താൻ പ്രണയിച്ചയാൾ ഇന്ന് കുടുംബത്തിന്റെ ഭാഗമാണെന്ന് കരൺ ജോഹർ; ആളെ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ!
ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ് കരണ്‍ ജോഹര്‍. ബോളിവുഡിന്റെ നെടുംതൂണായാണ് കരണിനെ വിശേഷിപ്പിക്കാറുള്ളത്. അത്രയുമധികം ഹിറ്റുകളാണ് അദ്ദേഹം ബോളിവുഡിന് സമ്മാനിച്ചിട്ടുള്ളത്. അതുപോലെ ബോളിവുഡിൽ ഒരാളെ വളർത്താനും തളർത്താനുമുള്ള കെൽപും കരണിനുണ്ട്. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാമായി അടുത്ത ബന്ധമാണ് കരൺ ജോഹറിനുള്ളത്.
ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന പല സ്റ്റാർ കിഡ്‌സിനെയും കൈപിടിച്ച് ഉയർത്തിയത് കരൺ ജോഹറാണ്. ആലിയ ഭട്ട് ഉൾപ്പടെയുള്ള താരങ്ങൾ കരൺ ജോഹർ സിനിമകളിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. അതുകൊണ്ട് തന്നെ ബോളിവുഡിലെ നെപ്പോട്ടിസത്തിന്റെ പതാകവാഹകന്‍ എന്ന വിമര്‍ശനവും കരണ്‍ ജോഹറിനെതിരെ ഉയരാറുണ്ട്. അതുപോലെ തന്നെ തുറന്നു പറച്ചിലുകളിലൂടെ പലപ്പോഴും വാർത്തകളിൽ നിറയുകയും ചെയ്തിട്ടുണ്ട് കരൺ.

തന്റെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും കരൺ ജോഹർ തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, കരൺ തന്റെ മുൻകാല പ്രണയത്തെ കുറിച്ച് തുറന്നുപറയുകയും താൻ പ്രണയിച്ചയാൾ ഇപ്പോഴും തന്റെ കുടുംബത്തിന്റെ ഭാഗമാണെന്ന് പങ്കുവെക്കുകയും ചെയ്തു. ആ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്.
രൺബീർ കപൂറും അനുഷ്‌ക ശർമ്മയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഏ ദിൽ ഹേ മുഷ്‌കിൽ സിനിമയാക്കാൻ തന്റെ വ്യക്തിജീവിതത്തിലുണ്ടായ ഒരു വൺ സൈഡഡ് പ്രണയമാണ് തന്നെ പ്രേരിപ്പിച്ചതെന്ന് കരൺ ജോഹർ മുൻപ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മിഡ് ഡേയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ആ വൺ സൈഡഡ് പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കരൺ ജോഹർ.
'ആ വ്യക്തി എന്നോട് തികച്ചും സെൻസിറ്റീവ് ആയിരുന്നു, ഒപ്പം എല്ലാ കാര്യങ്ങളിലും അങ്ങേയറ്റം സെന്സിറ്റിവിറ്റിയോടെയാണ് കടന്നുപോയത്, അതിനാൽ തന്നെ എനിക്ക് ആ വ്യക്തിയെ വെറുക്കാനോ നിസ്സംഗത പുലർത്താനോ കഴിയില്ല. ഇന്ന്, ആ വ്യക്തി എന്റെ കുടുംബത്തിന്റെ ഭാഗമാണ്', കരൺ ജോഹർ പറഞ്ഞു. പിന്നാലെ അത് ആരാണെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്രയെക്കുറിച്ചാണ് കരൺ പറയുന്നത് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അവർ കുറെ കാലം ഒപ്പമുണ്ടായിരുന്നുവെന്നും ചിലർ പറയുന്നു.

നേരത്തെ താൻ ജീവിതത്തിൽ പ്രണയിച്ച ഏക സ്ത്രീ ട്വിങ്കിൾ ഖന്നയാണെന്ന് കരൺ ജോഹർ പറഞ്ഞിട്ടുണ്ട്. ട്വിങ്കിളിന്റെ ആദ്യ പുസ്തകമായ മിസിസ് ഫണ്ണിബോൺസിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് തനിക്ക് ട്വിങ്കിളിനോട് ഉണ്ടായ പ്രണയത്തെ കുറിച്ച് കരൺ മനസുതുറന്നത്. 'ആർക്കുമില്ലാത്ത ഒരു അപൂർവത അവളുടെ ജീവ ചരിത്രത്തിലുണ്ട്, അവൾ എന്നെ അവളുമായി പ്രണയത്തിലാക്കി, എന്റെ ജീവിതത്തിൽ ഞാൻ പ്രണയിച്ച ആദ്യത്തേതും, ഏക സ്ത്രീയുമാണ് അവൾ' എന്നായിരുന്നു കരൺ ജോഹറിന്റെ വാക്കുകൾ.
റോക്കി ഔർ റാണി കി പ്രേം കഹാനിയാണ് കരൺ ജോഹർ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. രൺവീർ സിങ്ങും ആലിയ ഭട്ടും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. ഏകദേശം 300 കോടിയോളം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.


Click it and Unblock the Notifications