ജോലിക്കാരിയെ വേറെ ടേബിളില്‍ ഇരുത്തുന്നത് ചോദ്യം ചെയ്ത് മകന്‍; വീട്ടിലെ രീതി മാറി: കരീന
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ഏറെ ആഘോഷിച്ചതാണ്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. തൈമുര്‍ അലി ഖാനും ജഹാന്‍ഗീര്‍ അലി ഖാനും. അച്ഛനേയും അമ്മയേയും പോലെ ചെറിയ പ്രായത്തില്‍ തന്നെ താരങ്ങളായി മാറിയിരിക്കുകയാണ് തൈമുറും ജേഹും. അതേസമയം കരീന ഇപ്പോള്‍ തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ്.
ജാനേ താന്‍ ആണ് കരീനയുടെ പുതിയ സിനിമ. വിജയ് വര്‍മ, ജയ്ദീപ് അഹ്ലാവത് എന്നവരും പ്രധാന വേഷങ്ങൡലെത്തുന്ന സിനിമയുടെ റിലീസ് ഈ മാസം 21 നാണ്. നെറ്റ്ഫ്‌ളിക്‌സ് ചിത്രാണ് ജാനേ ജാന്‍. ഇതിലൂടെ കരീന കപൂറും ഒടിടി ലോകത്തേക്ക് കടന്നു വരികയാണ്. താരം സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുമായി നടക്കുകയാണ്. ഇതിനിടെ കരീന പറഞ്ഞ ചില വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് അഡ്ഡയില്‍ സംസാരിക്കുകയായിരുന്നു കരീന. തങ്ങളുടെ വീട്ടിലെ രംഗമാണ് പരിപാടിയില്‍ കരീന വിശദീകരിച്ചത്. നേരത്തെ വീട്ടില്‍ കുട്ടികളെ നോക്കുന്നവര്‍ ഭക്ഷണം കഴിച്ചിരുന്നത് വേറെ ടേബിളിലായിരുന്നു. എന്നാല്‍ തന്റെ മൂത്ത മകന്‍ തൈമുര്‍ ഈ രീതിയെ ചോദ്യം ചെയ്തുവെന്നാണ് കരീന പറയുന്നത്. ചേട്ടന്റെ പാതയിലൂടെ ജഹാംഗീറും അത് തുടരുകയായിരുന്നുവെന്നാണ് കരീന പറയുന്നത്.
''അവര്‍ ഞങ്ങളുടെ കൂടെ തന്നെയാണ് ഇരിക്കുന്നത്. എന്റെ മക്കളുടെ നാനി അവരുടെ കൂടെയിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഞാനും സെയ്ഫും അതിനെ അങ്ങനെ തന്നെയാണ് സമീപിക്കുന്നത്. നേരത്തെ തൈമുര്‍ അത് ചോദിച്ചിരുന്നു. ജേഹും അത് പിന്തുടര്‍ന്നു. നിങ്ങളെന്തിനാണ് അവിടെ ഇരിക്കുന്നത്, ഇവിടെ വന്നിരിക്കൂവെന്ന് അവര്‍ പറയും'' എന്നാണ് കരീന പറയുന്നത്. അത് പിന്നീട് വീട്ടില്‍ പുതിയൊരു രീതിയ്ക്ക് തുടക്കമായെന്നും താരം പറയുന്നു. ഇപ്പോള്‍ വീട്ടില്‍ എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക.
''ഞങ്ങളുടെ വീട്ടിലെ നിയമമാണത്. കാരണം അവര്‍ ഞങ്ങളുടെ മക്കളെ നോക്കുന്നവരാണ്. ഞാന്‍ ഇല്ലാത്തപ്പോള്‍ എന്റെ മക്കളുടെ കാര്യമെല്ലാം നോക്കുന്നത് അവരാണ്. ആ ബഹുമാനം അവര്‍ക്ക് നല്‍കണമെന്നാണ് ഞാനും സെയ്ഫും കരുതുന്നത്. മിക്കപ്പോഴും ഞങ്ങളെല്ലാം ഒന്നിച്ചു തന്നെയാകും ഉണ്ടാവുക. യാത്ര നടത്തുന്നതും ഒരുമിച്ചാണ്. ഞാന്‍ അവിടെ ഇല്ലാത്തപ്പോള്‍ എനിക്ക് അവരെ നോക്കാനാകില്ല. അതിനെ കണ്ടില്ലെന്ന് നടിക്കാനാകില്ല'' എന്നും കരീന പറയുന്നു.

സെയ്ഫിന്റേയും കരീനയുടേയും ഓഫ് സ്‌ക്രീന്‍ പ്രണയം വലിയ ചര്‍ച്ചയായ വിഷയമാണ്. ഇരുവര്‍ക്കുമിടയിലെ പ്രായ വ്യത്യാസവും മതപരമായ വ്യത്യാസവുമൊക്കെ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഇപ്പോഴും അതേക്കുറിച്ചുള്ള കമന്റുകള്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വരാറുണ്ട്. ഇതേക്കുറിച്ചും കരീന സംസാരിക്കുന്നുണ്ട്.
ഞങ്ങള്‍ രണ്ട് പേരും പരസ്പരം ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ മതവിശ്വാസമോ പ്രായമോ അതില്‍ എങ്ങനെയാണ് പ്രശ്‌നമാകുന്നത് എന്നാണ് കരീന ചോദിക്കുന്നത്. ഇവ ചര്‍ച്ച ചെയ്യേണ്ട കാര്യം പോവുമല്ലെന്നതാണ് കരീനയുടെ നിലപാട്. സെയ്ഫിന്റെ പ്രായം പ്രശ്‌നമല്ലെന്നും കരീന വ്യക്തമാക്കി. മുമ്പത്തേക്കാളും ഹോട്ട് ആണ് അദ്ദേഹം. എനിക്ക് പത്ത് വയസ് കുറവാണെന്നതില്‍ സന്തോഷമുണ്ട്. അദ്ദേഹം ആശങ്കപ്പെടേണ്ടതാണ്. പക്ഷെ അദ്ദേഹത്തിന് 53 വയസായെന്ന് ആരും പറയില്ല. പ്രായം പ്രശ്‌നമല്ല. സ്‌നേഹവും ബഹുമാനവുമാണ് പ്രധാനമെന്നും കരീന കപൂര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications