കരിഷ്മയെ തുടക്കത്തിൽ ആരും പിന്തുണച്ചില്ല, വലിയ താരമാകില്ലെന്ന് പറഞ്ഞു; കാരണം കണ്ണുകൾ: കരീന കപൂർ
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബോളിവുഡിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് കരീന കപൂർ. ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. ചേച്ചി കരിഷ്മ കപൂറിന് പിന്നാലെ സിനിമയിലെത്തിയ കരീനയ്ക്ക് അധികം വൈകാതെ തന്നെ സ്വന്തമായൊരു ഇടം കണ്ടെത്താനായി. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് ബോളിവുഡിലെ നമ്പര്‍ നായികയാകാന്‍ കരീനയ്ക്ക് സാധിച്ചു.
വിവാഹ ശേഷം സാധാരണ നടിമാര്‍ അഭിനയം നിര്‍ത്തുകയോ ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങുകയോ ചെയ്യാറുണ്ട്. എന്നാല്‍ ആ പതിവ് തെറ്റിച്ച് സൂപ്പര്‍ നായികയായി തിളങ്ങുകയാണ് കരീന ഇപ്പോഴും. രണ്ട് കുട്ടികളുടെ അമ്മയായ ശേഷവും കരീനയുടെ സൂപ്പര്‍ നായിക പദവിയ്ക്ക് ഇതുവരെ ഒരു അനക്കവും സംഭവിച്ചിട്ടില്ല. നെറ്റ്ഫ്‌ളിക്‌സിന്റെ ജാനേ ജാന്‍ എന്ന ഷോയിലൂടെ ഓടിടി അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് കരീന കപൂർ.

അഭിഷേക് ബച്ചനൊപ്പം 2000ൽ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് കരീന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പെട്ടെന്നായിരുന്നു കരീനയുടെ വളർച്ച. തന്റെ സഹോദരി കരിഷ്മ കപൂർ കാരണമാണ് തനിക്ക് അത് സാധ്യമായതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കരീന ഇപ്പോൾ. കരിയറിന്റെ തുടക്കത്തിൽ കരിഷ്മ വലിയ താരമാകില്ലെന്ന് പലരും പറഞ്ഞിരുന്നുവെന്നും അവിടെ നിന്ന് സ്വന്തം പ്രയത്നത്തിലൂടെ കരിഷ്മ താരമായി മാറുകയായിരുന്നുവെന്നും കരീന പറഞ്ഞു.
ഇന്ത്യൻ എക്സ്പ്രസിന്റെ ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കരീന കപൂർ. 'ആളുകൾ കരിഷ്മയുടെ അനിയത്തിയായി എന്നെ തിരിച്ചറിയാൻ തുടങ്ങിയത് എന്നെ സഹായിച്ചെന്ന് തോന്നുന്നു. ആദ്യ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ സമയത്ത്, 1998 ലോ 99-ലോ ഒക്കെ തന്നെ കരിഷ്മയുടെ സഹോദരി അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്ന് പലരും പറഞ്ഞു തുടങ്ങിയിരുന്നു', കരീന പറയുന്നു.
പൂച്ചക്കണ്ണുള്ളയാൾ വലിയ താരമാകില്ലെന്ന് ഉൾപ്പടെയുള്ള കമന്റുകൾ തുടക്കകാലത്ത് കരിഷ്മയ്ക്ക് കേൾക്കേണ്ടി വന്നതിനെ കുറിച്ചും സഹോദരി പറഞ്ഞു. 'അവൾ വിത്ത് വിതച്ചു, അതിൽ നിന്ന് ഞാൻ ഒരുപാട് കൊയ്തു. സെറ്റിൽ അവളോടൊപ്പം എത്തിയതിനാൽ ഒരുപാട് എക്സ്പോഷർ സംഭവിച്ചു. അതിനെല്ലാം ഞാൻ അവൾക്ക് ക്രെഡിറ്റ് നൽകണം',
'തുടക്ക സമയത്ത് അവളെ ആരും പിന്തുണച്ചിരുന്നില്ല, പൂച്ചക്കണ്ണുള്ള നടിമാർക്ക് ഒരിക്കലും വലിയ താരങ്ങളാകാൻ കഴിയില്ലെന്ന് പലരും പറഞ്ഞു, അതുകൊണ്ട് അവളെ കാസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞു. കപൂർ കുടുംബത്തിൽ നിന്നുള്ള ആളെന്ന രീതിയിലുള്ള വിലക്കുകളും അവൾക്കുണ്ടായിരുന്നു',

'എന്നാൽ അവൾ അതിനെയെല്ലാം തകർത്തു, അവളുടെ സമർപ്പണവും കഠിനാധ്വാനവും കൊണ്ട് അവൾ ഏറെ മുന്നോട്ട് പോയി, 90 കളിൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമായി. ഒരുപാട് സ്നേഹം ലഭിച്ചു. ഒരുപാട് കൊമേർഷ്യൽ സിനിമകളുടെ ഭാഗമായി, ഞാൻ റെഫ്യൂജിയിലൂടെ ഒരു ബദൽ പാത തിരഞ്ഞെടുത്തു. അവൾ ഒരുപാട് ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചു. ഞങ്ങളുടെ രണ്ടുപേരുടെയും വ്യത്യസ്തമായ വഴികളായിരുന്നു', കരീന കപൂർ പറഞ്ഞു.
1991ൽ പതിനേഴാം വയസ്സിൽ പ്രേം ഖാഇദി എന്ന ചിത്രത്തിലൂടെയാണ് കരിഷ്മ അഭിനയരംഗത്തേക്ക് എത്തുന്നത്. ജിഗർ, രാജാ ബാബു, ആൻഡാസ്, രാജാ ഹിന്ദുസ്ഥാനി, കൂലി നമ്പർ 1, ഹീറോ നമ്പർ 1 തുടങ്ങിയ വമ്പൻ ഹിറ്റുകളുടെ ഭാഗമാകാൻ കരീനയ്ക്ക് കഴിഞ്ഞു. 2003-ലെ കരിഷ്മ: ദി മിറക്കിൾസ് ഓഫ് ഡെസ്റ്റിനി എന്ന ടിവി ഷോയ്ക്ക് ശേഷം വലിയൊരു ഇടവേളയിലേക്ക് പോയ താരം 2012ൽ ഡേഞ്ചറസ് ഇശ്ഖ് എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയെങ്കിലും തുടർന്ന് സജീവമായില്ല. നിലവിൽ മർഡർ മുബാറക്ക് എന്നൊരു ചിത്രം അണിയറയിലുണ്ട്.


Click it and Unblock the Notifications