ഇവളെ നായികയാക്കരുത്, ആദ്യം ചിത്രത്തോടെ തന്നെ കരിയര്‍ തീരും! അനുഷ്‌കയെക്കുറിച്ച് കരണ്‍ ജോഹര്‍ പറഞ്ഞത്
താരങ്ങളുടെ പാതയിലൂടെ താരങ്ങളുടെ മക്കളും സിനിമയിലേക്ക് എത്തുന്നത് ഒരു പുതിയ സംഭവമല്ല. ബോളിവുഡ് മുതല്‍ മലയാളം സിനിമ വരെ ഇങ്ങനെ കടന്നു വന്ന് താരങ്ങളായി മാറിയ താരങ്ങള്‍ ഒരുപാടുണ്ട്. ഇന്ന് ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്ന പേരാകും കരണ്‍ ജോഹര്‍ എന്നത്. ബോളിവുഡിലെ പല താരപുത്രന്മാരേയും പുത്രിമാരേയും തന്റെ സിനിമകളിലൂടെ ലോഞ്ച് ചെയ്തത് കരണ്‍ ആയിരുന്നു. ആലിയ ഭട്ട് മുതല്‍ അനന്യ പാണ്ഡെ വരെ നീണ്ടു കിടക്കുന്നതാണ് ഇങ്ങനെ കരണ്‍ ലോഞ്ച് ചെയ്തവരുടെ പേരുകള്‍.
എന്നാല്‍ താരകുടുംബങ്ങളില്‍ നിന്നുമല്ലാതെ വരുന്ന ഔട്ട്‌സൈഡറുകള്‍ക്കൊപ്പവും കരണ്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇങ്ങനെ കരണ്‍ തന്റെ സിനിമകളില്‍ നായികയാക്കുകയും കൂടെ അഭിനയിക്കുകയുമൊക്കെ ചെയ്ത താരമാണ് അനുഷ്‌ക ശര്‍മ. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയില്ലാതെ കടന്ന് വന്ന് സ്വന്തമായൊരു ഇടം നേടിയ താരമാണ് അനുഷ്‌ക. അഭിനയം കൊണ്ട് തന്റെ പ്രതിഭ തെളിയിച്ച അനുഷ്‌ക 25-ാം വയസില്‍ തന്നെ നിര്‍മ്മാതാവുമായി മാറിയ നടിയാണ്. ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് അനുഷ്‌ക ശര്‍മ.

ഷാരൂഖ് ഖാന്‍ ചിത്രം രബ് നേ ബനാദി ജോഡിയിലൂടെയായിരുന്നു അനുഷ്‌കയുടെ അരങ്ങേറ്റം. എന്നാല്‍ രസകരമായൊരു വസ്തുത ഈ ചിത്രത്തില്‍ അനുഷ്‌കയെ അഭിനയിപ്പിക്കുന്നതിന് തുടക്കത്തില്‍ കരണ്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആദിത്യ ചോപ്രയോട് അനുഷ്‌കയ്ക്ക് മറ്റൊരാളെ അഭിനയിപ്പിക്കണമെന്ന് കരണ്‍ ആവശ്യപ്പെട്ടിരുന്നു. ആ കഥ വായിക്കാം വിശദമായി തുടര്‍ന്ന്.

രാജീവ് മസന്ദിന് നല്‍കിയൊരു അഭിമുഖത്തിലാണ് ഇതേക്കുറിച്ച് കരണ്‍ മനസ് തുറന്നത്. ''ഞാന്‍ നന്നായി ശ്രമിച്ചിരുന്നു. ഞാന്‍ ആദിത്യയോട് തന്നെ പറഞ്ഞിരുന്നു ഇവളെ അഭിനയിപ്പിക്കരുതെന്ന്. അവന്‍ അനുഷ്‌ക ശര്‍മയുടെ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ നിനക്കെന്താ ഭ്രാന്താണോ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. രബ് നേയുടെ ചിത്രീകരണ സമയത്തും അങ്ങനെ തന്നെയായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. അവള്‍ വധുവിന്റെ വേഷത്തില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ അമ്മയ്ക്കും ഇഷ്ടപ്പെട്ടില്ല. അമ്മ വന്ന് അവള്‍ കഥാപാത്രത്തിലേക്ക് മുഴുകിയിട്ടില്ലെന്ന് എന്നോട് പറഞ്ഞു. അതോടെ ഈ പാവത്തിന് ഈ സിനിമയ്ക്ക് ശേഷം ഒരു കരിയര്‍ ഉണ്ടാകില്ലല്ലോ അതുകൊണ്ട് അവളോട് മാന്യമായി പെരുമാറണമെന്ന് വരെ ഞാന്‍ കരുതിയിരുന്നു. ആദി അവളെ അഭിനയിപ്പിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഇവളില്‍ എന്താണ് ആദി കണ്ടതെന്നായിരുന്നു ഞാന്‍ ആലോചിച്ചത്'' കരണ്‍ പറയുന്നു.

പിന്നീട് സിനിമ കണ്ടപ്പോഴും തനിക്ക് അനുഷ്‌കയുടെ പ്രകടനം ഓക്കെയായിട്ടേ തോന്നിയുള്ളൂവെന്നാണ് കരണ്‍ പറയുന്നത്. എന്നാല്‍ പിന്നാലെ വന്ന ബാന്റ് ബജാ ബാരാത്ത് കണ്ടതോടെ താന്‍ അനുഷ്‌കയുടെ ആരാധകനായി മാറിയെന്നും താന്‍ ഞെട്ടിപ്പോയെന്നുമാണ് കരണ്‍ പറഞ്ഞത്. രണ്‍വീര്‍ സിംഗിന്റെ അരങ്ങേറ്റ സിനിമ കൂടിയായിരുന്നു ബാന്റ് ബജാ ബാരാത്ത്. ചിത്രം വന്‍ വിജയമായി മാറുകയായിരുന്നു. മോഹിത് ശര്‍മ്മയായിരുന്നു സിനിമയുടെ സംവിധാനം. ചിത്രത്തിലെ അനുഷ്‌കയുടെ പ്രകടനവും അനുഷ്‌കയും രണ്‍വീറും തമ്മിലുള്ള കെമിസ്ട്രിയും പാട്ടുകളുമെല്ലാം ഹിറ്റായി മാറുകയായിരുന്നു. ഇതോടെയാണ് അനുഷ്‌കയുടെ കരിയര്‍ മാറി മറയുന്നത്.
Recommended Video

പിന്നീട് അനുഷ്‌കയുടെ പ്രകടനത്തെ പലപ്പോഴും കരണ്‍ പരസ്യമായി തന്നെ അഭിനന്ദിച്ചിട്ടുണ്ട്. അനുഷ്‌കയെ നായികയാക്കി കരണ്‍ തന്നെ സംവിധാനം ചെയ്ത ചിത്രമായിരുന്നു യേ ദില്‍ ഹേ മുഷ്ഖില്‍. രണ്‍ബീര്‍ കപൂറും ഐശ്വര്യ റായ് ബച്ചനുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പിന്നീട് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് ബോംബെ വെല്‍വറ്റില്‍ കരണും അനുഷ്‌കയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. രണ്‍ബീര്‍ കപൂറായിരുന്നു ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications