്ട്‌സ് തുടങ്ങി നിരവധി സിനിമകളിലൂടെ കല്‍ക്കി തന്റെ പ്രതിഭ അടയാളപ്പെടുത്തുകയായിരുന്നു. തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും കല്‍ക്കി മനസ് തുറക്കുന്നുണ്ട്.
''ഞാന്‍ ഒരു സിനിമയ്ക്കായി ഓഡിഷന്‍ ചെയ്തിരുന്നു. എനിക്കത് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. അവര്‍ എന്നെ തിരിച്ചു വിളിച്ചു, നിര്‍മ്മാതാവിനെ കാണണമെന്ന് പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കണ്ടു. ഇത് നിനക്ക് വലിയൊരു അവസരമാകും, ഇതിലൂടെ നീ രക്ഷപ്പെടും. എനിക്ക് നിന്നെ അടുത്തറിയണം എന്നുണ്ട്. നമുക്കൊരു ഡിന്നറിന് പോയാലോ? എന്ന് അയാള്‍ ചോദിച്ചു. എന്നെ ഇതിന് കിട്ടില്ലെന്നും ഞാന്‍ അത്തരക്കാരിയല്ലെന്നും ഞാന്‍ പറഞ്ഞു'' കല്‍ക്കി പറയുന്നു.

തനിക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ചും കല്‍ക്കി തുറന്ന് പറയുന്നുണ്ട്. ''നീ അധികം ചിരിക്കാറില്ല, നിന്റെ പല്ലുകള്‍ വലുതാണ്, ഇങ്ങനെ നമ്മുടെ ശരീരത്തെക്കുറിച്ച് കമന്റുകള്‍ പറയും. അതെല്ലാം കേട്ട് നമ്മള്‍ കോണ്‍ഷ്യസാകും. എനിക്കോര്‍മ്മയുണ്ട്, എനിക്ക് 24 വയസുള്ളപ്പോള്‍ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറഞ്ഞത് നിനക്ക് ഐലൈനര്‍ ചെയ്യാന്‍ പറ്റില്ല, ഒരുപാട് ചുളിവുകളുണ്ടെന്നാണ്'' കല്‍ക്കി പറയുന്നു.
സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും ശക്തമായ സാന്നിധ്യമാണ് കല്‍ക്കി. ഇപ്പോള്‍ ഹിറ്റ് സീരീസ് മെയ്ഡ് ഇന്‍ ഹെവന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് കല്‍ക്കി. എമ്മ ആന്റ് എയ്ഞ്ചല്‍ ആണ് കല്‍ക്കിയുടെ പുതിയ സിനിമ.


Click it and Unblock the Notifications











