ചുംബനരംഗം മനപ്പൂര്‍വ്വം തെറ്റിച്ച് നടന്‍, കരണം പുകച്ച് കശ്‌മേര; യൂണിറ്റ് മൊത്തം കയ്യടിച്ചപ്പോള്‍ ഞാന്‍ കരഞ്ഞു!
താരദമ്പതിമാരായ അജയ് ദേവ്ഗണും കജോളും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് പ്യാര്‍ തോ ഹോനാ ഹി ദാ. അനീസ് ബസ്മിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ചിത്രവും നായകന്റേയും നായികയുടേയും ജോഡിയുമൊക്കെ വലിയ ഹിറ്റായി മാറി. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ സംഭവങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയ കശ്‌മേര ഷായും ബിജയ് ആനന്ദും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ചിത്രീകരണത്തെ പോലും ബാധിച്ചിരുന്നു.
ഇപ്പോഴിതാ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് കശ്‌മേര ഷാ. ബിജയും താനും ചുംബിക്കുന്ന രംഗത്തെക്കുറിച്ചാണ് കശ്‌മേര തുറന്ന് സംസാരിക്കുന്നത്. താന്‍ അസ്വസ്ഥയാകുന്നത് കണ്ട് അജയ് ദേവ്ഗണ്‍ ഇടപെട്ടുവെന്നാണ് കശ്‌മേര പറയുന്നത്. ബിജയും കശ്‌മേരയും കാമുകനും കാമുകിയുമായിട്ടാണ് ചിത്രത്തില്‍ അഭിനയിച്ചത്.

''25 വര്‍ഷം മുമ്പ് ചുംബന രംഗം എന്നത് വളരെ വലിയൊരു കാര്യമാണ്. പക്ഷെ തിരക്കഥ ആവശ്യപ്പെടുന്നതിനാല്‍ ഞാന്‍ സമ്മതിച്ചു പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ രംഗം ഒരുപാട് തവണ വീണ്ടും ചിത്രീകരിക്കേണ്ടി വന്നു. എലവേറ്ററില്‍ വച്ചുള്ളതായിരുന്നു രംഗം. ആനന്ദ് അത് ശരിയായല്ല ചെയ്തിരുന്നത്. ആനന്ദിന്റെ ആംഗിളും മൂവ്‌മെന്റുമൊക്കെ ആ രംഗം ചിത്രീകരിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ അവന്‍ എല്ലാത്തവണയും അത് തെറ്റിച്ചു. ഇതോടെ അജയ്ക്ക് ഇടപെടേണ്ടി വന്നു'' എന്നാണ് കശ്‌മേര പറയുന്നത്.
''എനിക്ക് ഈ പെണ്‍കുട്ടിയെക്കൊണ്ട് ഈ രംഗം വീണ്ടും വീണ്ടും ചെയ്യിപ്പിക്കാനാകില്ല. നിനക്ക് ആ മാര്‍ക്കില്‍ തന്നെ നിന്നാല്‍ എന്താണ്? എന്ന് അജയ് ആനന്ദിനോട് ചോദിച്ചു. അവരെ സംബന്ധിച്ച് എന്നെക്കൊണ്ട് അത് വീണ്ടും വീണ്ടും ചെയ്യിപ്പിക്കുക ബുദ്ധിമുട്ടായിരുന്നു. അതിനാലാണ് അവര്‍ എനിക്ക് വേണ്ടി നിലപാടെടുത്തത്'' എന്നാണ് കശ്‌മേര പറയുന്നത്. ഈ സംഭവത്തിന് ശേഷം കശ്‌മേരയുടേയും ആനന്ദിനും മറ്റൊരു ദിവസം മറ്റൊരു രംഗത്തിലും ഒരുമിച്ച് അഭിനയിക്കാനുണ്ടായിരുന്നു. ആ രംഗത്തില്‍ കശ്‌മേര ആനന്ദിന്റെ കരണത്ത് അടിക്കുന്നതാണുള്ളത്.
''ഞാന്‍ അവന്റെ കരണത്ത് നല്ലൊരെണ്ണം പൊട്ടിച്ചു കൊടുത്തു. അവന്‍ എന്റെ അടുത്ത് വന്ന്, എല്ലാവരുടേയും മുന്നില്‍ ച്ച് നിനക്ക് എങ്ങനെ കൊള്ളാതെ മുഖത്ത് അടിക്കണമെന്ന് അറിയില്ലേ എന്ന് ചോദിച്ചു. നിനക്ക് ചുംബന രംഗം തൊടാതെ ചെയ്യാനറിയില്ലേ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. അതായിരുന്നു എന്റെ നിമിഷം. ആ യൂണിറ്റ് മൊത്തം കയ്യടിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞു'' എന്നാണ് കശ്‌മേര പറയുന്നത്.

അതേസമയം ആനന്ദ് സെറ്റില്‍ താരങ്ങളേക്കാള്‍ വലിയ താരജാഡയിലായിരുന്നു നടന്നതെന്നാണ് കശ്‌മേര പറയുന്നത്. തന്റെ സഹായികളെ കൊണ്ട് ചെരുപ്പ് വരെ ഇടുവിപ്പിക്കുമായിരുന്നുവെന്നും താരം പറയുന്നു. അതേസമയം ഈ ചിത്രത്തിന് ശേഷം പിന്നീട് ആനന്ദ് മറ്റൊരു ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. പ്യാര്‍ തോ ഹോനാ ഹീ ദായുടെ സെറ്റില്‍ നടന്ന സംഭവങ്ങളാണ് തന്റെ പിന്മാറ്റത്തിനുള്ള കാരണമായി ആനന്ദ് തന്നെ പറഞ്ഞത്.
''ഞാന്‍ സിനിമ കണ്ടപ്പോള്‍ എനിക്ക് പകരം മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്തിരിക്കുന്നു. വളരെ ദുര്‍ബലമായ ശബ്ദം. എന്റെ ശബ്ദം അങ്ങനേയയല്ല. എനിക്ക് അത് കേട്ടപ്പോള്‍ വേദനയായി. എനിക്ക് ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ തോന്നിയില്ല. അതിന് ശേഷം ഞാന്‍ 17 വര്‍ഷം ബോളിവുഡില്‍ നിന്നും മാറി നിന്നു. എനിക്ക് നെപ്പോട്ടിസം പശ്ചാത്തലവുമില്ല. ഞാന്‍ പുറമേ നിന്നുള്ളവനാണ്. അജയ് ദേവ്ഗണിനെ നന്നായി കാണിക്കാന്‍ എന്നെ ദുര്‍ബലനാക്കിയത് എന്നെ വേദനിപ്പിച്ചു'' എന്നാണ് ആനന്ദ് പറഞ്ഞത്.


Click it and Unblock the Notifications











